ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭ എത്തിക്സ് കമ്മിറ്റി നടപടിക്രമം പാലിച്ചില്ലെന്നും ചട്ടലംഘനം നടത്തിയെന്നും കാട്ടി മഹുവ മൊയ്ത്ര ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു പരാതി നൽകി. കരടു റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തിനൽകിയെന്നാരോപിച്ച മഹുവ, താൻ മുൻപു നൽകിയ പരാതിയിൽ സ്പീക്കർ നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു.

റിപ്പോർട്ടിലെ വിവരങ്ങൾ സ്വകാര്യചാനലുകൾ റിപ്പോർട്ട് ചെയ്തതു പാർലമെന്ററി നടപടിക്രമങ്ങളുടെ ലംഘനമാണ്. താൻ പല പരാതികളും ഉയർത്തിയിട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലിൽ നിന്നാണ് റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ വന്നതെന്നും ഈ ഗ്രൂപ്പിനെതിരെ 13,000 കോടിയുടെ അനധികൃത കൽക്കരി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലവിലുണ്ടെന്നും മഹുവ പറയുന്നു.

രണ്ടാഴ്ചയ്ക്കിടെ 3 യോഗം

ന്യൂഡൽഹി ∙ പരാതി പരിശോധിക്കാൻ ലോക്സഭാ എത്തിക്സ് കമ്മിറ്റി രണ്ടാഴ്ചയ്ക്കിടെ 3 തവണയാണു യോഗം ചേർന്നത്. പരാതിക്കാരനായ നിഷികാന്ത് ദുബെ ഒക്ടോബർ 26ന് മൊഴി നൽകി. നവംബർ 2നു മഹുവയുടെ മൊഴിയും രേഖപ്പെടുത്തി.

ഇന്നലെ ചേർന്ന യോഗം 30 മിനിറ്റ് നീണ്ടു. സമിതി അംഗമായ കോൺഗ്രസ് എംപി എൻ. ഉത്തം കുമാർ റെഡ്ഡി പങ്കെടുത്തില്ല. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുസുർനഗറിൽനിന്നു മത്സരിക്കുന്ന ഉത്തം കുമാർ പത്രിക നൽകുന്നതിനാലാണ് എത്താതിരുന്നത്. ‌

കോൺഗ്രസിന്റെ വി. വൈദ്യലിംഗം, ബിഎസ്‌പിയുടെ ഡാനിഷ് അലി, ജെഡിയുവിന്റെ ഗിരിധാരി യാദവ് എന്നിവർ വിയോജനക്കുറിപ്പു കൈമാറിയിരുന്നു. എത്തിക്സ് കമ്മിറ്റി അധ്യക്ഷന്റെ ചോദ്യങ്ങൾ വളച്ചൊടിച്ചു മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചുവെന്നാരോപിച്ചു ഡാനിഷ് അലിയെ റിപ്പോർട്ടിൽ ശകാരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയും നിയമവശങ്ങൾ പരിഗണിക്കാതെയും അതിവേഗം തയാറാക്കിയ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്നു സിപിഎം എംപി പി.ആർ.നടരാജൻ വിയോജനക്കുറിപ്പെഴുതിയെന്നാണു വിവരം.

English Summary:

Loksabha ethics committee did not follow the procedure alleges Mahua Moitra; complaint given to speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com