അശ്രദ്ധകൊണ്ടുള്ള മരണം: തടവ് 5 വർഷമായി കുറയ്ക്കാൻ പാർലമെന്ററി സമിതി ശുപാർശ
Mail This Article
ന്യൂഡൽഹി ∙ അശ്രദ്ധകൊണ്ടുണ്ടാകുന്ന മരണങ്ങൾക്കു പുതിയ ശിക്ഷാ നിയമത്തിൽ ശുപാർശ ചെയ്തിരിക്കുന്ന 7 വർഷം തടവ് ഉയർന്ന ശിക്ഷയാണെന്നും ഇത് 5 വർഷമായി കുറയ്ക്കണമെന്നും പാർലമെന്ററി സമിതി റിപ്പോർട്ടിൽ ശുപാർശ. ബിജെപി എംപി ബ്രിജ് ലാൽ അധ്യക്ഷനായ, ആഭ്യന്തര മന്ത്രാലയ സമിതി നൽകിയ റിപ്പോർട്ടിലാണു ശുപാർശയുള്ളത്.
ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമചട്ടം, തെളിവു നിയമം എന്നിവയ്ക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബില്ലുകളുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് ഏതാനും ദിവസം മുൻപാണു കമ്മിറ്റി അംഗീകരിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിനു (ഐപിസി) പകരമായി കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിതയിലെ 104(1) വകുപ്പിലാണു അശ്രദ്ധകൊണ്ടുണ്ടാകുന്ന മരണം പ്രതിപാദിക്കുന്നത്. ഐപിസിയിൽ 2 വർഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ ആണു ശിക്ഷ.
എന്നാൽ അശ്രദ്ധകൊണ്ട് അപകടമുണ്ടാകുകയും എന്നാൽ ആളെ രക്ഷിക്കാനോ പൊലിസിൽ അറിയിക്കാനോ ശ്രമിക്കാതെ കടന്നുകളയുന്ന സാഹചര്യത്തിൽ ഈ വകുപ്പു നിലനിർത്തണോ എന്നതു പരിശോധിക്കണമെന്നും സമിതി പറയുന്നു.
വിഷയവിദഗ്ധരും അഭിഭാഷകരും ഉൾപ്പെടെ 19 പേരുടെ അഭിപ്രായം തേടിയെന്നും എല്ലാവരും 3 ബില്ലുകളെയും പിന്തുണച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിഷയവിദഗ്ധരായി ക്ഷണിച്ചവരെ സംബന്ധിച്ചു പല എതിർപ്പുകളും പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയെന്നാണു വിവരം. തൃണമൂൽ അംഗമായ ഡെറക് ഒബ്രയൻ ഏതാനും പേരുകൾ നിർദേശിച്ചിരുന്നുവെങ്കിലും ഇവരെ ക്ഷണിച്ചില്ല. പ്രതിപക്ഷ എംപിമാരുടെ വിയോജിപ്പോടെയാണു സമിതി റിപ്പോർട്ട് അംഗീകരിച്ചത്.