ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു കുടുങ്ങിയ 40 തൊഴിലാളികളെ ഇന്നുച്ചയോടെ പുറത്തെത്തിക്കാനാകുമെന്നു പ്രതീക്ഷ. 3 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ ഇന്നലെയും തുടർന്നു. 150 രക്ഷാപ്രവർത്തകരാണു ദുരന്തസ്ഥലത്തു രാപകൽ അധ്വാനിക്കുന്നത്. കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്.

കുഴൽ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും ലഭ്യമാക്കിയാണ് തൊഴിലാളികളുടെ ജീവൻ നിലനിർത്തുന്നത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനാണു ശ്രമം. തൊഴിലാളികളിലൊരാളായ ഗബ്ബർ സിങ് നേഗിയുമായി മകൻ ആകാശ് വാക്കി ടോക്കി വഴി സംസാരിച്ചു. താൻ സുരക്ഷിതനാണെന്ന് അദ്ദേഹം അറിയിച്ചതായി ആകാശ് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. തൊഴിലാളികളിൽ ജാർഖണ്ഡ് സ്വദേശികളാണേറെയും.

പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അവഗണിച്ച് ഹിമാലയൻ മലനിരകളിൽ തുരങ്കങ്ങൾ നിർമിച്ചതാണ് അപകടത്തിനു കാരണമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ചാർധാം തീർഥാടന റോഡ് പദ്ധതിയുടെ ഭാഗമായി ഉത്തരാഖണ്ഡിൽ പലയിടങ്ങളിൽ തുരങ്കങ്ങൾ നിർമിക്കുന്നുണ്ട്.

English Summary:

Uttarakhand Rescue Operation Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com