ADVERTISEMENT

ചെന്നൈ ∙ അവസാനിക്കാത്ത പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു എൻ.ശങ്കരയ്യയുടെ ജീവിതം. 1938 ൽ സ്വാതന്ത്ര്യസമരത്തിന്റെ കനൽച്ചൂടിൽ മധുരയിൽ വിദ്യാർഥി യൂണിയൻ സെക്രട്ടറിയായി തുടങ്ങിയ പൊതുജീവിതം. സുബ്രഹ്മണ്യഭാരതിയുടെ കവിതകളാൽ പ്രചോദിതനായ ശങ്കരയ്യ, 1939 ൽ നേതാജി സുഭാഷ് ചന്ദ്രബോസ് മധുരയിൽ വന്നപ്പോൾ വിദ്യാർഥി സമ്മേളനം സംഘടിപ്പിച്ച് ബ്രിട്ടിഷ് പൊലീസിന്റെ നോട്ടപ്പുള്ളിയായി.

മധുര അമേരിക്കൻ കോളജിലെ പഠനം പൂർത്തിയാകുംമുൻപേ ജയിലിലായതോടെ, മകനെ അഭിഭാഷകനാക്കണമെന്ന പിതാവിന്റെ ആഗ്രഹം പൊലിഞ്ഞു. 1942 ൽ ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തിരുനെൽവേലിയിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെ പൊലീസിന്റെ ക്രൂര മർദനത്തിരയായി.

കമ്യൂണിസമാണ് തന്റെ രാഷ്ട്രീയമെന്ന് അതിനിടെ തന്നെ ശങ്കരയ്യ തീരുമാനിച്ചിരുന്നു. 1947 ഓഗസ്റ്റ് 14നുള്ള ജയിൽമോചനത്തോടെ ഇടതുവശം ചേർന്നുള്ള രാഷ്ട്രീയയാത്രയുടെ അടുത്ത ഘട്ടമായി. അക്കൊല്ലം പാർട്ടി ഓഫിസിലെ ജാതിമത രഹിത ചടങ്ങിൽ നവമണിയെന്ന ക്രൈസ്തവ യുവതിയെ വിവാഹം കഴിച്ചു.

തമിഴ്‌നാട് നിയമസഭയിൽ എന്നും ജനകീയ വിഷയങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവ് ഏത് ഉയർന്ന പദവിയിലെത്തിയപ്പോഴും ലാളിത്യത്തെ മുറുകെപ്പിടിച്ചു. അതിലെ പ്രത്യയശാസ്ത്രദാർഢ്യം തിരിച്ചറിഞ്ഞതിനാലാകാം, പാർട്ടിയിലുള്ളവർ അദ്ദേഹത്തെ ‘ഉരുക്കുമനുഷ്യൻ’ എന്നു വിളിച്ചു. സജീവ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിരമിച്ച ശേഷവും പാർട്ടി ഓഫിസിലെത്തി ചർ‌ച്ചകളിൽ പങ്കെടുത്തു. 

കേരളമോ ബംഗാളോ അല്ല, തമിഴകമായിരുന്നു തട്ടകം എന്നതാണ് ശങ്കരയ്യയുടെ വളർച്ചയ്ക്കു തടസ്സമായ ഘടകം. വിശിഷ്ട വ്യക്തികൾക്കായുള്ള തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരം ആദ്യം ലഭിച്ചത് ശങ്കരയ്യയ്ക്കാണ്. പാർട്ടിക്കു വേണ്ടി സമർപ്പിത ജീവിതം നയിച്ച നേതാവായിരുന്നു എൻ.ശങ്കരയ്യ എന്നു സിപിഎം പൊളിറ്റ്ബ്യൂറോ അനുസ്മരിച്ചു.

∙ "വ്യക്തിതാൽപര്യത്തിനു മേലെ പാർട്ടിയുടെയും ജനങ്ങളുടെയും താൽപര്യത്തെ ഉയർത്തിപ്പിടിച്ച ജീവിതമായിരുന്നു ശങ്കരയ്യയുടേത്." - മുഖ്യമന്ത്രി പിണറായി വിജയൻ

English Summary:

N Shankaraiah passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com