ADVERTISEMENT

∙ജോളി ആന്റണി പറവൂരിൽ ടൈ‍ൽ പണിക്കാരനാണ്. സന്തോഷ് മുരളി പള്ളുരുത്തി അമ്പലത്തിലെ വാദ്യകലാകാരൻ. സന്തോഷ് പിറവത്ത് ഓട്ടോ ഓടിക്കുന്നു. സെൽവരാഘവൻ ലോഡിങ് തൊഴിലാളി... ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പനോരമയിലെ ഉദ്ഘാടന ചിത്രമായ ‘ആട്ടം’ ഇവരടക്കം 11 നാടകകലാകാരൻമാരുടെ സിനിമയിലെ അരങ്ങേറ്റമാണ്.

ഐനോക്സ് തിയറ്റർ കോംപ്ലക്സിലെ കവാടത്തിനു മുന്നിൽനിന്നു സംവിധായകൻ ആനന്ദ് ഏകർഷി സെൽഫിയെടുക്കുമ്പോൾ ഒരു ചലച്ചിത്ര യാത്രയുടെ സാഫല്യം എല്ലാവരുടെയും മുഖത്തു കാണാം. ലോകധർമിയുടെ സ്ഥാപകൻ പ്രഫ.ചന്ദ്രദാസൻ സംവിധാനം  ചെയ്ത മഹീന്ദ്ര അവാർഡ് നേടിയ ‘കർണഭാരം’ നാടകത്തിലെ സംഘാംഗങ്ങൾക്ക് ഇനി സിനിമയുടെ പുതുവരങ്ങ്.

ലോകധർമിയിലെ തന്നെ കലാകാരനും നടനുമായ വിനയ്ഫോർട്ടിന്റെ ആശയമായിരുന്നു ഈ സിനിമ. ‘സാമ്പത്തികമായി എല്ലാവരെയും സഹായിക്കാനുള്ള ശേഷിയില്ല. നമുക്കൊരു സിനിമ ചെയ്യാം. ആനന്ദ് എഴുതും. ഞാൻ ഒപ്പമുണ്ടാകും ’– അതായിരുന്നു വിനയ് ഫോർട്ടിന്റെ നിർദേശം. സിനിമയിൽ, പുറത്തുനിന്ന് കലാഭവൻ ഷാജോണും നായിക സെറിനും മാത്രം.

‘ഞങ്ങൾക്ക് പരിചിതമായ മേഖല നാടകമായിരുന്നു. ആദ്യ സിനിമയ്ക്കു പ്രമേയമായതും നാടകത്തിന്റെ പശ്ചാത്തലമാണ്.11 പേർക്കും നല്ല പ്രാധാന്യമുള്ള രീതിയിലാണ് തിരക്കഥയെഴുതിയത്. വിനയ് വലിയ പ്രചോദനവുമായി ഒപ്പംനിന്നു. ഒന്നര ലക്ഷം രൂപ കടംവാങ്ങി സിനിമയുടെ10 മിനിറ്റ് ഷൂട്ട് ചെയ്തു നിർമാതാവ് അജിത് ജോയിയെ കാണിച്ചു. അദ്ദേഹം കൈ തന്നു. ലൊസാഞ്ചലസിലെ ഇന്ത്യൻ ചലച്ചിത്ര മേളയിൽ ആട്ടത്തിനു പുരസ്കാരം കിട്ടി. അവിടെനിന്നു മടങ്ങുമ്പോഴാണ് പനോരമയിൽ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത്’– ആനന്ദിന്റെ വാക്കുകളിൽ ആഹ്ലാദം. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലും ആട്ടത്തിന്റെ പ്രദർശനമുണ്ട്.

ഒരുകൂട്ടം കലാകാരൻമാർ നാടകത്തിൽനിന്നു സിനിമ കണ്ടെത്തിയ കഥ ഡോക്യുമെന്ററിയാക്കിയും ചെയ്യുകയാണ് ആനന്ദും കൂട്ടരും.

English Summary:

IFFK Opening film 'Attam'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com