ADVERTISEMENT

സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത, ഏക മലയാളി വനിത, ഏക മുസ്ലിം വനിത, ഗവർണർ സ്ഥാനത്തെത്തുന്ന ഏക മലയാളി വനിത, ആദ്യ മുസ്ലീം വനിത തുടങ്ങിയ റെക്കോർഡുകൾക്കുടമയാണ് ജസ്റ്റിസ് എം. ഫാത്തിമാ ബീവി. 1989 ഒക്ടോബർ 6 മുതൽ 1992ഏപ്രിൽ 29  വരെയാണ് അവർ സുപ്രീംകോടതി ജഡ്ജിയായിരുന്നത്. 

ഇന്ത്യ റിപ്പബ്ലിക്കായതോടെ നിലവിൽ വന്ന സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി വരാൻ 39 വർഷം വേണ്ടിവന്നു. ഇപ്പോൾ 73 വർഷം പിന്നിട്ടിട്ടും ഒരു വനിതാ ചീഫ് ജസ്റ്റീസിനെ ലഭിച്ചിട്ടില്ല. അതിനായി ഇനിയും 4 വർഷം കൂടി കാത്തിരിക്കണം. അതായത് ആകെ 77 വർഷം. ഫെഡറൽ കോടതിയിലും (1937 – 1950) പുരുഷാധിപത്യം തന്നെയായിരുന്നു. 

2027 സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 29 വരെ 36 ദിവസം 55–ാം ചീഫ് ജസ്‌റ്റിസാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ബി.വി. നാഗരത്നയായിരിക്കും പ്രഥമ വനിതാ ചീഫ് ജസ്‌റ്റിസ്. 19–ാം ചീഫ് ജസ്‌റ്റിസ് ഇ.എസ്. വെങ്കട്ടരാമയ്യായുടെ (1989) പുത്രിയാണവർ. ഫാത്തിമാ ബീവിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് വെങ്കട്ടരാമയ്യായാണെന്നുള്ളതും ഒരു പ്രത്യേകതയാണ്. 2021ൽ നാഗരത്നയോടൊപ്പം ജഡ്ജിമാരായ ഹിമ കോലിയും ബേള എം. ത്രിവേദിയുമാണ് നിലവിലുള്ള വനിതാ ജഡ്ജിമാർ.

സുപ്രീംകോടതി ജഡ്ജിയായ രണ്ടാമത്തെ വനിതയെ കുറിച്ചും കേരളത്തിന് അഭിമാനിക്കാം. 1994 – 1999 കാലത്ത് സുപ്രീംകോടതി ജഡ്ജിയായിരുന്ന സുജാതാ വി മനോഹർ അതിനു തൊട്ടുമുൻപ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു. മുംബൈയിൽ ജനിച്ച ഗുജറാത്തിയാണവർ. റുമാ പാൽ (2000 – 2006), ഗ്യാൻ സുധ മിശ്ര (2010 – 2014), രഞ്ജന പ്രകാശ് ദേശായി (2011 – 2014), ആർ. ഭാനുമതി (2014 – 2020), ഇന്ദു മൽഹോത്ര (2018 – 2021), ഇന്ദിര ബാനർജി (2018 – 2022) എന്നിവരാണ് നേരത്തെയുള്ള വനിതാ ജഡ്ജിമാർ.

50 ചീഫ് ജസ്റ്റീസുമാരുൾപ്പെടെ 273 പേരാണ് ഇതുവരെ സുപ്രീംകോടതി ജഡ്ജിമാരായത്. ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് മുതലുള്ള 34 സിറ്റിങ് ജഡ്ജിമാർ ഉൾപ്പെടെയുള്ള കണക്കാണിത്. ഇപ്പോഴുള്ള 3 പേർ ഉൾപ്പെടെ 11 പേർ മാത്രമാണ് വനിതകൾ. 

English Summary:

Only 11 women Judges in Supreme Court of India so far

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com