ADVERTISEMENT

അപ്രതീക്ഷിത തിരിച്ചടികളിൽ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം  നീളുന്നു. രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനം വിജയത്തിലെത്താൻ  മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദൗത്യം വീണ്ടും മുടങ്ങിയത്. 

തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുൻപായിരുന്നു ഇത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം, യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണു പ്രശ്നമായത്. കാഠിന്യമേറിയ അവശിഷ്ടങ്ങൾ തുരക്കാൻ യന്ത്രം സർവശക്തിയുമെടുത്ത് പ്രവർത്തിക്കവേ അടിത്തറ പൂർണമായി തകർന്നു. 

തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിമൂന്നാം ദിവസമാണ്.  ഇവരെ എത്രയും വേഗം പുറത്തെടുക്കാനുള്ള ശ്രമം ഇന്നലെ അർധരാത്രിയിലും തുടർന്നു. ഇനി ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളൂവെന്നും മനസ്സാന്നിധ്യം കൈവിടാതെ കാത്തിരിക്കണമെന്നും തൊഴിലാളികളെ രക്ഷാദൗത്യസംഘം അറിയിച്ചു. സ്ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഇവരുമായി സംസാരിച്ചു.

ബുധനാഴ്ച രാത്രി അവശിഷ്ടങ്ങൾക്കിടയിലെ 8 സ്റ്റീൽ പാളികളിൽ തട്ടി ഡ്രില്ലിങ് മുടങ്ങിയിരുന്നു. തുടർന്ന് 12 മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ ഇന്നലെ രാവിലെ 8 മണിയോടെ രക്ഷാസംഘം അവ അറുത്തുമാറ്റി ഡ്രില്ലിങ് പുനരാരംഭിച്ചു.പിന്നാലെ, വൈകുന്നേരത്തോടെ തൊഴിലാളികൾ പുറത്തെത്തുമെന്ന് ദൗത്യസംഘത്തിന്റെ അറിയിപ്പുമെത്തി. ജീവിതത്തിന്റെ വെളിച്ചത്തിലേക്കെത്തുന്ന തൊഴിലാളികളെ സ്വീകരിക്കാൻ കുടുംബാംഗങ്ങളടക്കം പുറത്തു കാത്തുനിൽക്കവേയാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.  

ഇനിയെന്ത്

∙ യന്ത്രം ഉറപ്പിച്ചു നിർത്തുന്നതിനുള്ള കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയാലേ ഡ്രില്ലിങ് പുനരാരംഭിക്കാനാവൂ. 

∙ കോൺക്രീറ്റിനുള്ള സിമന്റ് മിശ്രിതം ഇന്ന് ഉച്ചയോടെയേ ഉറയ്ക്കൂ. അതിവേഗം ഉറയ്ക്കുന്ന സിമന്റ് ഉപയോഗിക്കുന്നതു പരിഗണിക്കുന്നുണ്ടെങ്കിലും അതിന്റെ ബലം സംബന്ധിച്ച് അധികൃതർക്ക് സംശയങ്ങളുണ്ട്. അതിവേഗ സിമന്റുമായി മുന്നോട്ടു പോയാൽ രാവിലെ 9 മണിയോടെ ഡ്രില്ലിങ് പുനരാരംഭിക്കാം.

∙ ഡ്രില്ലിങ് പുനരാരംഭിച്ചാൽ 5 - 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്. 

English Summary:

Unexpected interruption in the tunnel rescue mission; It is expected that the workers will be brought out by friday evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com