ADVERTISEMENT

ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യ ജി20 അധ്യക്ഷപദവി ഒഴിയുന്ന സന്ദർഭത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെടുവിച്ച സന്ദേശം



ഇന്ത്യ ജി 20 അധ്യക്ഷപദത്തിലെത്തിയിട്ട് ഇന്ന് 365 ദിവസം തികയുകയാണ്. വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതിന്റെ അന്തസ്സത്തയെ പുനരുജ്ജീവിപ്പിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള മുഹൂർത്തമാണിത്.

കഴിഞ്ഞ വർഷം നാം ഈ ചുമതല ഏറ്റെടുക്കുമ്പോൾ ലോകം ബഹുമുഖങ്ങളായ വെല്ലുവിളികളെ നേരിടുകയായിരുന്നു. കോവിഡ് മഹാമാരിയിൽനിന്നുള്ള മുക്തി, കാലാവസ്ഥാ ഭീഷണികൾ, സാമ്പത്തിക അസ്ഥിരത, വികസ്വര രാജ്യങ്ങളുടെ കടബാധ്യത, ക്ഷയിച്ചുവരുന്ന ബഹുസ്വരത. സംഘർഷങ്ങളുടെയും മൽസരങ്ങളുടെയും ഇടയിൽ വികസന സഹകരണം വെല്ലുവിളികൾ നേരിട്ടു, വളർച്ചയ്ക്കു പ്രതിബന്ധങ്ങളുണ്ടായി.

ജി 20 അധ്യക്ഷപദവി സ്വീകരിക്കുമ്പോൾ ഇന്ത്യ ലോകത്തിനു വാഗ്ദാനം ചെയ്തത് നിലവിലുള്ള സ്ഥിതിക്ക് ഒരു ബദലാണ്. ജിഡിപി കേന്ദ്രീകൃത പുരോഗതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃത പുരോഗതിയിലേക്കുള്ള മാറ്റം. ഇന്ത്യ ലോകത്തെ ഓർമിപ്പിക്കാൻ ശ്രമിച്ചത് എന്താണു നമ്മെ ഒന്നിപ്പിക്കുന്നതെന്നാണ്, എന്താണു നമ്മെ ഭിന്നിപ്പിക്കുന്നത് എന്നല്ല. ഒടുവിൽ ലോകം അതു ചർച്ച ചെയ്തു. കുറച്ചു പേരുടെ താൽപര്യങ്ങൾ ഭൂരിഭാഗത്തിന്റെ അഭിലാഷങ്ങൾക്കു വഴിമാറി. അതിന്, നമുക്കറിയാവുന്നതുപോലെ, ബഹുസ്വരതയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമായിരുന്നു.

ഉൾ‌ക്കൊള്ളൽ, ഉൽക്കർഷേച്ഛ, പ്രവർത്തന ക്ഷമത, നിശ്ചയദാർഢ്യം – ഈ നാലു വാക്കുകളാണ് ജി 20 അധ്യക്ഷൻ എന്ന നിലയിൽ നമ്മുടെ സമീപനത്തെ നിർണയിച്ചത്. ഉച്ചകോടിയിലെ ന്യൂഡൽഹി ലീഡേഴ്സ് ഡിക്ലറേഷൻ (എൻഡിഎൽഡി) ജി 20 യിലെ അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചത് ഈ മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയ്ക്കു ലഭിച്ച അംഗീകാരമാണ്.

നമ്മുടെ അധ്യക്ഷപദവിയുടെ കാതൽ എല്ലാവരെയും ഉൾക്കൊള്ളുക എന്നതായിരുന്നു. ആഫ്രിക്കൻ യൂണിയനു സ്ഥിരാംഗത്വം നൽകിയതോടെ 55 ആഫ്രിക്കൻ രാജ്യങ്ങൾ ജി20 യുടെ ഭാഗമായി. അതോടെ ആഗോള ജനസംഖ്യയുടെ 80 ശതമാനത്തിലേക്ക് ജി20 വികസിച്ചു. ഈ നിലപാട് ആഗോള തലത്തിലെ വെല്ലുവിളികളെയും അവസരങ്ങളെയും പറ്റിയുള്ള സമഗ്രമായ ചർ‌ച്ചയ്ക്കു വഴിതെളിച്ചു.

ഇന്ത്യ സംഘടിപ്പിച്ച, രണ്ടു പതിപ്പുകളുള്ള വോയിസ് ഓഫ് ദ് ഗ്ലോബൽ സൗത്ത് സമ്മിറ്റ് ബഹുസ്വരതയുടെ ഒരു പുതിയ പ്രഭാതത്തെ വിളംബരം ചെയ്യുന്നതാണ്. വികസ്വര രാജ്യങ്ങളുടെ ആശങ്കകളെ ഇന്ത്യ രാജ്യാന്തര തലത്തിൽ അവതരിപ്പിക്കുകയും വികസ്വര രാജ്യങ്ങൾ ആഗോളതലത്തിൽ അവരുടെ ഇടം നിർണയിക്കുന്ന ഒരു യുഗത്തിനു തുടക്കമിടുകയും ചെയ്തു.


എല്ലാവരെയും ഉൾക്കൊള്ളുക എന്നത് ജി20 യോടുള്ള ഇന്ത്യയുടെ ആഭ്യന്തര സമീപനത്തിനു പ്രചോദനമായി. ‘ജനങ്ങളുടെ അധ്യക്ഷപദവി’ എന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന വിശേഷണത്തിനു യോജിച്ചതായി. ജൻ ഭാഗിദാരി എന്ന ജനപങ്കാളിത്ത പരിപാടികളിലൂടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പങ്കാളികളാക്കി 140 കോടി ജനങ്ങളിലേക്ക് ജി20 എത്തി. പ്രധാന കാര്യങ്ങളിൽ, ജി20 യുടെ നിലപാടുകളുമായി ചേർന്നുപോകുന്ന വിശാലമായ വികസന ലക്ഷ്യങ്ങളിൽ രാജ്യാന്തരശ്രദ്ധയെത്തുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കി.

2030 ലെ കാര്യപരിപാടിയുടെ നിർണായക മധ്യത്തിൽ, സുസ്ഥിര വികസനലക്ഷ്യങ്ങളുടെ ത്വരിതപുരോഗതിക്കായി ഇന്ത്യ ജി 20 2023 കർമപദ്ധതി അവതരിപ്പിച്ചു. ഒപ്പം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയടക്കം പരസ്പര ബന്ധിതമായ വിഷയങ്ങളിൽ പ്രവർ‌ത്തനാധിഷ്ഠിത സമീപനം കൈക്കൊണ്ടു.  

ഈ പുരോഗതിയിലെ നിർണായക മേഖല കരുത്തുറ്റ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) ആണ്. ഇവിടെ, ഇന്ത്യയ്ക്ക് അതിന്റെ ശുപാർശകളിൽ സുനിശ്ചിതത്വമുണ്ടായിരുന്നു. ആധാർ, യുപിഐ, ഡിജിലോക്കർ തുടങ്ങിയ നൂതന ഡിജിറ്റൽ‌ സംരംഭങ്ങളുടെ വിപ്ലവകരമായ സ്വാധീനത്തിനു രാജ്യം സാക്ഷ്യം വഹിച്ചു. ആഗോള സാങ്കേതികവിദ്യാ സഹകരണരംഗത്തെ നിർണായക ചുവടായ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ റെപ്പൊസിറ്ററി ജി 20 യിലൂടെ ഇന്ത്യയ്ക്കു വിജയകരമായി സാക്ഷാത്കരിക്കാൻ കഴിഞ്ഞു. 16 രാജ്യങ്ങളിൽനിന്നുള്ള അൻപതിലേറെ ഡിപിഐകളുള്ള ഈ റെപ്പൊസിറ്ററി, ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന രാജ്യങ്ങളെ ത്വരിതവളർച്ചയ്ക്കു സഹായിക്കും.

ഒരു ഭൂമി എന്ന നമ്മുടെ ലക്ഷ്യത്തിനായി, അടിയന്തരവും ശാശ്വതവും പക്ഷപാതരഹിതവുമായ മാറ്റങ്ങളുണ്ടാക്കാൻ ഉൾ‌ക്കൊള്ളലും ഉൽക്കർഷേച്ഛയും അടിസ്ഥാനമാക്കിയ ലക്ഷ്യങ്ങൾ നമ്മൾ മുന്നോട്ടുവച്ചു.  ആ പ്രഖ്യാപനത്തിലെ ഹരിതവികസന ഉടമ്പടി, പരിസ്ഥിതിക്കിണങ്ങുന്ന തൊഴിൽ സാഹചര്യവും കാലാവസ്ഥാബോധമുള്ള ഉപഭോഗവും ഭൂസൗഹൃദപരമായ ഉൽപാദനവുമുൾപ്പെടുന്ന സമഗ്രമായൊരു മാർഗരേഖയ്ക്കു രൂപം നൽകിക്കൊണ്ട്, വിശപ്പിനെതിരെ പോരാടുകയും അതേസമയം നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുകയും ചെയ്യുക എന്ന െവല്ലുവിളിയെ അഭിസംബോധന ചെയ്യുന്നു.


അതേസമയം, 2030 ഓടെ ലോകത്തെ പുനരുപയുക്ത ഊർജശേഷി മൂന്നിരട്ടിയാക്കണമെന്നും ജി20 പ്രഖ്യാപനം ആവശ്യപ്പെടുന്നു.
ആഗോള ജൈവഇന്ധന സഖ്യം സ്ഥാപിക്കുകയും ഗ്രീൻ ഹൈഡ്രജനു വേണ്ടിയുള്ള സംയോജിതശ്രമം നടത്തുകയും ചെയ്യുന്നതോടെ, കൂടുതൽ ഹരിതാഭവും മാലിന്യമുക്തവുമായ ഒരു ലോകം സൃഷ്ടിക്കാമെന്ന് ജി20 ആഗ്രഹിക്കുന്നു. ഇതായിരുന്നു എക്കാലത്തും ഇന്ത്യയുടെ സംസ്കൃതി. സുസ്ഥിര വികസനോന്മുഖ ജീവിതശൈലിയിലൂടെ (LiFE) നമ്മുടെ പുരാതനമായ സുസ്ഥിര പാരമ്പര്യം ലോകത്തിനു നേട്ടമാകും.

പരിസ്ഥിതിസംരക്ഷണത്തോടുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ഉച്ചകോടിയുടെ പ്രഖ്യാപനം, അതിനായി വസ്തുതാപരവും സാമ്പത്തികവും സാങ്കേതികവിദ്യാപരവുമായ പിന്തുണ ഗ്ലോബൽ നോർത്തിൽനിന്ന് ആവശ്യപ്പെടുന്നു. വികസനത്തിനുള്ള സാമ്പത്തിക സഹായം ശതകോടികളിൽനിന്ന് ലക്ഷം കോടി ഡോളറാക്കി വർ‌ധിപ്പിക്കേണ്ടതിന്റെ ആവശ്യം ഇതാദ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2030 ഓടെ വികസ്വര രാജ്യങ്ങൾക്ക് അവരുടെ നാഷനലി ഡിറ്റർ‌മൈൻഡ് കോൺട്രിബ്യൂഷൻ‌സ് പൂർ‍ത്തീകരിക്കാൻ 5.9 ട്രില്യൻ ഡോളർ‌ വേണ്ടിവരുമെന്ന് ഉച്ചകോടി വിലയിരുത്തി.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, കൂടുതൽ മികച്ചതും വലുതും കാര്യക്ഷമവുമായ മൾട്ടിലാറ്ററൽ ഡവലപ്മെന്റ് ബാങ്കുകളുടെ പ്രാധാന്യത്തിലാണ് ജി 20 ഊന്നൽ കൊടുത്തത്. ഐക്യരാഷ്ട്ര സംഘടനയിൽ, പ്രത്യേകിച്ച് രക്ഷാസമിതി അടക്കമുള്ളവയുടെ പുനഃസംഘടനയിൽ ഇന്ത്യ സജീവമായ പങ്കുവഹിക്കുന്നത് സമത്വാധിഷ്ഠിതമായ ഒരു പുതിയ ലോകക്രമം ഉറപ്പുവരുത്തും.

ഉച്ചകോടിയുടെ പ്രഖ്യാപനത്തിലെ പ്രധാന ഘടകമായ ലിംഗസമത്വം, അടുത്ത വർഷത്തോടെ സ്ത്രീശാക്തീകരണത്തിനുള്ള കർമ സേനയുടെ രൂപീകരണത്തോടെ പൂർണതയിലെത്തും. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണബിൽ 2023 വനിതകൾ നയിക്കുന്ന വികസനം എന്ന ആശയത്തോടുള്ള നമ്മുടെ പ്രതിബദ്ധത വെളിവാക്കുന്നു.

നയങ്ങളുടെ യോജിപ്പ്, വ്യാപാരരംഗത്തെ പരസ്പരവിശ്വാസം, കാലാവസ്ഥാ കർമപദ്ധതി  എന്നിവയിലുള്ള സഹകരണത്തിനു തെളിവാണ് ന്യൂഡൽഹി പ്രഖ്യാപനം. നമ്മൾ അധ്യക്ഷപദവിയിലിരിക്കെ 87 പ്രഖ്യാപനങ്ങളും 118 അംഗീകരിക്കപ്പെട്ട രേഖകളും പുറത്തിറക്കാനായത് നമ്മളുടെ നേട്ടമാണ്.

നമ്മുടെ ജി 20 അധ്യക്ഷപദവിക്കാലയളവിൽ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സാമ്പത്തിക വളർച്ചയിലും വികസനത്തിലും അവയുടെ സ്വാധീനവും സംബന്ധിച്ച ചർച്ചകൾക്ക് ഇന്ത്യ നേതൃത്വം നൽകി. ഭീകരവാദവും ജനങ്ങളെ കൊലപ്പെടുത്തുന്നതും സ്വീകാര്യമല്ല. അത്തരം നീക്കങ്ങളോട് ഒട്ടും സഹിഷ്ണുത വേണ്ടെന്ന നയമാണ് നമ്മുടേത്. നമ്മൾ വിദ്വേഷത്തിനെതിരെ മാനുഷികത ഉയർത്തിപ്പിടിക്കുകയും ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്ത് അസാധാരണമായ നേട്ടങ്ങളാണുണ്ടായത്. ബഹുസ്വരതയെ ഊട്ടിയുറപ്പിച്ചു, ഗ്ലോബൽ സൗത്തിന്റെ ഉറച്ച ശബ്ദമായി, വികസനനേട്ടം കൊയ്തു, സ്ത്രീശാക്തീകരണത്തിനായി പോരാടി.

മനുഷ്യനും ഭൂമിക്കും സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇന്ത്യ നടത്തിയ ചുവടുവയ്പുകൾ വരുംകാലത്ത് മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയോടെയും സന്തോഷത്തോടെയും ആണ് അധ്യക്ഷപദവി നാം ബ്രസീലിനു കൈമാറുന്നത്.

English Summary:

PM's note on India's G20 Chairmanship: India's G20 Presidency and the Dawn of a New Multilateralism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com