17 ദിവസം നീണ്ട കഠിനപ്രയത്നം...; ജീവൻ പണയംവച്ച് രക്ഷാദൗത്യം
Mail This Article
സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ ദൗത്യസംഘം 17 നാൾ തീവ്രപ്രയത്നം നടത്തിയത് സ്വജീവൻ പണയംവച്ച്. ഏതു നിമിഷവും മണ്ണിടിച്ചിലിനു സാധ്യതയുള്ള അതീവ പരിസ്ഥിതിലോല പ്രദേശമായ ഹിമാലയൻ മലനിരകളിൽ നാനൂറിലേറെ മണിക്കൂറാണ് ദൗത്യസംഘം രാപകൽ അധ്വാനിച്ചത്.
തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമത്തിനിടെ ഒരുതവണ ഇവർക്കുമേൽ മണ്ണിടിയുകയും ചെയ്തു. പിന്നാലെ തുരങ്കം ബലപ്പെടുത്തിയ സംഘം, മണ്ണിടിച്ചിലുണ്ടായാൽ സ്വയം പുറത്തിറങ്ങുന്നതിനു മറ്റൊരു കുഴൽ സ്ഥാപിച്ച ശേഷമാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.
കൊടുംതണുപ്പും പൊടിയും വകവയ്ക്കാതെ അവർ തുരങ്കത്തിനുള്ളിൽ നിലയുറപ്പിച്ചു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഏകോപനത്തിൽ പോരായ്മകളുണ്ടായപ്പോഴും ഒന്നിനു പിറകെ ഒന്നായി പ്രതിബന്ധങ്ങൾ വന്നപ്പോഴും മനസ്സു മടുക്കാതെ അവർ തുരങ്കത്തിൽ നിന്നു. രക്ഷാകുഴലിനുള്ളിൽ നുഴഞ്ഞുകയറി ഗ്യാസ് കട്ടറുകൾ കൊണ്ട് തടസ്സങ്ങൾ നീക്കി. എന്നിട്ടും വഴിമാറാതെ നിന്ന അവശിഷ്ടങ്ങളിൽ കമ്പിപ്പാരകൊണ്ട് മണിക്കൂറുകളോളം ആഞ്ഞുകുത്തി. 80 സെന്റിമീറ്റർ മാത്രം വ്യാസമുള്ള കുഴലിൽ തലയുയർത്താൻ പോലുമാകാതെ കുനിഞ്ഞിരുന്നാണ് ഇതെല്ലാം ചെയ്തത്.
ഓപ്പറേഷൻ സുരംഗ് (തുരങ്കം) രക്ഷാദൗത്യത്തിൽ ചേരാൻ സ്വയംസന്നദ്ധനായാണ് ഇവിടെയെത്തിയത്. വർഷങ്ങൾക്കു മുൻപ് ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അനുഭവപരിചയമുണ്ടായിരുന്നു. സിൽക്യാര ദൗത്യം അതീവ ദുഷ്കരമായിരുന്നു. 60 മീറ്റർ നീളത്തിൽ അവശിഷ്ടങ്ങളുടെ മലയായിരുന്നു തുരങ്കത്തിനുള്ളിൽ. കോൺക്രീറ്റും സ്റ്റീലും ഇരുമ്പും യന്ത്രഭാഗങ്ങളും നിറഞ്ഞ കൂമ്പാരം.ശ്വാസംമുട്ടിക്കുന്ന പൊടിയും.
∙ അവശിഷ്ടങ്ങൾക്കപ്പുറമുള്ള തൊഴിലാളികളിലേക്ക് 6 ഇഞ്ച് വ്യാസമുള്ള പൈപ്പിടാൻ സാധിച്ചത് രക്ഷാദൗത്യത്തിൽ വഴിത്തിരിവായി. ഭക്ഷണം നൽകുകയായിരുന്നു പൈപ്പിന്റെ പ്രാഥമിക ലക്ഷ്യമെങ്കിലും അതിലൂടെ ഒരു ക്യാമറ കടത്തിവിട്ടു; പിന്നാലെ ഇന്റർനെറ്റ് കേബിളും. ഈ ക്യാമറയിലൂടെയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകം കണ്ടത്. സംസാരിക്കാൻ വോക്കിടോക്കിയും പൈപ്പിലൂടെ നൽകി. തൊഴിലാളികളുമായി ആശയവിനിമയം സാധ്യമായതോടെ അവർക്ക് ആത്മവിശ്വാസം പകരാനും ദൗത്യവിവരങ്ങൾ അറിയിക്കാനും സാധിച്ചു. - രഞ്ജിത് ഇസ്രയേൽ (ദേശീയ ദുരന്ത നിവാരണ സേനയ്ക്കൊപ്പം രക്ഷാദൗത്യത്തിൽ പങ്കാളി. തിരുവനന്തപുരം വിതുര സ്വദേശി)
∙ യുഎസ് നിർമിത ഓഗർ ഡ്രില്ലിങ് യന്ത്രമാണ് ഞാനുപയോഗിച്ചത്. അവശിഷ്ടങ്ങൾ തുരക്കുന്നതിനിടെ മൂന്നു തവണ യന്ത്രത്തിന്റെ ബ്ലേഡുകൾ ഒടിഞ്ഞു. വെല്ലുവിളികളെല്ലാം അതിജീവിച്ച് സാവധാനം മുന്നോട്ടു നീങ്ങി. അവശിഷ്ടങ്ങൾക്കിടയിലെ വലിയ പാറകളെല്ലാം പൊടിച്ചുനീക്കി. എന്നാൽ, സ്റ്റീൽ പാളികളിൽ തട്ടി യന്ത്രം നിലച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ച് അവ മുറിക്കാനുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ ശ്രമം ഫലംകണ്ടില്ല. തുടർന്ന് ഞങ്ങൾക്കൊപ്പമുള്ള 2 പേർ കുഴലുകൾക്കുള്ളിലൂടെ നിരങ്ങി നീങ്ങി. രാത്രി മുതൽ രാവിലെ വരെ നീണ്ട അധ്വാനത്തിനൊടുവിൽ പാളികളെല്ലാം മുറിച്ചുനീക്കിയതോടെ ഡ്രില്ലിങ് തുടരാൻ വഴിയൊരുങ്ങിയെങ്കിലും യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം തകർന്നതു വീണ്ടും തിരിച്ചടിയായി.
യന്ത്രം ഉപയോഗിക്കുമ്പോഴുള്ള പ്രകമ്പനത്തിലാണ് ഇതു തകർന്നത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ ഇതു പരിഹരിച്ച് യന്ത്രം പ്രവർത്തനം ആരംഭിച്ച് ഒരു മണിക്കൂറിനകം വീണ്ടും പ്രശ്നം; കുഴലിനുള്ളിൽ യന്ത്രം കുരുങ്ങി. അപ്പോഴേക്കും തൊഴിലാളികളിൽനിന്ന് 10 മീറ്റർ അകലെ വരെ കുഴലെത്തിച്ചിരുന്നു. തുടർന്ന് ഇഞ്ചിഞ്ചായി മുന്നോട്ടുനീക്കി കുഴൽ അവരിലേക്കെത്തിച്ചു. - കൃഷ്ണൻ ഷൺമുഖം (തുരങ്കത്തിലെ അവശിഷ്ടങ്ങൾ തുരക്കാനുള്ള ഡ്രില്ലിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ, തമിഴ്നാട് തിരുനെൽവേലി സ്വദേശി)