ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അരനൂറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതം വെളിവാക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ, പ്രതിപക്ഷ ഐക്യം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യം നേതാക്കൾ ഊന്നിപ്പറഞ്ഞു. ‘മല്ലികാർജുൻ ഖർഗെ: പൊളിറ്റിക്കൽ എൻഗേജ്മെന്റ് വിത് കംപാഷൻ, ജസ്റ്റിസ്, ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെന്റ്’ എന്ന പുസ്തകം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പ്രകാശനം ചെയ്തു.

5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഫലം കണ്ടില്ലെങ്കിലും നേതാക്കൾക്കിടയിലെ ഊഷ്മളതയ്ക്ക് കുറവുണ്ടായില്ലെന്നു തെളിയിക്കുന്നതായിരുന്നു പുസ്തക പ്രകാശനവേളയിൽ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ. തെലങ്കാനയിൽ ഉൾപ്പെടെ സീറ്റ് പങ്കിടുന്നതിൽ കോൺഗ്രസ് കാട്ടിയ വൈമുഖ്യം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രസംഗത്തിൽ സൂചിപ്പിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇന്ത്യ സഖ്യം യാഥാർഥ്യമായില്ലെന്ന് തുറന്നു പറയാൻ ഖർഗെ മടിച്ചില്ലെന്നതും ഇത് അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കുള്ള തെളിവാണെന്നും യച്ചൂരി പറഞ്ഞു. പൊതുജീവിതത്തിൽ ഖർഗെ കാട്ടുന്ന പക്വതയെക്കുറിച്ചായിരുന്നു ഡിഎംകെ നേതാവ് ടി.ആർ. ബാലു സംസാരിച്ചത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കരുത്താണ് ഖർഗെയുടെ നേതൃത്വമെന്ന് ആർജെഡിയിലെ മനോജ് ഝാ പറഞ്ഞു. സുപ്രധാനമായൊരു ഘട്ടത്തിലാണ് ഖർഗെ പാർട്ടിയെ മുന്നിൽനിന്നു നയിക്കുന്നതെന്നായിരുന്നു സോണിയയുടെ പ്രതികരണം. സംഘാടന മികവുള്ള ഖർഗെ തന്നെയാണ് ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനു യോജിച്ചയാളെന്നും സോണിയ പറഞ്ഞു. 

ബിജെപിക്കെതിരായ പോരാട്ടത്തിന്റെ ആവശ്യത്തെക്കുറിച്ചായിരുന്നു ഖർഗെയുടെയും പ്രസംഗം. ഖർഗെയെക്കുറിച്ചു വിവിധ നേതാക്കൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് സുഖ്ദേവ് തോറാട്ട്, ചേതൻ ഷിൻഡെ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത പുസ്തകം.

English Summary:

Sonia Gandhi releases book on Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com