ADVERTISEMENT

ഒൻപതര വയസ്സുള്ള കുട്ടിക്ക് അച്ഛനോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടമെന്ന കുഴക്കുന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള മത്സരമാണു തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഒൻപതര വർഷം മുൻപു നിലവിൽ വന്ന സംസ്ഥാനത്തിന്റെ രൂപീകരണത്തിനു പോരാടിയ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു തെലങ്കാനയുടെ പിതാവാണെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ബിആർഎസ് പറയുന്നു.തങ്ങളാണു സംസ്ഥാനം അനുവദിച്ചതെന്നും സോണിയാ ഗാന്ധി തെലങ്കാനയുടെ മാതാവാണെന്നും കോൺഗ്രസും. തെലങ്കാന പിറക്കുന്നതോടെ ഒന്നിക്കുമെന്നു പ്രഖ്യാപിച്ച ബിആർഎസും കോൺഗ്രസും രണ്ടു ചേരികളിലായപ്പോൾ ‘കുട്ടി’യുടെ ഇഷ്ടം നേടാൻ സമ്മാനങ്ങൾ മത്സരിച്ചു പ്രഖ്യാപിക്കുന്നു. 

ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിൽ ബിആർഎസിനെ പിന്തുണച്ച തെലങ്കാനയിൽ ഭരണവിരുദ്ധ വികാരം പ്രകടം. വീണിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റു തെലങ്കാനയിൽ കരുത്താർജിച്ച കോൺഗ്രസിന്, ബിആർഎസിന്റെ  സംഘടനാസംവിധാനം മറികടന്ന് ഈ അനിഷ്ടം വോട്ടാക്കിമാറ്റാനാകുമോ എന്നതിലാണ് ആകാംക്ഷ. പോരാട്ടം കോൺഗ്രസും ബിആർഎസും തമ്മിലായതോടെ പിന്തള്ളപ്പെട്ടെങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകളും 119 മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ വിധിയിൽ നിർണായകമാവും. 

∙ തുറുപ്പുചീട്ട് തെലങ്കാന വികാരം 

അവിഭക്ത ആന്ധ്രപ്രദേശിലെ തിരഞ്ഞെടുപ്പുകളിൽ തെലങ്കാന മേഖലയിൽ മാറി മാറി ഭൂരിപക്ഷം നേടിയതു കോൺഗ്രസും ടിഡിപിയുമായിരുന്നു. എന്നാൽ, തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള രണ്ടു തിരഞ്ഞെടുപ്പിലും ടിആർഎസ് (ഇപ്പോൾ ബിആർഎസ്) മുന്നിലെത്തി. തെലങ്കാന രൂപീകരണത്തിനു കെ.ചന്ദ്രശേഖർ റാവു നടത്തിയ പോരാട്ടത്തിന്റെ ചിറകിലേറിയായിരുന്നു രണ്ടു ജയങ്ങളും. അതേ തെലങ്കാന വികാരം വോട്ടാക്കിമാറ്റാനുള്ള ശ്രമമാണ് ഈ തിരഞ്ഞെടുപ്പിലും.    

കെസിആർ ഭരണകാലത്തെ തെലങ്കാനയുടെ വികസനവും പ്രചാരണവിഷയമാണ്. കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമായി നടപ്പാക്കിയ ധനസഹായ പദ്ധതികൾ, ക്ഷേമപെൻഷൻ, വിവാഹധനസഹായം എന്നിവ നേട്ടമാക്കി ഉയർത്തിക്കാട്ടുന്നു. എന്നാൽ, തെലങ്കാനയെക്കാൾ വികസിച്ചതു കെസിആറിന്റെ കുടുംബമാണെന്ന ആരോപണം മറുവശത്തുണ്ട്. കെസിആറും മക്കളും അനന്തരവനും ചേർന്ന കുടുംബഭരണമാണ് നടക്കുന്നതെന്ന അതൃപ്തി പാർട്ടിക്കുള്ളിലുണ്ട്. കാലേശ്വരം അണക്കെട്ട് ഉൾപ്പെടെ പല പദ്ധതികളിലും ശതകോടികളുടെ അഴിമതിയാരോപണവും ഉയരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതിൽ യുവാക്കൾക്കിടയിലും അസ്വസ്ഥത. അപ്പോഴും, ക്ഷേമപദ്ധതികളുടെ ആനുകൂല്യം പറ്റിയ സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന കർഷകർ തങ്ങൾക്ക് അനുകൂലമായി ചിന്തിക്കുമെന്ന പ്രതീക്ഷയുണ്ട് ബിആർഎസിന്. 

∙ 3 യാത്രകൾ, 6 ഉറപ്പുകൾ 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ മൂന്നു യാത്രകളും എ.രേവന്ത് റെഡ്ഡിയെന്ന ഊർജം പ്രവഹിക്കുന്ന നായകനും ചേർന്നാണ് ഉയിർത്തെഴുന്നേൽപിച്ചത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലായിരുന്നു തുടക്കം. പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർക 108 ദിവസംകൊണ്ടു നടത്തിയ 1364 കിലോമീറ്റർ പദയാത്ര  സർക്കാരിനെതിരെയുള്ള വികാരമുണർത്തി. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി നടത്തിയ വിജയഭേരി യാത്ര പ്രവർത്തകർക്കിടയിൽ ആവേശം വിതച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തിരിച്ചുവരവും തെലങ്കാനയിൽ ചലനമുണ്ടാക്കി. കർണാടക മാതൃകയിൽ 6 ഉറപ്പുകൾ പ്രഖ്യാപിച്ചാണു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കർണാടകയിൽ കോൺഗ്രസ് പ്രചാരണം ഏകോപിപ്പിച്ച സുനിൽ കനുഗോലു തന്നെയാണ് തെലങ്കാനയിലും   വാർ റൂം നിയന്ത്രിക്കുന്നത്. 

∙ വോട്ടുചോർത്തുമോ ബിജെപി? 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രം വിജയിച്ച ബിജെപി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2020ലെ ഹൈദരാബാദ് കോർപറേഷൻ തിരഞ്ഞെടുപ്പിലും കരുത്തുകാട്ടി. എന്നാൽ, കർണാടകയിലെ തിരിച്ചടിയും തെലങ്കാനയിലെ കോൺഗ്രസിന്റെ തിരിച്ചുവരവും ബിജെപിയെ പിന്നോട്ടടിച്ചു.   ഒബിസി വിഭാഗത്തിൽനിന്നുള്ള മുൻ ബിആർഎസ് നേതാവ് ഈട്ടല രാജേന്ദറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി അവതരിപ്പിച്ച് പിന്നാക്ക വിഭാഗങ്ങളെ ആകർഷിക്കാൻ ബിജെപി ശ്രമിക്കുന്നു. ബിജെപിക്കു സാമാന്യം ശക്തിയുള്ള 42 മണ്ഡലങ്ങളിൽ ത്രികോണ മത്സരമെന്ന പ്രതീതിയുണ്ട്. 

∙ കണക്കുനോക്കി സമ്മാനമഴ 

ജനസംഖ്യയിൽ 52 % ഒബിസി വിഭാഗങ്ങളാണ്. 10% പട്ടികജാതി, 15% പട്ടികവർഗ വിഭാഗങ്ങൾ. എന്നാൽ, ഇതൊന്നുമല്ലാത്ത 23 ശതമാനത്തിൽ നിന്നാണ് മിക്ക പാർട്ടികളുടെയും ഭൂരിപക്ഷം സ്ഥാനാർഥികളും. റെഡ്ഡി, വേലമ്മ (റാവു) വിഭാഗങ്ങളാണ് സ്ഥാനാർഥിപ്പട്ടികയിൽ കൂടുതൽ. ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്കായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചാണ് മുന്നാക്ക സ്ഥാനാർഥികൾ വോട്ടുനേടുന്നത്. കർഷകരെ ആകർഷിക്കാനും  മത്സരിച്ച് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 56 ലക്ഷം കർഷകരാണു സംസ്ഥാനത്തുള്ളത്. 3.17 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 56 ലക്ഷം കർഷക കുടുംബങ്ങളുടെ വോട്ടിന്റെ മൂല്യം പാർട്ടികൾക്കറിയാം. വിളകളുടെ വിലനിലവാരം അറിയാൻ തെലങ്കാനയിലെ പാടത്തുനോക്കിയാൽ മതി. വിലയിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് നെല്ല് മഞ്ഞളിനും മഞ്ഞൾ മണിച്ചോളത്തിനും വഴിമാറും. വിലനോക്കി വിത്തെറിയുന്ന കർഷക മനസ്സ് ഇത്തവണ ആരുടെ മോഹവിലയിൽ വീഴുമെന്ന് ഡിസംബർ മൂന്നിന് അറിയാം.

ചെറുപാർട്ടികളുടെ ഗെയിംപ്ലാൻ 

ജനസംഖ്യയിൽ 7% വരുന്ന ന്യൂനപക്ഷങ്ങളുടെ വോട്ടും നിർണായകം. കർണാടകയിൽ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായത് തെലങ്കാനയിലും ആവർത്തിക്കുമെന്നു കോൺഗ്രസ് കരുതുന്നു. അതേസമയം, 9 സീറ്റുകളിൽ മത്സരിക്കുന്ന അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം കോൺഗ്രസിനു ഭീഷണിയാണ്. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ഇവർ ബിആർഎസിനെ പിന്തുണയ്ക്കുന്നു. 19 മണ്ഡലങ്ങളിൽ തനിച്ചു മത്സരിക്കുന്ന സിപിഎം ഖമ്മം, നൽഗോണ്ട മേഖലകളിൽ കോൺഗ്രസിനു വെല്ലുവിളിയുയർത്തുന്നു.

തെലങ്കാനക്കാർക്കിടയിലെ ആന്ധ്രാവിരുദ്ധ വികാരം മനസ്സിലാക്കി ടിഡിപി ഇത്തവണ മത്സരരംഗത്തില്ല. കഴി‍ഞ്ഞ തവണ ടിഡിപിയുമായി കൈകോർത്തതു തിരിച്ചടിയായെന്നു മനസ്സിലാക്കിയ കോൺഗ്രസ്, ഈ ആന്ധ്രാവിരുദ്ധ വികാരം മുൻകൂട്ടി കണ്ടാണു വൈ.എസ്.ശർമിളയുടെ പാർട്ടിയുമായുള്ള ലയനനീക്കം ഉപേക്ഷിച്ചത്. കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ശർമിള സജീവമല്ല. നടൻ പവൻ കല്യാണിന്റെ ജനസേനാ പാർട്ടി ബിജെപി സഖ്യത്തിൽ 8 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹം ബിജെപി വേദികളിൽ നിന്നു വിട്ടുനിൽക്കുന്നതും ഇതേ ആന്ധ്രാവിരുദ്ധ വികാരം കണക്കിലെടുത്തു തന്നെ.  

English Summary:

Telangana assembly election 2023 tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com