ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിൽ 10 പേരടങ്ങുന്ന അക്രമിസംഘം ബാങ്കിൽ നിന്ന് 19 കോടി രൂപയോളം കൊള്ളയടിച്ചു. ഇംഫാലിൽ നിന്ന് 80 കിലോമീറ്റർ അകലെ ഉഖ്റുൽ ജില്ലയിലെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ വ്യൂലാൻഡ് ശാഖയാണ് കൊള്ളയടിക്കപ്പെട്ടത്. മുഖംമൂടിയണിഞ്ഞ ആയുധധാരികളായ അക്രമികൾ വ്യാഴാഴ്ച വൈകിട്ട് 5.40നാണ് ബാങ്കിലെത്തിയത്. ജീവനക്കാരെയും സുരക്ഷാഭടന്മാരെയും ശുചിമുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പ്രധാന ഉദ്യോഗസ്ഥരെ തോക്കുചൂണ്ടി ലോക്കർ തുറപ്പിച്ചാണ് പണം കവർന്നത്. 18.85 കോടി രൂപയാണ് നഷ്ടമായതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. 

മണിപ്പുരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണിത്. തിരക്കേറിയ സ്ഥലത്തുള്ള ബാങ്കിൽ നടന്ന കവർച്ചയിൽ ദുരൂഹതയുണ്ട്. മണിപ്പുർ റൈഫിൾസിലെ 8 സുരക്ഷാഭടന്മാർ ഉണ്ടായിരുന്നിട്ടും കവർച്ച നടന്നതെങ്ങനെയെന്ന് വ്യക്തമല്ല. ബാങ്കിന്റെ മുൻവാതിൽ അടച്ച ശേഷമാണ് അക്രമിസംഘം എത്തിയത്. കാവൽക്കാരെ ഭീഷണിപ്പെടുത്തി പിൻവാതിൽ വഴി അകത്തുകടന്ന് 10 മിനിറ്റ് കൊണ്ടാണ് കവർച്ച നടത്തിയത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. മണിപ്പുരിൽ വംശീയ കലാപം നടന്ന സമയത്ത് പൊലീസ് കേന്ദ്രങ്ങൾ ആക്രമിച്ച് ആയുധങ്ങൾ കവർച്ച ചെയ്തിരുന്നു. ഈ ആയുധങ്ങളാണോ അക്രമികൾ ഉപയോഗിച്ചതെന്ന് സംശയമുണ്ട്. മേയിലെ കലാപത്തിനിടയിൽ ചുരാചന്ദ്പുരിൽ ആക്സിസ് ബാങ്ക് കൊള്ള ചെയ്ത് ഒരു കോടി കവർന്നിരുന്നു.

English Summary:

Massive bank robbery in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com