പന്നുവിനെ വധിക്കാൻ ശ്രമം, ഒരു ലക്ഷം യുഎസ് ഡോളറിനു ക്വട്ടേഷൻ; ഇന്ത്യക്കാരനെതിരെ യുഎസ് കോടതിയിൽ കുറ്റപത്രം
Mail This Article
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചുവെന്ന ആരോപണത്തിനു തെളിവായി യുഎസ് കോടതിയിലെ കുറ്റപത്രം പുറത്തുവന്നു. മൻഹാറ്റനിലെ കോടതിയിൽ നിഖിൽ ഗുപ്ത എന്ന ഇന്ത്യക്കാരനെതിരെയുള്ള കുറ്റപത്രത്തിലാണു ഗുരുതരമായ ആരോപണങ്ങളുള്ളത്.
യുഎസ് അറിയിച്ച ചില വിവരങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി നേരത്തേ രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണു കുറ്റപത്രം പുറത്തുവന്നത്. കുറ്റപത്രത്തിലെ പരാമർശങ്ങളെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. നിഖിൽ ഗുപ്ത വഴി ഇന്ത്യയിലെ ഉന്നത ഓഫിസർ നൽകിയ ക്വട്ടേഷൻ വാടകക്കൊലയാളിയെന്ന വ്യാജേന ഏറ്റെടുത്തത് യുഎസിന്റെ രഹസ്യാന്വേഷണ ഏജന്റുമാരായിരുന്നു.
ഒരു ലക്ഷം യുഎസ് ഡോളറിനു ക്വട്ടേഷൻ ഉറപ്പിച്ചു. ഇതിൽ 15,000 ഡോളർ മുൻകൂറായി കൈമാറുകയും ചെയ്തു. പണം കൈമാറുന്നതിന്റെ ചിത്രമടക്കം കുറ്റപത്രത്തിലുണ്ട്. കാനഡയിലെ ഇന്ത്യാവിരുദ്ധൻ ഹർദീപ് സിങ് നിജ്ജാറിനെ ജൂൺ 18നു കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ‘ഓഫിസർ’ പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. അതു പോലെ പന്നുവും ലക്ഷ്യമാണെന്നും ഇതു നടത്തിയാൽ കൂടുതൽ ‘ജോലി’ തരാമെന്നും ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
കാനഡ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു: ട്രൂഡോ
ന്യൂഡൽഹി ∙ യുഎസ് കുറ്റപത്രം പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ഇതാണു കാനഡ പറഞ്ഞു കൊണ്ടിരുന്നത് എന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. യുഎസിലെ കുറ്റപത്രം കാനഡ പറഞ്ഞത് അടിവരയിട്ടുറപ്പിക്കുന്നുവെന്നും ഇന്ത്യ ഇത് ഗൗരവമായി എടുക്കണമെന്നും പറഞ്ഞു.