ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞ ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് 3 സംസ്ഥാനങ്ങളിലെ വലിയ ജയവും തെലങ്കാനയിലെ വളർച്ചയും. തെലങ്കാനയിലെ പ്രതീക്ഷിത വിജയത്തിലൊതുങ്ങിയ കോൺഗ്രസിനു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ ഒരുമിച്ചുനിർത്താൻതന്നെ ഇനി ഏറെ അധ്വാനിക്കണം. 

കർണാടകയിലെ പരാജയത്തിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ രൂപീകരണവും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. മുന്നണിയുടെ പേരിനെക്കുറിച്ചുൾപ്പെടെ ഉയർത്തിയ വിമർശനങ്ങളിലും വേഗത്തിൽ എൻഡിഎ സംവിധാനം തട്ടിക്കൂട്ടാൻ കാണിച്ച താൽപര്യങ്ങളിലും അതു പ്രകടമായിരുന്നു. കോൺഗ്രസിന്റെ ‘ജാതി സെൻ‍സസ്’ പ്രഖ്യാപനം കൂടിയായപ്പോൾ, മധ്യപ്രദേശ് നഷ്ടപ്പെടാമെന്നും രാജസ്ഥാനും ഛത്തീസ്ഗഡും തിരിച്ചുപിടിക്കാനാവില്ലെന്നും വിലയിരുത്തിയാണ് ബിജെപി പോരിനിറങ്ങിയത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പതിവു വിജയമന്ത്രം ഫലിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ, ‘താമര’യാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമെന്നുപോലും ആദ്യം പറഞ്ഞു. പിന്നീടാണ് മോദിതന്നെ മുഖമെന്നതിലേക്കും ‘മോദിയുടെ ഉറപ്പുകളിൽ വിശ്വസിക്കുക’യെന്ന മുദ്രാവാക്യത്തിലേക്കും മാറിയത്. ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ വിജയിക്കുന്നതിനെയും പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷ മാത്രം തെറ്റി. 

വരും മാസങ്ങളിലും മോദിതന്നെയാവും ബിജെപിയുടെ മുദ്രാവാക്യങ്ങളിലെ പ്രധാന വാക്ക്. അടുത്ത മാസം അയോധ്യയിൽ രാമക്ഷേത്രം തുറക്കും. എല്ലാ വിഭാഗങ്ങൾക്കുമായി വിവിധ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. അതിനുള്ള തയാറെടുപ്പുകൾ നടക്കുന്നു. അങ്ങനെ അടുത്ത ലോക്സഭയും കൈപ്പിടിയിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

കർണാടകയിലെപ്പോലെ, ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും തനിച്ചുനിന്നു ബിജെപിയെ തോൽപിക്കാമെന്നാണ് കോൺഗ്രസ് കരുതിയത്. ജാതി സെൻസസ് പ്രഖ്യാപനം വലിയ നേട്ടമാകുമെന്നും പ്രതീക്ഷിച്ചു. ആ വിശ്വാസത്തിനു പിൻബലമാകാൻ തക്ക സംഘടനാശേഷി 3 സംസ്ഥാനങ്ങളിലും കോൺഗ്രസിനില്ലായിരുന്നു. രാജസ്ഥാൻ പോയാലും കുഴപ്പമില്ലെന്നു ചിന്തിച്ച ഹൈക്കമാൻഡ്, മധ്യപ്രദേശിൽ കമൽനാഥിന്റെയും ഛത്തീസ്ഗഡിൽ ഭൂപേഷ് ബഗേലിന്റെയും താൽപര്യങ്ങളനുസരിച്ചു പ്രവർത്തിച്ചു. തങ്ങളെക്കൂടി സഹകരിപ്പിക്കാൻ ‘ഇന്ത്യ’ മുന്നണിയിലെ പല കക്ഷികളും പറഞ്ഞതു കേൾക്കാൻ തയാറായില്ല. 

3 മാസം നിർബന്ധിത അവധിയിലായിരുന്ന ‘ഇന്ത്യ’ മുന്നണി ഇനി ഒന്നിൽനിന്നു തുടങ്ങേണ്ട സ്ഥിതിയിലാണ്. ലോക്സഭയിൽ ആകെ 17 സീറ്റുള്ള തെലങ്കാനയിലെ ജയം പറഞ്ഞ് ഈ മാസം ആറിനു മുന്നണി യോഗത്തിനെത്തുന്ന കോൺഗ്രസ് പഴി കേൾക്കേണ്ടിവരുമെന്നുറപ്പ്. 26 കക്ഷികളുടെ മുന്നണി യോഗത്തിൽ എല്ലാവരും പങ്കെടുത്താൽതന്നെ വലിയ കാര്യം. ഇങ്ങനെപോയാൽ കാര്യമില്ലെന്നു മുന്നണിയിലെ പല നേതാക്കളും പറഞ്ഞുകഴിഞ്ഞു. ജാതി സെൻസസും സാമൂഹികനീതിയും ബിജെപിയുടെ കുറ്റങ്ങളും മാത്രം പറഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയാൽ ഫലിക്കില്ലെന്ന ബോധ്യമാണ് ഇപ്പോൾ കോൺഗ്രസിനും മുന്നണിക്കുതന്നെയും ലഭിച്ചിരിക്കുന്നത്. 

മുന്നണിബലം ഉണ്ടായിരുന്നെങ്കിൽ

പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയായി മത്സരിച്ചിരുന്നെങ്കിൽ ചില മണ്ഡലങ്ങളിലെങ്കിലും ചിത്രം മാറിയേനെയെന്നു കോൺഗ്രസിനു ചിന്തിക്കാൻ സഹായകമാണ് ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് ഫലങ്ങൾ. മൂന്നിടത്തും ബിജെപിക്കെതിരെ മുന്നണിയിലെ പല കക്ഷികൾ മത്സരിച്ച ചില മണ്ഡലങ്ങളിലെ ഫലങ്ങൾ അതിനു തെളിവ്.  

∙ മധ്യപ്രദേശ്

ഗുർ: 2493 വോട്ടാണ് ബിജെപി ഭൂരിപക്ഷം. കോൺഗ്രസ് രണ്ടാമത്. ആംആദ്മി പാർട്ടി – 2213, സിപിഐ – 1516, സമാജ്‌വാദി പാർട്ടി – 1337 എന്നിങ്ങനെ വോട്ടു നേടി.

പെത്‌ലവാദ്: ബിജെപി ഭൂരിപക്ഷം 5647. കോൺഗ്രസ് രണ്ടാമത്. ആം ആദ്മി – 7440, ജെഡിയു – 1001.

സേവ്ഡ: ബിജെപി ഭൂരിപക്ഷം 2558. കോൺഗ്രസ് രണ്ടാമത്. ആം ആദ്മി – 7746, എസ്പി –515, ഫോർവേഡ് ബ്ലോക് – 310.

∙ ഛത്തീസ്ഗഡ്

പത്തൽഗാവ്: ബിജെപി ഭൂരിപക്ഷം 255. കോൺഗ്രസ് രണ്ടാമത്. ആം ആദ്മി – 3675.

ചിത്രകൂട്: ബിജെപി ഭൂരിപക്ഷം 8370. കോൺഗ്രസ് രണ്ടാമത്. സിപിഐ – 5051, ആം ആദ്മി – 4644.

കേഷ്കാൽ: ബിജെപി ഭൂരിപക്ഷം 5560.  കോൺഗ്രസ് രണ്ടാമത്. ആം ആദ്മി – 4216, സിപിഐ – 1231.

∙ രാജസ്ഥാൻ

ദുങ്ഗർഗഡ്: ബിജെപി ഭൂരിപക്ഷം 8125. കോൺഗ്രസ് രണ്ടാമത്. സിപിഎം – 56,498. 

ഭദ്ര: ബിജെപി ഭൂരിപക്ഷം 1132. സിപിഎം (രണ്ടാമത്)– 101616.  കോൺഗ്രസ് (അ‍ഞ്ചാമത് – 3371), ആം ആദ്മി – 2252.

ഗോഗുൻഡ: ബിജെപി  ഭൂരിപക്ഷം 3665. കോൺഗ്രസ് രണ്ടാമത്. സിപിഐ–2773, ആം ആദ്മി – 2483.

English Summary:

BJP boosted confidence in election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com