ആത്മവിശ്വാസമേറി ബിജെപി; കൈവിട്ട് കോൺഗ്രസും ഇന്ത്യ മുന്നണിയും
Mail This Article
ന്യൂഡൽഹി ∙ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ‘സെമിഫൈനൽ’ എന്നു വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയം ബിജെപിക്കു നൽകുന്നത് വലിയ ആത്മവിശ്വാസം. ഒറ്റയ്ക്കു മത്സരിച്ചു തിരിച്ചടി നേരിട്ടതോടെ കോൺഗ്രസിന് ‘ഇന്ത്യ’ മുന്നണിയെ ഇനി മുന്നോട്ടു കൊണ്ടുപോകാൻ വലിയ പ്രയത്നം വേണ്ടിവരും. സംസ്ഥാനങ്ങളിൽ മുന്നണി കൂട്ടുകാരെ കൈവിട്ടതിനു പാർട്ടി വിമർശനം നേരിടും. തെലങ്കാനയിലെ തിരിച്ചടി ബിആർഎസ് നേതാവ് കെ.ചന്ദ്രശേഖർ റാവുവിന്റെ ദേശീയ മോഹങ്ങൾക്ക് ഏതാണ്ടു തിരശീല വീഴ്ത്തിയെന്നാണു വിലയിരുത്തൽ.
∙ ‘സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തിലാണ് ഭാരത ജനത വിശ്വസിക്കുന്നത് എന്നതിന്റെ തെളിവാണ് 3 സംസ്ഥാനങ്ങളിലെ ബിജെപിയുടെ വലിയ വിജയം. അവർക്ക് ബിജെപിയിലാണു വിശ്വാസം. ബിജെപിയിൽ സ്നേഹവും വിശ്വാസവും അർപ്പിച്ചവർക്കു നന്ദി പറയുന്നു. പ്രത്യേകിച്ചു വനിതകൾക്കും യുവവോട്ടർമാർക്കും. രാജ്യത്തെ ഉന്നതിയിലെത്തിക്കുകയെന്ന കർമം തുടരാൻ ഇതു ബിജെപിക്കു പ്രേരണയാകും’. - പ്രധാനമന്ത്രി നരേന്ദ്ര മോദി
∙ ‘മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജനവിധി വിനയപൂർവം സ്വീകരിക്കുന്നു. പ്രത്യയശാസ്ത്രപരമായ ഞങ്ങളുടെ പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളെ നന്ദി അറിയിക്കുന്നു. തെലങ്കാനയുടെ വളർച്ചയ്ക്കായി നൽകിയ വാഗ്ദാനങ്ങൾ ഞങ്ങൾ നിറവേറ്റും’. - രാഹുൽ ഗാന്ധി