വാരിക്കോരി വാഗ്ദാനം; ഫലിച്ചത് തെലങ്കാനയിൽ
Mail This Article
ന്യൂഡൽഹി ∙ കർണാടകയിലേതുപോലെ ജനക്ഷേമ വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയതു തെലങ്കാനയിൽ കോൺഗ്രസിനെ തുണച്ചപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ഫലം ചെയ്തില്ല. ബിആർഎസിനെതിരെ ഭരണവിരുദ്ധവികാരം നിലനിന്ന തെലങ്കാനയിൽ കുറഞ്ഞ നിരക്കിൽ എൽപിജി സിലിണ്ടർ, വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങൾ അവതരിപ്പിച്ച കോൺഗ്രസിനെ ജനം സ്വീകരിച്ചു.
ക്ഷേമപദ്ധതികൾ നടപ്പാക്കി വാക്കു പാലിച്ച കർണാടക നേതാക്കൾ പ്രചാരണം മുന്നിൽനിന്നു നയിച്ചതും തുണയായി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറായിരുന്നു ‘താരപ്രചാരകൻ’. 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹനാഥകൾക്കു പ്രതിമാസം 2000 രൂപ അടക്കമുള്ള വാഗ്ദാനങ്ങൾ അധികാരത്തിലെത്തി ഉടൻ കർണാടകയിൽ നടപ്പാക്കിയിരുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ക്ഷേമവാഗ്ദാനങ്ങൾ നൽകിയെങ്കിലും അവിടെ അലയടിച്ച ഭരണവിരുദ്ധവികാരം വിനയായി. മധ്യപ്രദേശിൽ 101 വാഗ്ദാനങ്ങളാണു കോൺഗ്രസ് നൽകിയത്. അതിനെ മറികടക്കാൻ സ്ത്രീകൾക്കു പ്രതിമാസം 1250 രൂപ വാഗ്ദാനം ചെയ്തു ബിജെപി കൊണ്ടുവന്ന ‘ലാഡ്‌ലി ബെഹനാ’ പദ്ധതിക്കു കൂടുതൽ സ്വീകാര്യത കിട്ടി.