ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ശീതകാല സമ്മേളനം ആരംഭിച്ച ഇന്നലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരം പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ ഒത്തുകൂടി. സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കാനുള്ള യോഗത്തിൽ തിരഞ്ഞെടുപ്പു ഫലം ചർച്ചയായില്ല. ഇന്ത്യ മുന്നണി നേതാക്കളെ നാളെ അനൗദ്യോഗിക ചർച്ചയ്ക്കു ഖർഗെ വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടിയതിന്റെ മുറിവുണക്കി മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുകയാണു ചർച്ചയുടെ പ്രാഥമിക ലക്ഷ്യം. യോഗത്തെക്കുറിച്ച് ഇതുവരെ അറിവില്ലെന്നും മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ പറഞ്ഞു. 

ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്റെ തോൽവി, പ്രാദേശിക കക്ഷികളുടെ വിലപേശൽശേഷി വർധിപ്പിക്കും. സീറ്റ് വിഭജനത്തിൽ കടുംപിടിത്തം ഒഴിവാക്കാൻ ഇതുവഴി കോൺഗ്രസ് നിർബന്ധിതമാകും. സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ തൃണമൂൽ (ബംഗാൾ), സമാജ്‌വാദി പാർട്ടി (യുപി), ജെഡിയു, ആർജെഡി (ബിഹാർ), ആം ആദ്മി പാർട്ടി (ഡൽഹി, പഞ്ചാബ്) എന്നിവ കൂടുതൽ സീറ്റുകൾക്കായി അവകാശവാദമുന്നയിക്കും. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ കോൺഗ്രസ് ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണു പ്രാദേശിക കക്ഷികളുടെ നിലപാട്. 

അഴിച്ചുപണിക്ക് ഹൈക്കമാൻ‍ഡ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ട മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സംഘടനാതലത്തിൽ അടിമുടി മാറ്റത്തിനു കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുന്നു. തോൽവിയെക്കുറിച്ചു പഠിക്കുമെന്നും വലിയ മാറ്റങ്ങൾ വൈകാതെയുണ്ടാകുമെന്നും സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. മധ്യപ്രദേശിലെ ദയനീയ തോൽവിയാണ് കോൺഗ്രസിനെ ഏറ്റവുമധികം ഞെട്ടിച്ചത്. സംസ്ഥാനങ്ങളിൽ അഴിച്ചുപണി അനിവാര്യമാണെന്നു സമ്മതിക്കുമ്പോഴും തലമുതിർന്ന നേതാക്കളായ കമൽനാഥ് (മധ്യപ്രദേശ്), അശോക് ഗെലോട്ട് (രാജസ്ഥാൻ) എന്നിവരെ നേതൃസ്ഥാനങ്ങളിൽനിന്നു നീക്കുക ഹൈക്കമാൻഡിന് എളുപ്പമല്ല. 

രാഹുൽ വയനാട് വിടണമെന്ന് സിപിഐ

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സൂചിപ്പിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ രംഗത്ത്. ബിജെപിയുമായി പോരാട്ടം നടക്കുന്ന മണ്ഡലത്തിലാണു രാഹുൽ മത്സരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയിലെ പാർട്ടികൾക്കിടിയിൽ പരസ്പരവിശ്വാസം ഉണ്ടാകണമെന്നും സീറ്റ് പങ്കിടലിൽ ഒത്തുതീർപ്പുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Congress again sees future on 'India' alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com