‘ഇന്ത്യ’ മുന്നണി പിണക്കം തീർക്കാൻ വിരുന്നു നൽകി കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണി പുനരുജ്ജീവിപ്പിക്കാൻ പ്രതിപക്ഷ എംപിമാർക്കായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ സ്വവസതിയിൽ അത്താഴവിരുന്നു നടത്തി. 17 കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്തു. തൃണമൂലും ശിവസേനയും എത്തിയില്ല. അസൗകര്യം ഇരുകക്ഷികളും മുൻകൂർ അറിയിച്ചിരുന്നതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അടുത്ത ഇന്ത്യ മുന്നണിയോഗം 18,19,20 തീയതികളിലൊന്നിൽ ഡൽഹിയിൽ നടത്താനാണ് ആലോചന.
സ്ഥലവും തീയതിയും വരുംദിവസങ്ങളിൽ നിശ്ചയിക്കും. ഇന്ത്യൻ ശിക്ഷാനിയമം പരിഷ്കരിക്കുന്നതടക്കമുള്ള ബില്ലുകൾ പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടാനും തീരുമാനിച്ചു. കഴിഞ്ഞ മാസങ്ങളിൽ മുന്നണി യോഗം വിളിക്കുന്നതിൽ കോൺഗ്രസ് അലംഭാവം കാട്ടിയതിനെ ആം ആദ്മി അടക്കമുള്ള കക്ഷികൾ വിമർശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പേരിൽ 3 മാസത്തോളം മുന്നണി മരവിപ്പിച്ചു നിർത്തിയതിനു മറ്റു പ്രതിപക്ഷകക്ഷികളിൽനിന്നു പഴി കേട്ട കോൺഗ്രസ്, പ്രശ്നപരിഹാരം ലക്ഷ്യമിട്ടുള്ള ഒത്തുചേരലിനാണ് ഇന്നലെ ആതിഥ്യം വഹിച്ചത്. കൂടിയാലോചനകൾക്കുശേഷം സംഘടിപ്പിക്കുന്ന യോഗത്തിൽ ഉറപ്പായും പങ്കെടുക്കുമെന്ന് കക്ഷി നേതാക്കളായ മമത ബാനർജി (തൃണമൂൽ), നിതീഷ് കുമാർ (ജെഡിയു), അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.
ഖർഗെയ്ക്കു പുറമേ കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, അധീർരഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് ടി.ആർ.ബാലു (ഡിഎംകെ), രാംഗോപാൽ യാദവ് (എസ്പി), രാഘവ് ഛദ്ദ (ആം ആദ്മി പാർട്ടി), ലലൻ സിങ് (ജെഡിയു), വന്ദന ചവാൻ (എൻസിപി), മഹുവ മാജി (ജെഎംഎം), ജയന്ത് ചൗധരി (ആർഎൽഡി), എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), വൈകോ (എംഡിഎംകെ), തിരുമാവളവൻ (വിസികെ) എന്നിവരും ആർജെഡി, നാഷനൽ കോൺഫറൻസ് നേതാക്കളും പങ്കെടുത്തു.