ഒഡീഷയിലെ ഡിസ്റ്റിലറിയിൽ നിന്ന് 220 കോടി രൂപപിടിച്ചു; കോൺഗ്രസ് എംപി ഒളിവിൽ
Mail This Article
ഭുവനേശ്വർ ∙ ഒഡീഷയിലെ കോൺഗ്രസ് നേതാവും ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പു നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 220 കോടിയിലേറെ രൂപയുടെ കറൻസി നോട്ടുകൾ കണ്ടെടുത്തു.
ബുധനാഴ്ച ആരംഭിച്ച പരിശോധന ഇന്നലെയും തുടർന്നു. 36 നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണു പണം എണ്ണുന്നത്. 156 ചാക്കുകളിലായി സൂക്ഷിച്ചിരിക്കുന്ന പണം മുഴുവൻ എണ്ണിത്തീരുമ്പോൾ 250 കോടി വരുമെന്നു കരുതുന്നു. ഒഡീഷയിൽ ആദായനികുതി വകുപ്പ് ഇതുവരെ പിടിച്ചെടുത്തതിൽ വച്ച് ഏറ്റവും വലിയ തുകയാണിത്.
ബലംഗീർ ജില്ലയിലെ ഡിസ്റ്റിലറി ഗ്രൂപ്പിന്റെ കെട്ടിടത്തിലെ അലമാരയിൽ നിന്നും ഒഡീഷയിലെ സംബൽപുർ, സുന്ദർഗഡ്, ജാർഖണ്ഡിലെ ബൊക്കാറോ, റാഞ്ചി, ബംഗാളിലെ കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുമാണു പണം കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യവിതരണക്കാരും വിൽപനക്കാരും നൽകിയ രഹസ്യവിവരങ്ങൾ അടിസ്ഥാനമാക്കിയാണു പരിശോധന. സാഹുവിനെ കാണാനില്ലെന്ന് റാഞ്ചിയിലെ അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാർ പറഞ്ഞു.
ഭരണകക്ഷിയായ ബിജെഡി വിശദീകരണം നൽകണമെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ഐടി റെയ്ഡ് നടക്കുന്ന മദ്യനിർമാണക്കമ്പനിയുടെ ഉടമയുമായി വേദി പങ്കിടുന്ന വനിതാ മന്ത്രിയുടെ ചിത്രവും ബിജെപി വക്താവ് മനോജ് മൊഹാപത്ര പുറത്തുവിട്ടു.
പൊതുജനങ്ങളിൽ നിന്നു കൊള്ളയടിക്കുന്ന ഓരോ രൂപയും തിരികെ നൽകേണ്ടിവരുമെന്നും ഇതു മോദി നൽകുന്ന ഉറപ്പാണെന്നും സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. ‘ജനങ്ങൾ ഈ നോട്ടുകൂമ്പാരം കാണണം. എന്നിട്ട് രാഷ്ട്രീനേതാക്കളുടെ ‘സത്യസന്ധമായ’ വാക്കുകൾ കേൾക്കണം – മോദി പ്രതിപക്ഷത്തെ പരിഹസിച്ചു.