ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിൽ നിന്നു പുറത്താക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്ക്കായി അവസാനനിമിഷം വരെ മുന്നിൽ നിന്നു പോരാടിയതു കോൺഗ്രസ്; ഒരുപക്ഷേ, തൃണമൂലിനെക്കാൾ വീര്യത്തോടെ. 

പ്രതിപക്ഷ നേതാക്കളുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണു മഹുവയ്ക്കായി പ്രതിരോധം തീർക്കാൻ തീരുമാനിച്ചത്. തൃണമൂൽ നേതാക്കൾ വിട്ടുനിന്ന യോഗത്തിൽ കോൺഗ്രസ് എംപി ജയറാം രമേശ് ആണു വിഷയം അവതരിപ്പിച്ചത്. തൃണമൂലിന്റെയല്ല, ഇന്ത്യ മുന്നണിയുടെ എംപിയായി മഹുവയെ കണക്കാക്കി ഉറച്ച പ്രതിരോധം തീർക്കണമെന്നു ഖർഗെ അഭിപ്രായപ്പെട്ടു. തീപ്പൊരി പ്രസംഗങ്ങളിലൂടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം കടന്നാക്രമിക്കുന്ന മഹുവ പ്രതിപക്ഷത്തിന്റെ കരുത്താണെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒപ്പംനിന്നു പോരാടണമെന്നുമുള്ള ഖർഗെയുടെ നിർദേശത്തോടു രാഹുൽ ഗാന്ധിയടക്കമുള്ളവർ യോജിച്ചു. 

മഹുവ വിഷയം ചർച്ചയ്ക്കെടുക്കുമ്പോൾ എല്ലാ എംപിമാരും നിർബന്ധമായും സഭയിലുണ്ടാകണമെന്നു നിർദേശിച്ച് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പിന്നാലെ വിപ്പ് നൽകി. മഹുവ പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിച്ചപ്പോഴും പിന്നീടു ഗാന്ധി പ്രതിമയ്ക്കു മുന്നിലെത്തിയപ്പോഴും ഒപ്പം സോണിയ ഗാന്ധിയുണ്ടായി.

പിന്തുണച്ചും  പ്രതിഷേധിച്ചും പ്രണീത് കൗർ

ന്യൂഡൽഹി ∙ മഹുവയ്ക്കെതിരെ നടപടിയെടുക്കാനുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ പിന്തുണച്ച കോൺഗ്രസ് അംഗം പ്രണീത് കൗർ നടപടിയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനൊപ്പം ഇറങ്ങിപ്പോയതു ശ്രദ്ധേയമായി. പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ഇപ്പോൾ ബിജെപി നേതാവുമായ അമരീന്ദർ സിങിന്റെ ഭാര്യയാണ് പ്രണീത്. നേരത്തേ ഇവരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കു സസ്പെൻഡ് ചെയ്തിരുന്നെങ്കിലും കോൺഗ്രസിന്റെ സഭയിലെ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. 

സ്ത്രീ സംരക്ഷകരുടെ കപടമുഖം വ്യക്തം: ഡാനിഷ്

ന്യൂഡൽഹി ∙ സ്ത്രീത്വത്തോടു കാണിക്കുന്ന കടുത്ത അനീതിക്കെതിരെ പ്രതികരിച്ചയാളെന്ന നിലയിൽ തന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് ബിഎസ്പി അംഗം ഡാനിഷ് അലി. സ്ത്രീ സംരക്ഷകരാണെന്നു വേഷംകെട്ടുന്ന ബിജെപിയുടെ ശരിക്കുള്ള മുഖമാണ് കണ്ടത്.  സർക്കാരിനെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചത് അവർക്ക് അപമാനകരമായി – ഡാനിഷ്  പറഞ്ഞു.

English Summary:

Congress led the battle to support Mahua Moitra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com