ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികം കൈപ്പറ്റിയെന്ന പരാതിയിൽ കുറ്റക്കാരിയെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കി. റിപ്പോർട്ട് അംഗീകരിച്ച് മഹുവയെ പുറത്താക്കണമെന്ന പ്രമേയം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ചു. ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷ ഇന്ത്യ മുന്നണി സഭയിൽനിന്ന് ഇറങ്ങിപ്പോയതിനു ശേഷം സഭ ശബ്ദവോട്ടോടെ പ്രമേയം അംഗീകരിച്ചു. മഹുവ മൊയ്ത്ര അംഗമല്ലാതായെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നലെ രാത്രി വിജ്ഞാപനമിറക്കി. ബംഗാളിലെ കൃഷ്ണനഗറിൽനിന്നാണു മഹുവ ലോക്സഭയിലെത്തിയത്. 

ഉച്ചയ്ക്കു രണ്ടിനു സഭ ചേർന്ന് അരമണിക്കൂറോളം നീണ്ട ചൂടേറിയ ചർച്ചയ്ക്കു ശേഷമായിരുന്നു നടപടി. മഹുവയ്ക്കു സംസാരിക്കാൻ അവസരം നൽകണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല. മഹുവ മൊയ്ത്ര നിയമനടപടി സ്വീകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) അറിയിച്ചു. 

ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ ദുബായിലെ വ്യവസായി ദർശൻ ഹിരനന്ദാനിക്ക് ലോക്സഭ പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ മഹുവ കൈമാറിയതു രാജ്യസുരക്ഷയെ ബാധിക്കുന്നതും സഭയുടെ അന്തസ്സിനെ ഹനിക്കുന്നതുമാണെന്നാണു ബിജെപി അംഗം വിനോദ് സോൻകർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. മഹുവയ്ക്കെതിരെ സമയബന്ധിതമായ നിയമനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കമ്മിറ്റി അംഗമായ ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെ സമിതിയെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കണമെന്നു നിർദേശിച്ചെങ്കിലും അതുണ്ടായില്ല. സമിതി പക്ഷപാതപരമായാണ് പെരുമാറിയതെന്നു ഡാനിഷ് അലി പറഞ്ഞിരുന്നു. 

ബിജെപി അംഗം നിഷികാന്ത് ദുബെയാണ് നേരത്തേ മഹുവയുടെ പങ്കാളിയായിരുന്ന ജയ് ആനന്ദ് ദെഹ്ദറായ് എന്ന അഭിഭാഷകൻ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സ്പീക്കർക്കു പരാതി നൽകിയത്. വിവിധ മേഖലകളിൽ ബിസിനസുള്ള ഹിരാനന്ദാനിക്കു വേണ്ടി അദാനി ഗ്രൂപ്പിനെതിരെ മഹുവ ചോദ്യങ്ങൾ ചോദിച്ചുവെന്നും അതിനായി ലോക്സഭയുടെ സുപ്രധാനമായ ലോഗിൻ വിവരങ്ങൾ കൈമാറിയത് തെറ്റാണെന്നും ദുബെയുടെ പരാതിയിൽ പറഞ്ഞിരുന്നു. മഹുവയുടെ 61 ചോദ്യങ്ങളിൽ ഏറെയും ഇത്തരത്തിലുള്ളതാണെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഒക്ടോബർ 15നു കൈമാറിയ പരാതി സ്പീക്കർ എത്തിക്സ് സമിതിക്കു വിടുകയായിരുന്നു. 

സമിതിയുടെ തെളിവെടുപ്പിനിടെ വ്യക്തിപരവും അസംബന്ധവുമായ ചോദ്യങ്ങൾ ചോദിച്ചുവെന്നു പറഞ്ഞ് മഹുവ ഇറങ്ങിപ്പോയി. ലോഗിൻ വിവരങ്ങൾ ലഭിച്ചുവെന്ന് പറഞ്ഞ് ഹിരനന്ദാനി സമിതിക്കു സത്യവാങ്മൂലം നൽകിയിരുന്നു.

സ്ത്രീകളെ മോദി സർക്കാർ അപമാനിക്കുന്നു, ഏകാധിപത്യ നടപടികൾ അംഗീകരിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ബിജെഡി, ശിവസേന (ഷിൻഡെ) എന്നീ കക്ഷികൾ പ്രമേയത്തോടു യോജിച്ചു. അസദുദ്ദീൻ ഉവൈസി പ്രതിപക്ഷത്തിനൊപ്പം ഇറങ്ങിപ്പോയില്ലെങ്കിലും പ്രമേയം വോട്ടിനിട്ടപ്പോൾ സഭ ബഹിഷ്കരിച്ചു.  രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഒരു മണിക്കൂർ നിർത്തിവച്ചിരുന്നു.

∙ ‘നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും വിമർശിച്ചതിന്റെ പ്രതികാരം തീർക്കാൻ ഇല്ലാത്ത ചട്ടങ്ങളുടെ പേരിലാണ് എന്നെ പുറത്താക്കിയിരിക്കുന്നത്. ബിജെപിയുടെ അവസാനത്തിന്റെ തുടക്കമാണിത്. അവരുടെ അന്ത്യം കണ്ടേ പോരാട്ടം അവസാനിക്കുകയുള്ളൂ. ഞാൻ തിരിച്ചുവരും’ – മഹുവ മൊയ്ത്ര

∙ ‘കൃത്യമായ നടപടികളെല്ലാം പാലിച്ചാണ് സമിതി റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ലോഗിൻ വിവരങ്ങൾ കൈമാറിയെന്ന് മഹുവ തന്നെ സമിതിക്കു മുൻപിൽ സമ്മതിച്ചതാണ്.’ – വിനോദ് സോൻകർ, എത്തിക്സ് സമിതി ചെയർമാൻ (ബിജെപി എംപി) 

∙ ‘സഭയുടെ അന്തസ്സും മര്യാദയും കാത്തു സൂക്ഷിക്കുക അംഗങ്ങളുടെയും സഭാധ്യക്ഷനെ നിലയിൽ എന്റെയും കർത്തവ്യമാണ്. ഇപ്പോൾ സ്വീകരിക്കേണ്ടി വരുന്ന കടുത്ത നടപടി നമുക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്.’ – ഓം ബിർല, ലോക്സഭാ സ്പീക്കർ.

English Summary:

Mahua Moitra expelled from loksabha after cash for query allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com