ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിനകത്തും പുറത്തും കേന്ദ്രസർക്കാരിനെതിരെ ശബ്ദമുയർത്തിയ വനിതാ നേതാവിനെ കടുത്ത പ്രതിരോധത്തിലാക്കിയാണു ‘ചോദ്യത്തിനു കോഴ’ ആരോപണം ഉയർന്നത്. പണം വാങ്ങിയെന്നു തെളിയിക്കാനായില്ലെങ്കിലും ഒടുവിൽ മഹുവ പുറത്തേക്ക്.

വിവാദമിങ്ങനെ

ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ മഹുവ മൊയ്ത്ര പണം വാങ്ങിയെന്നു കാട്ടി ഇവരുടെ മുൻപങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്റായാണ് ആദ്യം സിബിഐയിൽ പരാതി നൽകിയത്. പകർപ്പു ലഭിച്ച ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്കു പരാതി നൽകി. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും സമ്മാനങ്ങളും കൈപ്പറ്റി അദാനിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് ആരോപണം.

ദർശൻ ഹിരാനന്ദാനി ആദ്യം ഇതു നിഷേധിച്ചുവെങ്കിലും ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ആരോപണങ്ങൾ ശരിവച്ചുള്ള സത്യവാങ്മൂലം പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കു കൈമാറി. പാർലമെന്റിലെ ഔദ്യോഗിക ഇമെയിൽ വിലാസത്തിന്റെ പാസ്‌വേഡ് മഹുവ തനിക്കു നൽകിയിരുന്നുവെന്നും ചോദ്യങ്ങൾക്കു പകരമായി മഹുവയ്ക്ക് ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഡൽഹിയിലെ ഔദ്യോഗിക വസതിയുടെ നവീകരണത്തിൽ സഹായിച്ചെന്നും പറയുന്നു.

പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും ദർശനു കൈമാറിയെന്നും പ്രത്യുപകാരമായി പണം കൈപ്പറ്റിയില്ലെന്നും മഹുവ വെളിപ്പെടുത്തി. ദർശനിൽ നിന്നു സമ്മാനങ്ങൾ ലഭിച്ചിരുന്നതായും സമ്മതിച്ചു. ജന്മദിനത്തിൽ ഒരു സ്കാർഫും മറ്റൊരു ഘട്ടത്തിൽ മേക്കപ് സെറ്റും ഐ ഷാഡോയും ലഭിച്ചെന്നാണു സമ്മതിച്ചത്.

വിവാദങ്ങളിൽ ഇവർ

ജയ് ആനന്ദ് ദെഹദ്റായ്

ഡൽഹി ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂൾ, പുണെ ഇന്ത്യൻ ലോ സൊസൈറ്റി ലോ കോളജ്, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. 2011 ൽ അഭിഭാഷകനായി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ ഓഫിസിൽ കുറച്ചുകാലം പ്രവർത്തിച്ചു. ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സജീവം.

നിഷികാന്ത് ദുബെ

ജാർഖണ്ഡിലെ ഗോണ്ട മണ്ഡലത്തിൽ നിന്നു 2009 മുതൽ ലോക്സഭാംഗം. ദുബെയും മഹുവയും തമ്മിലുള്ള പോരിനു വർഷങ്ങളുടെ പഴക്കമുണ്ട്. നിഷികാന്തിന്റെ പിഎച്ച്ഡി ബിരുദം വ്യാജമാണെന്ന് മഹുവ ആരോപിച്ചിരുന്നു. 2021 ൽ പെഗസസ് വിഷയം കത്തിനിൽക്കുന്ന ഘട്ടത്തിൽ ഇരുവരും തമ്മിൽ വാഗ്വാദം രൂക്ഷമായി. ഐടി സമിതി യോഗവേദിയിൽ വച്ച് മഹുവ തന്നെ 3 തവണ ‘ബിഹാറി ഗുണ്ട’യെന്ന് വിളിച്ചെന്ന് ദുബെ ആരോപിച്ചു.

ദർശൻ ഹിരാനന്ദാനി

റിയൽ എസ്റ്റേറ്റ് വ്യവസായി നിരഞ്ജൻ ഹിരാനന്ദാനിയുടെ മകൻ. ഹിരാനന്ദാനി ഗ്രൂപ്പിന്റെ രാജ്യാന്തര റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മേൽനോട്ടം വഹിക്കുന്നു. ദർശനു  ലോഗിൻ വിവരങ്ങൾ നൽകിയെന്നാണ് വിവാദങ്ങൾക്കു കാരണം.

ഡാനിഷ് അലി

യുപി അംറോഹയിൽ നിന്നുള്ള ബിഎസ്പി അംഗമായ ഡാനിഷ് അലി എത്തിക്സ് കമ്മിറ്റിയിൽ മഹുവയെ പിന്തുണച്ചു. കമ്മിറ്റി ഹിയറിങ്ങിനിടെ മഹുവയോടു വ്യക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചതിനെ എതിർത്ത ഡാനിഷ് ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തുകയും ചെയ്തു. സമിതിയെ അപമാനിക്കാൻ ശ്രമിച്ചതിനു ഡാനിഷിനെതിരെ  നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.

ഹെൻറി

മഹുവ – ജയ് ആനന്ദ് വിവാദത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു ഹെൻറി എന്ന റോട്ട്‌വീലർ നായ. താൻ വാങ്ങിയ നായയെ മഹുവ കൈവശപ്പെടുത്തിയെന്നാണു ജയ് ആനന്ദിന്റെ ആരോപണം. കേസ് പിൻവലിച്ചാൽ നായയെ തിരികെ നൽകാമെന്നു വാഗ്ദാനം ലഭിച്ചുവെന്നും വെളിപ്പെടുത്തി. ജയ് ആനന്ദിനെതിരെ 2 പരാതികൾ മഹുവ ബാരക്കമ്പാ പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. ഈ മാസം 4ന് പിൻവലിച്ചു. ഒത്തുതീർപ്പായെന്നാണ് വിശദീകരണം.

∙ ‘അദാനിയെ സംരക്ഷിക്കാൻ ഏതറ്റം വരെയും ബിജെപി പോകുമെന്നതിന്റെ തെളിവാണിത്. നാളെ സിബിഐ വീട്ടിൽ വരുമെന്നറിയാം. എന്നാൽ 13,000 കോടിയുടെ കൽക്കരി ഇടപാടിൽ അദാനിയെക്കുറിച്ച് ഇവർ അന്വേഷിക്കില്ല. പ്രതിപക്ഷത്തെ അടിച്ചമർത്തി വരുതിക്കു വരുത്താനാണ് നീക്കം.’ – മഹുവ മൊയ്ത്ര

English Summary:

Mahua Moitra: Raised questions against Centre; Fell in the 'Question'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com