ADVERTISEMENT

ന്യൂഡൽഹി ∙ ഹമാസിനെ ഭീകരസംഘടനയായി അംഗീകരിക്കുന്നതു സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന്റെ ഉത്തരം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ അറിവില്ലാതെ അവരുടെ പേരിൽ വന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. 

കെ.സുധാകരന്റെ ചോദ്യത്തിനു നൽകിയ മറുപടിയാണു വിവാദമായത്. ഭീകരസംഘടനയായി പ്രഖ്യാപിക്കേണ്ടത് യുഎപിഎയുടെ മാനദണ്ഡ പ്രകാരം മറ്റു വകുപ്പുകളാണെന്നായിരുന്നു മറുപടി. തുടർന്ന് ഈ ഉത്തരം തന്റേതല്ലെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടു മീനാക്ഷി രംഗത്തെത്തി. മന്ത്രി വി. മുരളീധരൻ നൽകേണ്ടിയിരുന്ന മറുപടി സാങ്കേതികപ്പിഴവു മൂലം മീനാക്ഷിയുടെ പേരിലായതാണെന്നു വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഇന്നലെ വൈകിട്ടോടെ ലോക്സഭാ പോർട്ടലിൽ ഉത്തരം മുരളീധരന്റെ പേരിലാക്കി തിരുത്തി. 

ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തതിൽ അന്വേഷണം വേണമെന്നും വീഴ്ചവരുത്തിയ മന്ത്രി മീനാക്ഷി ലേഖി രാജിവയ്ക്കണമെന്നും കെ. സുധാകരൻ സ്പീക്കർ ഓം ബിർലയ്ക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രനും ബെന്നി ബഹനാനും രമ്യ ഹരിദാസും അടിയന്തരപ്രമേയ നോട്ടിസ് നൽകിയിരുന്നെങ്കിലും സ്പീക്കർ പരിഗണിച്ചില്ല. 

ശൂന്യവേളയിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചു വ്യക്തത വരുത്താൻ പ്രത്യേക ചർച്ച നടത്തണമെന്നു കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഇക്കാര്യം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലുന്നയിക്കാൻ ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ നിർദേശിച്ചു. 

ഹമാസ് ഭീകരസംഘടന: കേന്ദ്രമന്ത്രി

ന്യൂഡൽഹി ∙ ഹമാസിനെ ഭീകരസംഘടനയെന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വിശേഷിപ്പിച്ചു. രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കവെയായിരുന്നു പരാമർശം. എന്നാൽ, ഹമാസ് ഭീകര സംഘടനയല്ലെന്നാണു മറ്റൊരു കേന്ദ്രമന്ത്രി പറയുന്നതെന്നു ജോൺ ബ്രിട്ടാസ് (സിപിഎം) ചൂണ്ടിക്കാട്ടി. 

English Summary:

Hamas question: opposition wants to investigate name change of minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com