ADVERTISEMENT

370–ാം വകുപ്പ് താൽക്കാലികമായിരുന്നോ ?

∙ ചരിത്രപരമായി പരിശോധിച്ചാൽ തന്നെ 370–ാം വകുപ്പ് താൽക്കാലിക വ്യവസ്ഥയാണെന്നു വ്യക്തമാകും. ഈ സംവിധാനം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് 370–ാം വകുപ്പിലെ 3–ാം ഉപവകുപ്പിലുണ്ട്. ഭരണഘടനാസഭ ഇല്ലാതായതോടെ 370(3) വ്യവസ്ഥ ഇല്ലാതായെന്നു പറയാനാകില്ല. ഫലത്തിൽ, 370 റദ്ദാക്കി വിജ്ഞാപനമിറക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്.

ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥകൾ ബാധകമാകുമോ?

∙ ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിൽ ബാധകമാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് 370(1)ഡി വകുപ്പിൽ വ്യക്തമാണ്. ഭരണഘടനാപരമായ ലയനം ഘട്ടംഘട്ടമായി ഉണ്ടായിട്ടില്ലെന്നു വ്യക്തമാണ്. 70 വർഷത്തിനു ശേഷം ഇന്ത്യൻ ഭരണഘടന ഇത് ഒറ്റയടിക്ക് ഉപയോഗിച്ചു. 370–ാം വകുപ്പ് ഇല്ലാതാക്കിയത് ജമ്മു കശ്മീരിനെ ഇന്ത്യയിലേക്കു ലയിപ്പിക്കുന്നതിന്റെ അവസാന നടപടിയാണ്.

ജമ്മു കശ്മീരിനു മാത്രമായി പരമാധികാരമുണ്ടോ?

∙ ഇന്ത്യയുടെ ഭാഗമായ ശേഷം ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിനില്ല. ഇന്ത്യൻ ഭരണഘടന മറ്റുള്ളവയെ മറികടക്കുമെന്നും ഇവയുടെ പ്രാബല്യവും രാജ ഹരിസിങ്ങിന്റെ 1949 ലെ വിളംബരത്തിൽ വ്യക്തമാണ്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം ഭരണഘടനയുടെ ഒന്നു മുതൽ 370 വരെ വകുപ്പുകളിലും പ്രകടം. ഫെഡറലിസത്തിന്റെ സവിശേഷതയാണ് 370–ാം വകുപ്പിലുള്ളത്; പരാമധികാരത്തെപ്പറ്റിയല്ല.

രാഷ്ട്രപതിഭരണം നിലനിൽക്കെ കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ലേ?

∙ രാഷ്ട്രപതിഭരണം നിലവിലിരിക്കെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരവിനിയോഗത്തിനു പരിമിതികളുണ്ട്. കേന്ദ്രസർക്കാരിനുള്ള അധികാരത്തിന്റെ വ്യാപ്തി സാഹചര്യം അനുസരിച്ചിരിക്കും. സംസ്ഥാനങ്ങൾക്കായി അനേകം തീരുമാനങ്ങൾ കേന്ദ്രസർക്കാർ കൈക്കൊള്ളാറുണ്ട്. എല്ലാ തീരുമാനങ്ങളെയും കോടതിയിൽ ചോദ്യംചെയ്യാനാകില്ല. ഇതു ഭരണസ്തംഭനമുണ്ടാക്കും. രാഷ്ട്രപതിഭരണം നിലനിൽക്കെ, പരിഹരിക്കാൻ കഴിയാത്ത പ്രത്യാഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങൾ സർക്കാരിനു കൈക്കൊള്ളാൻ കഴിയില്ലെന്ന വാദം അംഗീകരിക്കാനാകില്ല. ഈ ഘട്ടത്തിൽ നിയമനിർമാണാധികാരം മാത്രമേ നൽകാൻ കഴിയൂവെന്ന വാദവും അംഗീകരിക്കാനാകില്ല. ഈ ഘട്ടത്തിലെ രാഷ്ട്രപതിയുടെ അധികാരവിനിയോഗം കോടതികൾക്കു പരിശോധിക്കാം.

ഇന്ത്യൻ ഭരണഘടനാവ്യവസ്ഥകൾ ജമ്മു കശ്മീരിൽ ബാധകമാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമായിരുന്നോ?

∙ ചർച്ചയും സഹകരണവും ഉറപ്പാക്കി വേണമെന്ന തത്വം രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ ആവശ്യമില്ല. 370–ാം വകുപ്പു പ്രകാരം ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകൾ ബാധകമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല. അതുകൊണ്ടു തന്നെ കേന്ദ്രസർക്കാരിന്റെ അഭിപ്രായം രാഷ്ട്രപതി സ്വീകരിച്ചത് ദുരുദ്ദേശ്യപരമല്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ശുപാർശാ സ്വഭാവമുള്ളതാണ്. 

English Summary:

Considered key Questions and Observations of the Court on Jammu kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com