ADVERTISEMENT

ഭുവനേശ്വർ ∙ ആരോ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പി മെത്തയായി; 100 വാട്ടിന്റെ ബൾബ് ഇൻകുബേറ്ററിലെന്നതുപോലെ ചൂടു നൽകി. ഒഡീഷയിലെ സംബൽപുരിൽ കുഴൽക്കിണറിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരണത്തിൽ നിന്നു രക്ഷാപ്രവർത്തകരുടെ കരങ്ങളിലേയ്ക്കു പുനർജനിച്ചു. റെങ്ഗാളി മേഖലയിലെ ലാറിപാളി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ നിന്നു വൈകിട്ട് 3.30നാണു ഗ്രാമവാസികൾ ശിശുവിന്റെ കരച്ചിൽ കേട്ടത്. അഗ്നിരക്ഷാസേനയും ഒഡീഷ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി.

20 അടി താഴ്ച മാത്രമേയുള്ളു എന്നതു പ്രതീക്ഷ നൽകി. പ്രത്യേക വിമാനത്തിലെത്തിച്ച ക്യാമറ ഇറക്കി നോക്കിയപ്പോഴാണ് അടിത്തട്ടിൽ കുപ്പിച്ചിലുകളിൽ വീഴാതെ ഒരു പ്ലാസ്റ്റിക് കുപ്പിക്കു മുകളിൽ സുരക്ഷിതമായാണ് അവൾ കിടക്കുന്നതെന്നു മനസ്സിലായത്. 12 ഡിഗ്രിയായിരുന്നു അന്തരീക്ഷ ഊഷ്മാവ്. വസ്ത്രങ്ങൾ പോലുമില്ലാതെ നവജാതശിശുവിന് ഈ തണുപ്പിൽ ഇരുമ്പുപൈപ്പിനുള്ളിൽ ഏറെ നേരം ജീവിക്കാൻ കഴിയില്ല.

ഇൻകുബേറ്ററിൽ ഉപയോഗിക്കുന്നതരം 100 വാട്ടിന്റെ ബൾബ് കിണറ്റിനുള്ളിലേക്ക് ഇറക്കി ചൂടും പ്രകാശവും നൽകി. ഏറെ നേരം നിശ്ശബ്ദമായിരുന്ന കുഞ്ഞ് ചൂട് ലഭിച്ചതോടെ കരയാൻ തുടങ്ങിയതു പ്രതീക്ഷയായി. 5 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുമ്പുപൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഈ പ്രദേശത്ത് കഴിഞ്ഞദിവസം അജ്ഞാത സ്ത്രീയെ കണ്ടിരുന്നുവെന്നും ഇവർ കുഞ്ഞിനെ ഉപേക്ഷിച്ചതാവാമെന്നും ഗ്രാമവാസികൾ പറഞ്ഞു.

English Summary:

Rebirth of newborn baby from tube well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com