ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റ് ആക്രമണത്തിന്റെ 22–ാം വാർഷിക ദിനത്തിൽ ലോക്സഭയിൽ 2 യുവാക്കൾ നടത്തിയ കടന്നാക്രമണം രാജ്യത്തെ ഞെട്ടിച്ചു. അതീവ സുരക്ഷാ സന്നാഹങ്ങൾ മറികടന്നു പുതിയ പാർലമെന്റ് മന്ദിരത്തിൽ കയറിയ ഇവർ സഭ സമ്മേളിക്കവേ സന്ദർശക ഗാലറിയിൽനിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി (സ്മോക്ക് കാനിസ്റ്റർ) വലിച്ചു തുറന്ന് എറിയാൻ ശ്രമിക്കുകയും ചെയ്തു. സഭയിൽ പുക പരന്നു. ആദ്യത്തെ പരിഭ്രാന്തിക്കു ശേഷം എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ കീഴടക്കി.

പാർലമെന്റിൽ കടന്നാക്രമണം നടത്തിയ യുവാക്കൾ ചീറ്റിച്ച പുകക്കുറ്റി
പാർലമെന്റിൽ കടന്നാക്രമണം നടത്തിയ യുവാക്കൾ ചീറ്റിച്ച പുകക്കുറ്റി

ബിജെപിയുടെ, മൈസൂരുവിൽ നിന്നുള്ള ലോക്സഭാംഗം പ്രതാപ് സിംഹയുടെ ശുപാർശയിൽ സന്ദർശക ഗാലറിയിൽ കയറിയ മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ (35), ലക്നൗ സ്വദേശി സാഗർ ശർമ (27) എന്നിവരാണ് ശൂന്യവേള അവസാനിക്കാനിരിക്കെ സഭയിലേക്കു ചാടിയത്. 

ഒരു മണിയോടെ നടന്ന സംഭവത്തിനു തൊട്ടു മുൻപ് പാർലമെന്റ് ഗേറ്റിനു പുറത്ത് പുകക്കുറ്റികൾ കത്തിച്ചു മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25) എന്നിവരെയും പൊലീസ് പിടികൂടി.

ഗുരുഗ്രാമിൽനിന്നു ഹിസാർ സ്വദേശി വിശാൽ ശർമ (വിക്കി) എന്നയാളെയും അറസ്റ്റു ചെയ്തു. ഇവർക്ക് ഗുരുഗ്രാമിൽ താമസമൊരുക്കിയ ലളിത് ഝായെയും വിശാൽ ശർമയുടെ ഭാര്യയെയും തിരയുന്നുവെന്നാണു റിപ്പോർട്ട്. അറസ്റ്റിലായവരെ ദേശീയ ഏജൻസികളടക്കം ചോദ്യം ചെയ്യുന്നു. സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷണമാരംഭിച്ചു. 

English Summary:

Massive security breach in Parliament shocked the nation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com