ADVERTISEMENT

ന്യൂഡൽഹി ∙ ഏതു സമയത്തും പാർലമെന്റ് വളപ്പിലും മന്ദിരത്തിലും ഇരുസഭകളുടെയും സന്ദർശക ഗാലറിയിലും സാധാരണക്കാർക്കു പ്രവേശിക്കാൻ സുരക്ഷാവ്യവസ്ഥകളുണ്ട്. സമ്മേളനങ്ങൾ നടക്കുമ്പോൾ പാസിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കും. 

സന്ദർശക ഗാലറിയിൽ പ്രവേശനം അനുവദിക്കുന്നത് ഇങ്ങനെ:

∙ എംപി മുഖേനയാണ് പാസ് ലഭിക്കുക. വ്യക്തിയെ നേരിട്ടു പരിചയമുണ്ടെന്നും അയാളുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും സാക്ഷ്യപ്പെടുത്തിയാണ് എംപി ശുപാർശ ചെയ്യുക.

∙ 2 തരത്തിലുള്ള പാസ്: 24 മണിക്കൂർ മുൻപു നൽകുന്ന അപേക്ഷയനുസരിച്ചു നൽ‍കുന്നത്, 2 മണിക്കൂർ കൊണ്ട് അനുവദിക്കുന്ന അടിയന്തര പാസ്. 

∙ ഓരോ എംപിക്കും അതതു ദിവസത്തേക്ക് ഒരാൾക്കും തലേന്ന് നൽകിയാൽ 2 പേർക്കും പാസ് അനുവദിക്കും. (സ്പീക്കറുടെ ഓഫിസിൽ നിന്നോ മന്ത്രിമാരുടെ ഓഫിസിൽ നിന്നോ പ്രത്യേകാനുമതി വാങ്ങി സംഘമായി എത്തുന്നവരുമുണ്ട്).

∙ പാസ് അനുവദിക്കുംമുൻപ് അപേക്ഷകരെ സംബന്ധിച്ച് ലോക്കൽ പൊലീസ് ദ്രുതപരിശോധന നടത്തും. അപേക്ഷകരുടെ പശ്ചാത്തലം ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കുകയാണ് പൊലീസ് ചെയ്യുക.

∙ അപേക്ഷ ലോക്സഭാംഗം വഴിയെങ്കിൽ അവിടേക്കും (പച്ച നിറത്തിലുള്ളത്) രാജ്യസഭാംഗം വഴി രാജ്യസഭയിലേക്കുമാണ് (ചുവന്ന പാസ്) പ്രവേശനം അനുവദിക്കുക.

∙ ലഭിച്ച പാസും അംഗീകൃത തിരിച്ചറിയൽ രേഖയുമായി 2 മണിക്കൂർ മുൻപെങ്കിലും പാർലമെന്റിൽ എത്തണം. മൊബൈൽ ഫോൺ, ബാഗ്, പഴ്സ് എന്നിവ പാടില്ല.

∙ പ്രധാന റിസപ്ഷൻ ഗേറ്റ് വഴിയാണു സന്ദർശകരുടെ പ്രവേശനം. ആദ്യ സുരക്ഷാപരിശോധന ഇവിടെ നടക്കും. സുരക്ഷാ ഉദ്യോഗസ്ഥൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുൾപ്പെടെ ദേഹപരിശോധന നടത്തും. തുടർന്നാണ് പാർലമെന്റ് വളപ്പിലേക്ക് പ്രവേശനം.

∙ 2 വാതിലുകളിലൂടെയാണു സന്ദർശകരുടെ പ്രവേശനം. രാജ്യസഭയിലേക്കെങ്കിൽ ശാർദുൽ ദ്വാർ, ലോക്സഭയിലേക്കെങ്കിൽ ഗരുഡ് ദ്വാർ.

∙ പ്രധാന മന്ദിരത്തിന്റെ വാതിൽക്കൽ വീണ്ടും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുൾപ്പെടെ ദേഹപരിശോധനയും പാസ് പരിശോധനയുമുണ്ട്.  

∙ ഗാലറിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവും. അവരുടെ നിർദേശാനുസരണം, ഇരുന്നാണു സന്ദർശകർ സഭാ നടപടികൾ കാണേണ്ടത്. 

∙ പാസ് പ്രകാരം പരമാവധി 45 മിനിറ്റ് ഗാലറിയിൽ ഇരിക്കാം.  സഭ പിരിയുകയോ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയോ ചെയ്താൽ മടങ്ങണം.

English Summary:

MP's application and police clearance for ordinary people to reach the parliament gallery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com