ADVERTISEMENT

പാർലമെന്റിലെ പ്രതിഷേധ ആക്രമണം പ്രസ് ഗാലറിയിലിരുന്നു നേരിട്ടുകണ്ട മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജീവ് മേനോൻ നൽകുന്ന വിവരണം 

ന്യൂഡൽഹി ∙ നേരം ഒരു മണി. ലോക്സഭയിലെ ശൂന്യവേള അവസാനഘട്ടത്തിൽ. പെട്ടെന്നു ശൂന്യതയിൽ നിന്നെന്നപോലെ 2 യുവാക്കൾ സഭയിലേക്കു ചാടിവീണു.ഞാനിരുന്ന ആറാം നമ്പർ പ്രസ് ഗാലറിക്ക് ഇടതു വശത്തുള്ള നാലും അഞ്ചും ഗാലറികളിൽ നിന്നാണ് ഇവർ ചാടിയിറങ്ങിയത്. ആദ്യത്തേയാളുടെ ചാട്ടം താഴെനിന്ന ഉദ്യോഗസ്ഥയുടെ ദേഹത്തേക്കായിരുന്നു. ഗാലറിയിൽ നിന്നു വീണതാണെന്നായിരുന്നു സംശയം. അതിന്റെ ബഹളം നടക്കുന്നതിനിടെ രണ്ടാമൻ മുൻപിലെ സുരക്ഷാ വേലിയിലൂടെ തൂങ്ങിയിറങ്ങി പിൻനിരയിലെ ശൂന്യമായ സീറ്റുകളിലേക്കു ചാടി. 

ഒന്നു പകച്ചശേഷം സുരക്ഷാ ഉദ്യോഗസ്ഥരും ഗാലറിയിൽ നിന്നു പിന്നാലെ ചാടിയതോടെ സംഗതി ഗൗരവമെന്നു മനസ്സിലായി. സ്പീക്കറുടെ ചെയറിനടുത്തു നിന്നിരുന്ന ഉദ്യോഗസ്ഥൻ ‘അയാളെ പിടിക്കൂ’ എന്നു പറഞ്ഞ് കുതിച്ചിറങ്ങി. ഒപ്പം സഭ നിർത്തിവച്ചതായി അറിയിപ്പും വന്നു. 

ആദ്യം ചാടിയ യുവാവിനെ (സാഗർ ശർമ) സുരക്ഷാ ഉദ്യോഗസ്ഥരും എംപിമാരും അപ്പോഴേക്കു കീഴടക്കിയിരുന്നു. അതിനിടെ അയാൾ കയ്യിലിരുന്ന കുറ്റി വലിച്ചു തുറന്നു. മഞ്ഞപ്പുക പടർന്നതോടെ എംപിമാരിൽ പലരും പുറത്തേക്കോടി. ഏകാധിപത്യം അവസാനിപ്പിക്കണമെന്നും ഭരണഘടന സംരക്ഷിക്കണമെന്നും അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. 

സീറ്റിലേക്കു ചാടിയ രണ്ടാമൻ സീറ്റുകൾക്കു മുകളിലൂടെ ചാടിച്ചാടി ചെയറിനു നേരേകുതിച്ചു. പിടിക്കപ്പെടുമെന്നായപ്പോൾ സീറ്റിനു മുകളിൽനിന്ന് അയാൾ ഷൂസൂരി പുകക്കുറ്റി വലിച്ചെടുത്തു. അതു തുറക്കുന്നതിനു മുൻപേ ആർഎൽപി അംഗം ഹനുമാൻ ബേനിവാൾ സീറ്റിനു മുകളിലൂടെ ചാടി അയാളെ പിടികൂടി. വൈഎസ്ആർ കോൺഗ്രസ് എംപി ഗൊറാണ്ടല മാധവും കോൺഗ്രസ് അംഗം ഗുർജിത് സിങ് ഓജ്‍ലയും അപ്പോഴേക്ക് ചാടി വീണിരുന്നു. എംപിമാർ ചേർന്ന് അടിച്ചും ഇടിച്ചും അയാളെ കീഴ്പ്പെടുത്തി. ‘അവൻ ഭഗത് സിങ് കളിക്കാൻ നോക്കി, കിട്ടേണ്ടതു കിട്ടി’യെന്ന് ബേനിവാൾ വിളിച്ചു പറഞ്ഞു. അതിനിടെ വീണ്ടും മഞ്ഞപ്പുക ഉയർന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പുകക്കുറ്റി പുറത്തേക്കു കൊണ്ടുപോയി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാക്കളുടെ തല കുനിച്ചു പിടിച്ചു പുറത്തേക്കു കൊണ്ടുപോയി. 

രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ് എന്നിവരായിരുന്നു അപ്പോൾ സഭയിലുണ്ടായിരുന്ന കേരള എംപിമാർ. ചർച്ചകൾക്കായി പുറത്തേക്കു പോയിരുന്ന എൻ.കെ.പ്രേമചന്ദ്രനും ആന്റോ ആന്റണിയും സഭയിലേക്കു വന്നതും ആ സമയത്തായിരുന്നു. പ്രതിപക്ഷ ബെഞ്ചിൽ മറ്റ് എംപിമാരോടു സംസാരിക്കുകയായിരുന്ന രാഹുൽ ഗാന്ധി ബഹളം കേട്ട് എഴുന്നേറ്റു വന്നപ്പോഴാണ് രൂക്ഷഗന്ധത്തോടെ പുക ഉയർന്നത്. ‘വിഷപ്പുകയാവാം മാറിപ്പോവൂ’വെന്ന് ആന്റോ രാഹുലിനോടു പറഞ്ഞു. 

ഗൗരവ് ഗൊഗോയ് രാഹുലിനെ പുറത്തേക്ക് നയിച്ചു. ബഹളം കഴിഞ്ഞ ശേഷം സ്പീക്കർ ഓം ബിർല ചേംബറിൽ നിന്നു പുറത്തു വന്ന് വിവരങ്ങൾ തിരക്കി.  സന്ദർശക ഗാലറിയിലിരുണ്ടായിരുന്നവരെ നിമിഷനേരം കൊണ്ടു പുറത്തിറക്കി. ഗാലറിക്കു പുറത്ത് ഇടനാഴികളിൽ ആകെ പരിഭ്രാന്തിയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ സന്ദർശകർ. വീഴ്ചയുണ്ടായതിന്റെ ആശങ്കയിൽ സുരക്ഷാ ഉദ്യോഗസ്ഥർ. ശരീര പരിശോധന കഴിഞ്ഞിട്ടും 2 പുകക്കുറ്റികൾ എങ്ങനെ കടത്തിയെന്ന് അവർ പറയുന്നുണ്ടായിരുന്നു.

ഗാലറികളും ലോക്കറുകളുമെല്ലാം അരിച്ചുപെറുക്കിയ ശേഷമാണ് ഉച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരെ അകത്തേക്കു കടത്തിയത്. സന്ദർശക ഗാലറികളിലാവട്ടെ, അപ്പോൾ ശരിക്കും ‘ശൂന്യവേള’!

ലോക്സഭയിൽ പുക; പുറത്ത് പരിഭ്രാന്തി

ന്യൂഡൽഹി ∙ ഉച്ചയ്ക്ക് ഒരു മണി. ‘ലോക്സഭയ്ക്കുള്ളിൽ ആക്രമണമുണ്ടായി. വിഷപ്പുകയുമായി 2 പേർ ഗാലറിയിൽനിന്നു ചാടി...’ സഭയ്ക്കു പുറത്തേക്ക് ഓടിയെത്തിയ കോൺഗ്രസ് അംഗം കാർത്തി ചിദംബരം അലറിവിളിച്ചു. പിന്നാലെ മറ്റ് എംപിമാരും പുറത്തേക്കു പാഞ്ഞിറങ്ങി. പ്രതിഷേധക്കാർ തുറന്നുവിട്ട മഞ്ഞപ്പുക വിഷമാണെന്നാണു കാർത്തിയുൾപ്പെടെ ആദ്യം കരുതിയത്. രാഹുൽ ഗാന്ധി അടക്കം കൂടുതൽ പേർ പിന്നാലെ പുറത്തെത്തി.

സഭയ്ക്കു പുറത്തുള്ളവർ എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിനിന്നു. 2001 ലെ ആക്രമണത്തിന്റെ 22–ാം വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പാർലമെന്റ് അങ്കണത്തിൽ നടന്ന് ഏതാനും മണിക്കൂറുകൾ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. പാർലമെന്റ് സുരക്ഷാ സർവീസിലെ ഉദ്യോഗസ്ഥരും നായയും സഭയ്ക്കുള്ളിലേക്കു കുതിച്ചു. പാർലമെന്റിലേക്കു കയറാൻ കാത്തുനിന്ന സന്ദർശകരെ സുരക്ഷാസംഘം സ്ഥലത്തുനിന്നു മാറ്റി.

English Summary:

Writeup about yesterday's Parliament Security Breach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com