ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റ് സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടേറിയറ്റിനും സ്പീക്കർക്കുമാണെന്നു ലോക്സഭാ സ്പീക്കർ ഓം ബിർല പറഞ്ഞു. സർക്കാരിന് ഇതിൽ ഇടപെടാൻ അവകാശമില്ലെന്നും അത് അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയും ലോക്സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിശദീകരണം.  നേരത്തേയും സുരക്ഷാ പാളിച്ചകളുണ്ടായിട്ടുണ്ട്. അത് വേണ്ടവിധം കൈകാര്യം ചെയ്തിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. 

ഇത്തരം സംഭവങ്ങളെ ഒരുമിച്ചു നേരിടണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അമിത് ഷാ എവിടെയെന്നു ചോദിച്ചു പ്ലക്കാർഡുകളുയർത്തിയ പ്രതിപക്ഷം അക്രമികൾക്കു പാസ് നൽകിയ ബിജെപി അംഗം പ്രതാപ് സിംഹയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.  സിംഹ ഉച്ചയ്ക്കു ശേഷമാണു സഭയിലെത്തിയത്.  

ബിജെപി എംപി നൽകിയ പാസ് ഉപയോഗിച്ചാണ് പ്രതികൾ അതിക്രമിച്ചു കയറിയത് എന്നതു പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി. പ്രതാപ് സിംഹ അറിഞ്ഞുകൊണ്ടാണു പാസ് നൽകിയതെന്നു പ്രതിപക്ഷവും കരുതുന്നില്ലെങ്കിലും സർക്കാരിനെ അടിക്കാൻ കിട്ടിയ വടിയായാണ് അവർ ഇത് കാണുന്നത്.

പാസ് നൽകിയത് ആളെ അറിയാതെ: ബിജെപി എംപി 

പ്രതി മനോരഞ്ജന്റെ പിതാവ് മൈസൂരുവിൽ അറിയപ്പെടുന്ന വ്യക്തിയാണെന്നും സ്റ്റാഫിന്റെ നിർദേശപ്രകാരമാണ് പാസ് നൽകിയതെന്നുമാണു പ്രതാപ് സിംഹ സ്പീക്കർക്കു നൽകിയ വിശദീകരണമെന്ന് സൂചന. പാസ് കൊടുക്കുന്ന 90% ആളുകളെയും എംപിമാർക്കു നേരിട്ട് അറിയാത്തവരാണെന്നു സിംഹ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പാർഥിപൻ ചെന്നൈയിൽ; ഇറങ്ങാതെ ഡെറക്

ലോക്സഭയിൽ ബഹളമുണ്ടാക്കിയെന്ന പേരിൽ ആദ്യം സസ്പെൻഡ് ചെയ്യപ്പെട്ട ഡിഎംകെ എംപി എസ്.ആർ.പാർഥിപൻ ഇന്നലെ ചെന്നൈയിലായിരുന്നു. രാജ്യസഭയിൽ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ നേതാവ് ഡെറക് ഒബ്രയനോട് സഭയിൽ നിന്ന് ഇറങ്ങിപ്പോകാൻ പലതവണ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ നിർദേശിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഡെറക്കിനു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തിറങ്ങിയതോടെ സഭ ബഹളമയമായി.

പ്രശ്നപരിഹാര ചർച്ചയ്ക്കായി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ ധൻകർ ചേംബറിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം പോയില്ല. ഡെറക്കിന്റെ പെരുമാറ്റം സഭാമര്യാദകൾക്കു നിരക്കുന്നതല്ലെന്നു കാട്ടി വിഷയം അവകാശലംഘന സമിതിക്കു വിടാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. പിന്നാലെ സഭ ഇന്നത്തേക്കു പിരിഞ്ഞു. തുടർന്ന് പാർലമെന്റ് വളപ്പിൽ ഡെറക് മൗനസമരം നടത്തി.

English Summary:

Speaker take responsibility of Parliament Security Breach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com