ടെലികോം ബിൽ ഈ സമ്മേളനത്തിൽ തന്നെ
Mail This Article
ന്യൂഡൽഹി∙ ഏറെ ചർച്ചയായ ടെലികോം ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അവതരിപ്പിക്കാൻ സാധ്യതയില്ലെന്നായിരുന്നു സൂചനയെങ്കിലും ബിൽ അവതരിപ്പിക്കുന്ന കാര്യം രാഷ്ട്രപതിയെ അറിയിച്ചതായി ഇന്നലെ പ്രസിദ്ധീകരിച്ച ലോക്സഭാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഇന്റർനെറ്റ് കോളിങ് കൂടി ഉൾപ്പെടുത്താൻ കരടുബില്ലിൽ ഉണ്ടായിരുന്ന വ്യവസ്ഥ നീക്കം ചെയ്തതായാണു സൂചന. ഈ വ്യവസ്ഥ നടപ്പായാൽ വാട്സാപ്, ടെലിഗ്രാം പോലെയുള്ള സേവനങ്ങൾക്ക് ടെലികോം ലൈസൻസ് ആവശ്യമായി വരുമായിരുന്നു.
ഫോണിൽ നേരിട്ടോ, വാട്സാപ് പോലെയുള്ള ആപ്പുകൾ വഴി വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരുടെ പേരുവിവരം അവ സ്വീകരിക്കുന്നയാൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ സ്ക്രീനിൽ ദൃശ്യമാക്കുന്ന സംവിധാനം സർക്കാരിന്റെ പരിഗണനയിലുണ്ട്.
സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും ടെലികോം കമ്പനികൾക്ക് സർക്കാർ വഴി അനുമതി ലഭിക്കാനും വ്യവസ്ഥയുണ്ടാകും.