ADVERTISEMENT

ന്യൂഡൽഹി ∙ കുട്ടി ഒപ്പം കയറിയില്ലെന്നറിഞ്ഞ് മെട്രോ ട്രെയിനിൽനിന്നു തിരിച്ചിറങ്ങവേ, വാതിലിൽ സാരി കുടുങ്ങി യുവതി മരിച്ചു. വ്യാഴാഴ്ച ഡൽഹി ഇന്ദർലോക് സ്റ്റേഷനിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ റീനയാണ് (35) കഴിഞ്ഞദിവസം ആശുപത്രിയിൽ മരിച്ചത്. തിരിച്ചിറങ്ങുന്നതിനിടെ വാതിലടഞ്ഞപ്പോൾ റീനയുടെ സാരി അതിനിടയിൽ കുടുങ്ങുകയായിരുന്നു. 25 മീറ്ററോളം പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെട്ടശേഷമാണ് പാളത്തിലേക്കു വീണത്.

തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കുകളോടെ ആദ്യം ലോക് നായക് ആശുപത്രിയിലും തുടർന്ന് റാം മനോഹർ ലോഹ്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞ് രണ്ടിടത്തും പ്രവേശിപ്പിച്ചില്ല. തുടർന്ന് എത്തിച്ച സഫ്ദർജങ് ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണു മരണം. 

റീനയുടെ ഭർത്താവ് 7 വർഷം മുൻപ് മരിച്ചിരുന്നു. മക്കൾ: റിയ (12), ഹിതേൻ (10). ചെറിയ പച്ചക്കറിക്കട നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്.

അപകടത്തെക്കുറിച്ച് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ അന്വേഷിക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) വക്താവ് അറിയിച്ചു.ഡിഎംആർസിയുടെ വീഴ്ചയാണ് അപകടകാരണമെന്ന് ആരോപിച്ച് റീനയുടെ ബന്ധുക്കൾ ആദ്യം മൃതദേഹം ഏറ്റുവാങ്ങിയില്ല. പിന്നീട് ഇവരെ അനുനയിപ്പിച്ചാണു പോസ്റ്റ്മോർട്ടം നടത്തിയത്.
വാതിൽ തുറന്നില്ല

വസ്ത്രമോ മറ്റെന്തെങ്കിലുമോ ഇടയ്ക്കു കുടുങ്ങിയാൽ മെട്രോ ട്രെയിനിന്റെ വാതിൽ താനേ തുറക്കേണ്ടതാണ്. റീനയുടെ സാരി കുരുങ്ങിയപ്പോൾ വാതിൽ തുറക്കാതിരുന്നത് എന്താണെന്ന ചോദ്യത്തിന് അന്വേഷണത്തിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നായിരുന്നു ഡൽഹി മെട്രോ അധികൃതരുടെ മറുപടി.

English Summary:

Saree stuck in Metro door, woman pulled for metres & thrown onto tracks, dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com