ADVERTISEMENT

ജമ്മു ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രദേശവാസികളായ 2 പേർ കസ്റ്റഡിയിൽ. ഭീകരരുടെ സാന്നിധ്യത്തെപ്പറ്റി ഇവർക്ക് അറിവുണ്ടായിരുന്നുവെന്നാണ് സൂചന. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ ഭാഗമായ പീപ്പിൾസ് ആന്റി ഫാഷിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഉത്തരവാദിത്തമേറ്റെടുത്തു. സംഭവത്തിൽ എൻഐഎ അന്വേഷണം തുടങ്ങി. 

ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും ഹെലികോപ്റ്ററും ഉപയോഗിച്ചും പൊലീസ് നായകളുടെ സഹായത്തോടെയും ശക്തമായ തിരച്ചിൽ നടത്തുന്ന സൈന്യം ഈ പ്രദേശം മുഴുവൻ വളഞ്ഞു. കൊടുംകാട്ടിൽ 4 മുതൽ 6 വരെ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. 

പൂഞ്ചിൽ ഭീകരരുടെ ആക്രമണമുണ്ടായ സ്ഥലത്ത് തകർന്ന സൈനിക വാഹനം.ചിത്രം: പിടിഐ
പൂഞ്ചിൽ ഭീകരരുടെ ആക്രമണമുണ്ടായ സ്ഥലത്ത് തകർന്ന സൈനിക വാഹനം.ചിത്രം: പിടിഐ

താനാമണ്ഡിക്കു സമീപം ദേരാകി ഖലിയിൽ സുരൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകിട്ട് 3.45ന് ആയിരുന്നു ദുരന്തമുണ്ടായത്. ഭീകരരുടെ സാന്നിധ്യത്തെപ്പറ്റി വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച മുതൽ ദേരാകി ഖലിയിൽ സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. ഇവിടേക്ക് കൂടുതൽ സൈനികരുമായി പോയ 48 രാഷ്ട്രീയ റൈഫിൾസിന്റെ 2 വാഹനങ്ങൾക്കു നേരെ കൊടുംവളവിൽ വച്ച് മലമുകളിൽ പതിയിരുന്ന ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഗ്രനേഡ് എറിഞ്ഞ് സ്ഫോടനം നടത്തിയശേഷം വാഹനങ്ങൾ വളഞ്ഞ് വെടിയുതിർത്തു. 2 സൈനികരുടെ മൃതദേഹത്തെ അപമാനിക്കുകയും ആയുധങ്ങൾ കവരുകയും ചെയ്തു. 

ബീരേന്ദ്രസിങ്, കരൺകുമാ‍ർ, ചന്ദൻകുമാർ, ഗൗതംകുമാർ എന്നിവരും മറ്റൊരു സൈനികനുമാണ് വീരമൃത്യു വരിച്ചത്. 2 സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. 

രജൗറി, പൂഞ്ച് മേഖലകളിൽ ഭീകരാക്രമണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. 2 മാസത്തിനിടെയുള്ള രണ്ടാമത്തെ ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നത്. കഴിഞ്ഞ 2 വർഷത്തിനിടെ 35 സൈനികരാണ് ഈ മേഖലയിൽ വീരമൃത്യു വരിച്ചത്. ഇവരിൽ 3 ഓഫിസർമാരും ഉൾപ്പെടുന്നു. ജമ്മുവിൽ ഈ വർഷം 24 സുരക്ഷാഭടൻമാർ അടക്കം 59 പേർക്കു ജീവൻ നഷ്ടമായി. രഹസ്യാന്വേഷണം പരാജയമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

അതിനിടെ യുഎസിൽ നിന്ന് ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നടത്തുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു കശ്മീരിലെ ഭീകരഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നതായി സംശയിക്കുന്നു. പാക്ക് ചാരസംഘടനയായ ഐഎസുമായി നേരത്തെ തന്നെ ബന്ധമുള്ളയാളാണ് പന്നു. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തെപ്പറ്റിയും പന്നു പ്രതികരിച്ചിട്ടുണ്ട്.

English Summary:

5 soldiers martyred, 2 injured after terrorists attack army vehicles in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com