പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : സമൂഹമാധ്യമ പോസ്റ്റ് നീക്കുമെന്ന് രാഹുൽ

Mail This Article
ന്യൂഡൽഹി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നടത്തിയ സമൂഹമാധ്യമ പോസ്റ്റ് പിൻവലിക്കുമെന്നു രാഹുൽ ഗാന്ധി ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. പെൺകുട്ടിയെ തിരിച്ചറിയാൻ സാധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി സമൂഹമാധ്യമമായ എക്സിൽ (മുൻപ് ട്വിറ്റർ) നടത്തിയ പോസ്റ്റ് പിൻവലിക്കുമെന്നാണു കോടതിയിൽ അറിയിച്ചത്. 2021ൽ ഡൽഹി കന്റോൺമെന്റ് ഭാഗത്താണു 9 വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടതിനു ശേഷമാണ് ഇവരുടെ ചിത്രം സഹിതം പോസ്റ്റിട്ടത്. ഇതിനെതിരെ സാമൂഹിക പ്രവർത്തകനായ സുരേഷ് മഹ്ദാൽക്കരാണു കോടതിയെ സമീപിച്ചത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥ ലംഘിച്ചുവെന്നായിരുന്നു ആരോപണം. തുടർന്നു കമ്പനി പോസ്റ്റ് ബ്ലോക്ക് ചെയ്തിരുന്നു. പ്രസ്തുത പോസ്റ്റ് നീക്കി ഉത്തരവിടാൻ താൽപര്യമില്ലെന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്കർണ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇതു നീക്കുമെന്നു രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.