ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ സർവാദരണീയ നേതാവുമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദി വർഷത്തിന് ഇന്നു തുടക്കം. അധ്യാപകനായിരുന്ന കൃഷ്‌ണബിഹാരി വാജ്‌പേയിയുടെയും കൃഷ്‌ണാദേവിയുടെയും മകനായി മധ്യപ്രദേശിലെ ഗ്വാളിയറിൽ 1924ലെ ക്രിസ്‌മസ് ദിനത്തിലായിരുന്നു വാജ്പേയിയുടെ ജനനം. കന്യാകുബ്‌ജ ബ്രാഹ്‌മണരാണു വാജ്‌പേയി കുടുംബം. ഉത്തർപ്രദേശിൽ ആഗ്രയ്ക്കടുത്താണ് കുടുംബവേരുകൾ. 

സ്‌കൂൾ വിദ്യാർഥിയായിരിക്കെ ആര്യ സമാജ് സഭയുടെ കുട്ടികളുടെ വിഭാഗമായ ആര്യകുമാർ സഭയുടെ സജീവപ്രവർത്തകനായിരുന്നു. ഒപ്പം ആർഎസ്‌എസ് ശാഖയിലും ചേർന്നു. കോളജിലെത്തിയതോടെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിൽ ആകൃഷ്‌ടനായി. ഗ്വാളിയർ വിക്‌ടോറിയ കോളജിൽ ബിഎ വിദ്യാർഥിയായിരിക്കെ സ്‌റ്റുഡൻസ് ഫെഡറേഷന്റെ സെക്രട്ടറിയായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് 14 ദിവസം ജയിലിലായി. 1945ൽ എൽഎൽബി പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിൽ സജീവമായി. 

ഹിന്ദു മഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ സെക്രട്ടറിയായ വാജ്പേയി 1951ൽ മുഖർജി ആരംഭിച്ച ഭാരതീയ ജനസംഘത്തിൽ അംഗമായി. 1952ൽ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1957ൽ ഭാരതീയ ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവായി. 1958ൽ പാർലമെന്റിൽ നടത്തിയ പ്രസംഗം നെഹ്‌റുവിന്റെ  പ്രശംസ പിടിച്ചുപറ്റി. 1968–73ൽ ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റായി. അടിയന്തരാവസ്‌ഥക്കാലത്തു ജയിലിൽ. 1977–79ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി. ജനതാ പാർട്ടിയുടെ സ്‌ഥാപക അംഗം. 1980–86ൽ ബിജെപി ദേശീയ അധ്യക്ഷൻ. 1996ൽ 13 ദിവസം പ്രധാനമന്ത്രി; ഏറ്റവും ദൈർഘ്യം കുറഞ്ഞ കേന്ദ്രമന്ത്രിസഭയായി അതു മാറി. 1998ൽ അധികാരത്തിൽ തിരിച്ചെത്തി. 1999ൽ വാജ്‌പേയി അവതരിപ്പിച്ച വിശ്വാസ പ്രമേയം ഒരു വോട്ടിന്റെ കുറവിൽ പരാജയപ്പെട്ടതോടെ അധികാരമൊഴിഞ്ഞു. എന്നാൽ 1999ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം നയിച്ച എൻഡിഎ സഖ്യം മികച്ച വിജയം നേടി. 1999 മുതൽ 2004 വരെ പ്രധാനമന്ത്രിയായി. 

1998ലെ രണ്ടാം പൊഖ്‌റാൻ ആണവപരീക്ഷണവും 1999ലെ കാർഗിൽ യുദ്ധവും 2001 ഡിസംബർ 13ന് പാർലമെന്റ് മന്ദിരം ആക്രമിക്കപ്പെട്ടതും വാജ്പേയിയുടെ ഭരണകാലത്താണ്. 10 തവണ ലോക്‌സഭയിലേക്കും 2 തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2015ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു. 2018 ഓഗസ്റ്റ് 16ന് അന്തരിച്ചു. 

ആഴത്തിലുള്ള അറിവും സരസമായ സംഭാഷണശൈലിയും കൈമുതലാക്കിയ വാജ്പേയി, വ്യത്യസ്‌തമായ രാഷ്‌ട്രീയനിലപാടുള്ളവർക്കുപോലും പ്രിയപ്പെട്ടവനായി. കവി, എഴുത്തുകാരൻ, വാഗ്മി, പ്രഭാഷകൻ, രാജ്യതന്ത്രജ്‌ഞൻ എന്നീ നിലകളിലും തിളങ്ങി. പരന്ന വായനയുള്ള വാജ്‌പേയിയുടെ ഇഷ്ടവിനോദങ്ങളിലൊന്ന് പാചകമായിരുന്നു.

English Summary:

Atal Bihari Vajpayee Birth Anniversary Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com