ADVERTISEMENT

ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷനിലെ പ്രശ്നങ്ങൾ ശമനമില്ലാതെ തുടരുന്നു. വനിതാ താരങ്ങളോടു മോശമായി പെരുമാറിയ മുൻ പ്രസിഡന്റ് ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഖേൽ രത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകി. 

ഒളിംപിക് മെഡൽ ജേതാവ് ബജ്‍രംഗ് പൂനിയയും ഡബിലിംബിക്സ് ചാംപ്യൻ വീരേന്ദർ സിങ് യാദവും കഴിഞ്ഞ ദിവസം മെഡലുകൾ തിരിച്ചുനൽകി പ്രതിഷേധിച്ചതിനു പിന്നാലെയാണിത്. ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ നടപടി. പ്രതിഷേധം ശക്തമായപ്പോൾ സർക്കാർ ഇടപെട്ടു ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു.  

ഇതേസമയം, ഗുസ്തി ഫെഡറേഷനു പകരം അഡ്ഹോക് സമിതി ഉടൻ രൂപീകരിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വൃത്തങ്ങൾ പറഞ്ഞു. ക്രിസ്മസ് അവധി കാരണമാണ് വൈകിയതെന്നും എത്രയും പെട്ടെന്നു തന്നെ സമിതി രൂപീകരിക്കുമെന്നും പറ‍ഞ്ഞു. ഇതേപ്പറ്റി അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചിട്ടില്ല. 

അതിനിടെ, സസ്പെൻഡ് ചെയ്യപ്പെട്ട   പ്രസിഡന്റ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. കായിക മന്ത്രിയുമായി ചർച്ച നടത്താനുള്ള സഞ്ജയ് സിങ്ങിന്റെ ശ്രമം വിജയിച്ചില്ല. സമിതിയെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്ത ഞായറാഴ്ച ബ്രിജ് ഭൂഷൺ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കണ്ടു ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ വിളിപ്പിച്ചതായി ബ്രിജ് ഭൂഷണോട് അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നുവെങ്കിലും ചർച്ച നടന്നില്ല. 

കിഴക്കൻ ഉത്തർപ്രദേശിൽ വലിയ സ്വാധീനമുള്ള ബ്രിജ് ഭൂഷണെ സമാധാനിപ്പിക്കാനാണ് ദേശീയ നേതൃത്വം വിളിപ്പിച്ചതെന്ന് പറയുന്നു. നഡ്ഡയുമായി ചർച്ച കഴിഞ്ഞാണ് ഇനി ഗുസ്തിയുമായി ബന്ധമില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു പോവുകയാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞത്.

English Summary:

Vinesh Phogat also returned awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com