ADVERTISEMENT

ന്യൂഡൽഹി ∙ 2021 ൽ രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇസ്രയേൽ ചാരസോഫ്റ്റ്‍വെയർ പെഗസസ് ഇക്കൊല്ലം 2 മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ‘ദ് വയർ’ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒസിസിആർപി) റീജനൽ എഡിറ്റർ ആനന്ദ് മങ്നാലെ എന്നിവരുടെ ഫോണുകളിൽ നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് പെഗസസ് സാന്നിധ്യം സ്ഥിരീകരിച്ചത്. 

ആംനെസ്റ്റി ഇന്റർനാഷനലും യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റും സൈബർ സുരക്ഷാ ഏജൻസിയായ ‘ഐവെരിഫൈ’യും ചേർന്നു നടത്തിയ പരിശോധനയിൽ, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ഫോണിലും ഹാക്കിങ് നടന്നിട്ടുണ്ടാകാമെന്നാണു നിരീക്ഷണം. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ ചക്രവർത്തിയുടെ ഫോണിലും സംശയകരമായ ഇടപെടലുകൾ കണ്ടെത്തിയിട്ടുണ്ട്. 

ഇവരുടെയെല്ലാം ഐഫോണുകളിലെ വിവരങ്ങൾ ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാർ’ ചോർത്താൻ ശ്രമിച്ചിട്ടുണ്ടാകാമെന്ന് ആപ്പിൾ കമ്പനി ഒക്ടോബറിൽ മുന്നറിയിപ്പു നൽകിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ജീവനക്കാർ അടക്കമുള്ളവർക്കും മുന്നറിയിപ്പു ലഭിച്ചിരുന്നു. 

യുഎസിലുള്ള ഖലിസ്ഥാൻ ഭീകരൻ ഗുർപട്‍വന്ത് സിങ് പന്നുവിന്റെ ഫോണിലും ഹാക്കിങ് ശ്രമം നടന്നിട്ടുണ്ടാകാമെന്ന് റിപ്പോർട്ടിലുണ്ട്. ജൂണിൽ പെഗസസ് സോഫ്റ്റ്‌വെയറിന്റെ ഒരു ‘ഉപയോക്താവ്’ ഇന്ത്യയിലുള്ളവരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ തയാറെടുക്കുന്നതിന്റെ തെളിവ് ആംനെസ്റ്റി തങ്ങളെ കാണിച്ചിരുന്നതായി വാഷിങ്ടൻ പോസ്റ്റ് വ്യക്തമാക്കി. സർക്കാർ ഉപയോക്താക്കൾക്കു മാത്രം സോഫ്റ്റ്‌വെയർ വിൽക്കാനേ സ്രഷ്ടാക്കളായ എൻഎസ്ഒക്ക് ഇസ്രയേൽ പ്രതിരോധ വകുപ്പ് അനുമതി നൽകിയിട്ടുള്ളൂ. 

അദാനിക്കെതിരെ റിപ്പോർട്ട്; പിന്നാലെ പെഗാസസ്

അദാനി ഗ്രൂപ്പിന്റെ ദുരൂഹ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ഒസിസിആർപിയുടെ അന്വേഷണാത്മക റിപ്പോർട്ട് തയാറാക്കിയവരിൽ ഒരാളാണ് ആനന്ദ് മങ്നാലെ. റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റെ പ്രതികരണം തേടാൻ ഓഗസ്റ്റ് 22ന് ഒസിസിആർപി മെയിൽ അയച്ച് 24 മണിക്കൂറിനകമാണ് ആനന്ദിന്റെ ഫോണിൽ പെഗസസ് കടന്നുകൂടിയതെന്ന് വാഷിങ്ടൻ പോസ്റ്റ് ചൂണ്ടിക്കാട്ടി. എന്നാൽ, അദാനി ഗ്രൂപ്പ് ഈ ആരോപണം നിഷേധിച്ചു. മങ്‍നാലെയ്ക്കൊപ്പം റിപ്പോർട്ട് തയാറാക്കിയ മലയാളി രവി നായരുടെ ഫോണിൽ പെഗസസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. 

ഒക്ടോബർ 16ന് സിദ്ധാർഥ് വരദരാജന്റെ ഫോണിൽ പെഗസസ് ഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമം വിജയം കണ്ടില്ല. മാൽവെയർ കടന്നുകൂടാനുള്ള പിഴവ് അപ്ഡേറ്റിലൂടെ ആപ്പിൾ പരിഹരിച്ചതാണ് കാരണം. സിദ്ധാർഥിന്റെയും ആനന്ദിന്റെയും ഫോണിൽ natalymarinova@proton.me എന്ന ആപ്പിൾ ഐഡിയിൽനിന്നാണ് ആക്രമണശ്രമമുണ്ടായത്. ഒസിസിആർപിയുടെ മറ്റൊരു മാധ്യമപ്രവർത്തകനും മാൽവെയർ അടങ്ങിയ ഇമെയിൽ ലഭിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 

മുന്നറിയിപ്പിന്റെ പേരിൽ ആപ്പിളിന് സമ്മർദം

പ്രതിപക്ഷനേതാക്കളുടെ ഐഫോണുകളിലെ വിവരങ്ങൾ സർക്കാർ സ്പോൺസേഡ് ഹാക്കർമാർ ചോർത്താൻ ശ്രമിച്ചിട്ടുണ്ടാകാമെന്ന മുന്നറിയിപ്പ് വിവാദമായതിനു പിന്നാലെ ആപ്പിൾ കമ്പനിക്കുമേൽ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പു പിൻവലിക്കാനും അബദ്ധം പറ്റിയതാണെന്ന് ഉപയോക്താക്കളോടു പറയാനും വരെ സർക്കാർ ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ, കണ്ടെത്തലിൽ കമ്പനി ഉറച്ചുനിന്നു. സർക്കാരിന്റെ കടുത്ത സമ്മർദമുണ്ടെന്ന് ആപ്പിൾ ഇന്ത്യ എംഡി വിരാട് ഭാട്യ സഹപ്രവർത്തകരോടു പറഞ്ഞിരുന്നതായും റിപ്പോർട്ടിലുണ്ട്. 

English Summary:

Pegasus again and used against two journalists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com