ADVERTISEMENT

ന്യൂഡൽഹി ∙ അസമിലെ വിഘടനവാദി സംഘടനയായ ഉൾഫയുടെ ഒരു വിഭാഗവും കേന്ദ്ര–സംസ്ഥാന സർക്കാരുകളും തമ്മിൽ കഴിഞ്ഞദിവസം ഒപ്പിട്ട സമാധാനക്കരാർ ഇടഞ്ഞുനിൽക്കുന്ന ഉൾഫ വിഭാഗവുമായി ചർച്ചയ്ക്കു വഴിയൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

അരബിന്ദ രാജ്ഖോവയും അനൂപ് ചേട്ടിയയും നയിക്കുന്ന വിഭാഗമാണ് ദീർഘകാലത്തെ ചർച്ചകൾക്കുശേഷം ആയുധമുപേക്ഷിച്ച് രാഷ്ട്രീയതല സമാധാനസംവിധാനത്തിനു തയാറായത്. ഇടഞ്ഞുനിൽക്കുന്ന പരേഷ് ബറുവയുടെ വിഭാഗവും ഇതേ മാർഗം സ്വീകരിക്കാൻ തയാറാകുമെന്നാണു കരുതുന്നത്. ബറുവയുടെ പ്രതിനിധികൾ ചർച്ചകളുടെ സാധ്യത ആരായുന്നുണ്ടെന്നാണ് അറിയുന്നത്. സ്വന്തമായ സംസ്കാരവും ചരിത്രവുമുള്ള അസമിനെ വേറിട്ടൊരു രാജ്യമാക്കാനുള്ള ലക്ഷ്യത്തോടെയാണ് 1979 ൽ രാജ്ഖോവ, ചേട്ടിയ, ബറുവ, പ്രദീപ് ഗൊഗോയ്, ഭദ്രേശ്വർ ഗൊഹെയ്ൻ എന്നിവർ ചേർന്ന് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം രൂപീകരിച്ചത്. 

തേയിലത്തോട്ടമുടമകളെ ഭീഷണിപ്പെടുത്തിയും ആളുകളെ തട്ടിയെടുത്തു മോചനദ്രവ്യം ആവശ്യപ്പെട്ടും പണമുണ്ടാക്കിയാണ് പോരാട്ടം നടത്തിയിരുന്നത്. പതിനായിരത്തിലേറെപ്പേർ ഇവരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണു കരുതുന്നത്. ബംഗ്ലദേശിലും മ്യാൻമറിലും ഭൂട്ടാനിലും പരിശീലനക്യാംപുകളും താവളങ്ങളും സ്ഥാപിച്ചിരുന്നു. 2003–04 ൽ ഭൂട്ടാൻ സൈന്യത്തിന്റെ സഹകരണത്തോടെ ഇന്ത്യ നടത്തിയ ദൗത്യത്തിലൂടെ ഭൂട്ടാനിലെ താവളങ്ങൾ തകർത്തു.

2005 ൽ ആരംഭിച്ച സമാധാനചർച്ചകൾ പരാജയപ്പെട്ടെങ്കിലും 2008 ൽ രാജ്ഖോവയെയും ചേട്ടിയയെയും ചർച്ചയ്ക്കെത്തിക്കാൻ സർക്കാരിനു സാധിച്ചു. ഇതിനെ ബറുവ എതിർത്തപ്പോൾ സംഘടന പിളർന്നു. 2012 ൽ രാജ്ഖോവ– ചേട്ടിയ വിഭാഗം സമർപ്പിച്ച പന്ത്രണ്ടിന അവകാശപത്രത്തിന്മേൽ‍ നടത്തിയ ചർച്ചകളാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിൽ കഴിയുന്ന, 70 വയസ്സ് കഴിഞ്ഞ ബറുവയ്ക്കും പോരാട്ടം മടുത്തതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾക്കു സൂചന ലഭിച്ചിട്ടുണ്ട്. ബറുവയുടെ നൂറ്റൻപതോളം പോരാളികൾ മ്യാൻമറിലെ ക്യാംപുകളിലുണ്ടെന്നാണ് അറിവ്.

English Summary:

Barua faction may also lay down arms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com