ADVERTISEMENT

ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ, ബിജെപി സഖ്യം ഉപേക്ഷിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി മാസങ്ങളായി തുടരുന്ന ശീതയുദ്ധത്തിനൊടുവിലാണു പൊട്ടിത്തെറി. അണ്ണാ ‍‍ഡിഎംകെ നേതാക്കളെ ആക്ഷേപിക്കുന്ന സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ നീക്കണമെന്ന ആവശ്യത്തോടു ബിജെപി മുഖംതിരിച്ചതോടെയാണു സഖ്യത്തിലെ മുഖ്യകക്ഷിയായ അണ്ണാ ഡിഎംകെ കടുത്ത നടപടി സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ സഖ്യം രൂപീകരിക്കുമെന്ന് അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി പ്രഖ്യാപിച്ചു.

തമിഴ്നാട്ടിൽ ബിജെപിയുമായുള്ള ബന്ധം വിടുകയാണെന്നു കഴിഞ്ഞ 18നു തന്നെ അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചെങ്കിലും ദേശീയ തലത്തിൽ സഖ്യം തുടരുമെന്നായിരുന്നു ധാരണ. എന്നാൽ, കേന്ദ്രമന്ത്രി അമിത് ഷായുമായി ചർച്ച നടത്താനുള്ള നീക്കം ഫലം കാണാതിരിക്കുകയും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയും ചെയ്തതോടെ ദേശീയതല സഖ്യവും വിടാൻ തീരുമാനിക്കുകയായിരുന്നു.

പാർട്ടി ദൈവമായി കരുതുന്ന മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈ, ജെ.ജയലളിത എന്നിവരെ ബിജെപി അപകീർത്തിപ്പെടുത്തി, പാർട്ടി നയങ്ങളെ വിമർശിച്ചു, പാർട്ടി സുവർണ ജൂബിലി സമ്മേളനത്തെയും ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെയും പരിഹസിച്ചു തുടങ്ങിയ പരാതികളാണ് അണ്ണാ ഡിഎംകെയ്ക്ക് ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ളത്. ഡിഎംകെയുമായി സഖ്യത്തിലായിരുന്ന ബിജെപി, ജയലളിതയുടെ കാലത്താണ് അണ്ണാഡിഎംകെയുമായി കൈകോർത്തത്.

മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മകൻ ഒ.പി.രവീന്ദ്രനാഥാണ് തമിഴ്നാട്ടിൽനിന്ന് അണ്ണാഡിഎംകെയുടെ ഏക എംപി. എന്നാൽ, നിലവിൽ ഇരുവരും പാർട്ടിക്കു പുറത്താണ്.  രാജ്യസഭയിൽ പാർട്ടിക്ക് 4 അംഗങ്ങളുണ്ട്. പാട്ടാളി മക്കൾ കക്ഷി, തമിഴ് മാനില കോൺ‍ഗ്രസ്, പുതിയ തമിഴകം, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് നിലവിൽ തമിഴ്നാട്ടിൽനിന്നു എൻഡിഎയിലുള്ള മറ്റു പാർട്ടികൾ.  പാട്ടാളി മക്കൾ കക്ഷിക്കും തമിഴ് മാനില കോൺഗ്രസിനും ഓരോ രാജ്യസഭാ എംപി വീതുമുണ്ട്.

English Summary: AIADMK ends alliance with BJP led NDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com