ADVERTISEMENT

ന്യൂഡൽഹി ∙ ഓഹരി വിലയിൽ ക്രമക്കേടു കാട്ടിയെന്നതുൾപ്പെടെ അദാനി ഗ്രൂപ്പിനെതിരായി ഹിൻഡൻബർഗ് റിസർച് റിപ്പോർട്ടിലുള്ള ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പകരം, ഹിൻഡൻബർഗും മറ്റും അദാനിയുടെ ഓഹരികളിൽ നടത്തിയ ഹ്രസ്വകാല ഇടപാടുകൾ കാരണം നിക്ഷേപകർക്കുണ്ടായ നഷ്ടത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാൻ കോടതി നിർദേശിച്ചു.

യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച് എന്ന സ്ഥാപനം കഴിഞ്ഞവർഷം ജനുവരി 24നാണ് അദാനിക്കെതിരായ റിപ്പോർ‍ട്ട് പുറത്തുവിട്ടത്. ആരോപണങ്ങൾ അദാനി ഗ്രൂപ്പിന്റെ ഓഹരിവിലയെ സാരമായി ബാധിച്ചിരുന്നു.

ആരോപിക്കപ്പെട്ട ക്രമക്കേടുകളും ഓഹരിവിപണിയിൽ അതുണ്ടാക്കിയ പ്രശ്നങ്ങളും അന്വേഷിക്കാൻ നിർദേശിക്കണമെന്ന 3 ഹർജികളും ഹിൻഡൻബർഗിനെതിരെ നടപടി ആവശ്യപ്പെട്ട ഒരു ഹർജിയുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.

വിധിയിൽ കോടതി പറഞ്ഞത്:

∙ ആരോപണങ്ങളിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേ‍‍ഞ്ച് ബോർ‍ഡ് ഓഫ് ഇന്ത്യ (സെബി) 24 അന്വേഷണങ്ങൾക്കു നടപടിയെടുത്തു. ഇതിൽ രണ്ടെണ്ണമേ ബാക്കിയുള്ളൂ. ഇവ 3 മാസത്തിനകം പൂർത്തിയാക്കണം.

∙ സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് വാർത്തകളുടെയും മറ്റും അടിസ്ഥാനത്തിൽ ഹർജിക്കാർ ഉന്നയിച്ച ആരോപണം അംഗീകരിക്കാനാവില്ല. അന്വേഷണം സമഗ്രം. അതു മറ്റാരെയും ഏൽപിക്കാൻ തക്ക കാരണങ്ങളില്ല. മാധ്യമങ്ങളുടെ അന്വേഷണാത്മക വാർത്തകൾ ‘സെബി’ക്കും വിദഗ്ധ സമിതിക്കുമുള്ള വിവരങ്ങളായി പരിഗണിക്കാം; കുറ്റമറ്റ തെളിവാകില്ല.

∙ കേസ് പരിഗണിക്കുന്നതിനിടെ കോടതി രൂപീകരിച്ച വിദഗ്ധ സമിതി ഓഹരിവിപണിയിലെ നിയന്ത്രണങ്ങൾ മെച്ചപ്പെടുത്താനുള്ള ശുപാർശകൾ നൽകിയിരുന്നു. അവ കേന്ദ്ര സർക്കാരും സെബിയും പരിഗണിക്കണം.

അന്വേഷിക്കുക ഹിൻഡൻബർഗിന്റെ ഷോട്ട് സെല്ലിങ്

∙ ഓഹരികൾ വിലകൊടുത്തു വാങ്ങാതെ, ഉടനെ വിലയിടിയാനുള്ള സാധ്യതകണ്ട് താൽക്കാലിക കൈമാറ്റം (ഷോർട്ട് സെല്ലിങ്) നടത്തുന്ന സ്ഥാപനമാണ് ഹിൻഡൻബർഗ് എന്നു കോടതി ചൂണ്ടിക്കാട്ടി. അദാനിയുടെ ഓഹരികളിൽ‍ ഇത്തരം ഇടപാടു നടത്തിയെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. 

ഇങ്ങനെ ഷോർട്ട് സെല്ലിങ് നടത്തിയപ്പോൾ നിയമലംഘനമുണ്ടായോ എന്നതും അത് ഓഹരി വിപണിയിലുണ്ടായ ചലനങ്ങൾ നിക്ഷേപകർക്കു നഷ്ടമുണ്ടാക്കിയതും കേന്ദ്ര  ഏജൻസികളും സെബിയും അന്വേഷിക്കണം.

∙ ‘സത്യം ജയിച്ചിരിക്കുന്നു. സത്യമേവ ജയതേ. ഒപ്പം നിന്നവരോടു നന്ദിയുണ്ട്.’ – ഗൗതം അദാനി

English Summary:

Enquiry is not against Adani, but against Hindenburg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com