ADVERTISEMENT

ന്യൂഡൽഹി ∙ അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം ഇന്ത്യൻ നാവികസേന കമാൻഡോ നീക്കത്തിലൂടെ പരാജയപ്പെടുത്തി. ലൈബീരിയൻ പതാകയുള്ള ‘എംവി ലില നോർഫോക്’ എന്ന കപ്പലിൽ കടന്നുകയറിയ കടൽക്കൊള്ളക്കാർ സേനയുടെ ശക്തമായ താക്കീതിനെത്തുടർന്ന് റാഞ്ചാനുള്ള ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാമെന്നു നാവികസേനാ വക്താവ് അറിയിച്ചു.

കപ്പലിലെ ജീവനക്കാരായ 15 ഇന്ത്യക്കാരടക്കം 21 പേരെ മാർകോസ് (മറീൻ കമാൻഡോസ്) സുരക്ഷിതരാക്കി. കപ്പൽ ബഹ്‍റൈൻ തീരത്തേക്ക് തിരിച്ചു. ഓപ്പറേഷന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു.

‘എംവി ലില നോർഫോക്’ കപ്പലിൽ ആയുധധാരികളായ അഞ്ചോ ആറോ പേർ കടന്നുകയറിയെന്ന സന്ദേശം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് (യുകെഎംടിഒ) ലഭിച്ചത്. ബ്രസീലിൽ നിന്നു ബഹ്റൈനിലേക്കു പോവുകയായിരുന്ന കപ്പൽ, സൊമാലിയയുടെ കിഴക്കൻ തീരത്തുനിന്ന് 460 നോട്ടിക്കൽ മൈൽ ദൂരെവച്ചാണ് റാഞ്ചാൻ ശ്രമിച്ചത്.

ഇതോടെ കടലിൽ സ്ഥിരം പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ചെന്നൈ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം 3.15നാണ് ഐഎൻഎസ് ചെന്നൈ എംവി ലിലക്കു സമീപമെത്തിയത്. സേനയുടെ പി–8ഐ വിമാനവും പ്രിഡേറ്റർ ഡ്രോണും തുടർച്ചയായി ആകാശനിരീക്ഷണം നടത്തി.

കപ്പൽ വിടണമെന്നു കൊള്ളക്കാർക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് കമാൻഡോകൾ ചെറുബോട്ടിലെത്തി കപ്പലിലേക്ക് കയറി. കപ്പലിന്റെ ഓരോ തട്ടിലും വിശദപരിശോധന നടത്തി കൊള്ളക്കാർ ആരുമില്ലെന്ന് ഉറപ്പാക്കി. കടൽക്കൊള്ളക്കാർ വന്നാൽ അഭയം തേടാനുള്ള പ്രത്യേക അറയിൽ ഒളിച്ചിരുന്ന ജീവനക്കാരെ കമാൻ‍ഡോകൾ സുരക്ഷിതരാക്കി.

കടൽഭീഷണി പതിവാകുന്നു

ചെങ്കടലിലെ ഹൂതി ആക്രമണം മൂലം ഇന്ത്യൻ സമുദ്രത്തിൽനിന്ന് പശ്ചിമ യൂറോപ്പിലേക്കും തിരിച്ചും ചരക്കുകളുമായി നീങ്ങുന്ന കപ്പലുകളുടെ പ്രധാനമാർഗം ഭീഷണിയിലായിരുന്നു.

ഡിസംബർ 23നാണ് സൗദിയിൽനിന്ന് ഇന്ത്യയിലേക്കു വന്ന ‘എംവി കെം പ്ലൂട്ടോ’ എന്ന എണ്ണക്കപ്പലിനു നേരെ അറബിക്കടലിൽ ഡ്രോൺ ആക്രമണമുണ്ടായത്. തൊട്ടടുത്ത ദിവസം എംവി സായിബാബ എന്ന കപ്പൽ കിഴക്കൻ ചെങ്കടലിൽ ആക്രമിക്കപ്പെട്ടു. ഡിസംബർ 14ന് മാൾട്ടയുടെ പതാകയുള്ള എംവി റുവെൻ എന്ന കപ്പൽ റാഞ്ചാൻ ശ്രമം നടന്നു.

English Summary:

Indian Navy marine commandos rescue crew of ship under pirate attack in Arabian Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com