ബംഗാളിൽ തൃണമൂൽ നേതാവിനെ അജ്ഞാതർ വെടിവച്ചുകൊന്നു
Mail This Article
കൊൽക്കത്ത∙ ബംഗാളിലെ ബെഹ്റാംപുരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സത്യൻ ചൗധരിയെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചുകൊന്നു. മുർഷിദാബാദ് ജില്ലയിലെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണു ചൗധരി. ശനിയാഴ്ച വൈകിട്ടാണ് ബൈക്കിലെത്തിയ സംഘം വെടിവച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വിശ്വസ്തനായിരുന്ന സത്യൻ ചൗധരി പിന്നീട് തൃണമൂലിലെത്തുകയായിരുന്നു.
അതിനിടെ ഇ.ഡി സംഘത്തെ ആക്രമിച്ച തൃണമൂൽ കോൺഗ്രസ് നേതാവു ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തത് ബംഗാൾ രാഷ്ട്രീയത്തെ കലുഷിതമാക്കുകയാണ്. ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഭീകരവാദികളുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ഗവർണർ സി.വി. ആനന്ദബോസ് പൊലീസിനോട് ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുൻപ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ അനുയായികൾ ആക്രമിച്ചതിനു പിന്നാലെ ഷെയ്ഖ് ഒളിവിൽ പോയിരുന്നു. ഷെയ്ഖ് ബംഗ്ലദേശിലേക്കു കടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇപ്പോൾ സന്ദേശ്ഖലി മേഖലയിലുണ്ടെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. സർക്കാരിനും പൊലീസിനും ഇക്കാര്യം അറിയാമെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നും അധികാരി ആരോപിച്ചു.
മുതിർന്ന പൗരൻമാർക്ക് പെൻഷൻ പ്രഖ്യാപിച്ച് അഭിഷേക് ചൗധരി
കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി തന്റെ മണ്ഡലമായ ഡയമണ്ട് ഹാർബറിലെ മുതിർന്ന പൗരൻമാർക്കു പെൻഷൻ ഏർപ്പെടുത്തി. 76,000 മുതിർന്ന പൗരന്മാർക്ക് മാസം 1000 രൂപ വീതം നൽകുന്നതാണ് പദ്ധതി. 16,380 പാർട്ടി വൊളന്റിയർമാർ ഇതിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നാണ് അഭിഷേക് പറയുന്നത്. അതേസമയം ഇതിനുള്ള പണം എവിടെ നിന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.