എക്സ്പോസാറ്റിൽ നിന്ന് ആദ്യസന്ദേശം
![XPoSat launch Photo: @isro / X ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്ന് എക്സ്പോസാറ്റ് വിക്ഷേപിച്ചപ്പോൾ. Photo: @isro / X](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/1/1/xposat-launch-photo-isro-x.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യ പുതുവർഷ ദിനത്തിൽ വിക്ഷേപിച്ച എക്സ്റേ പോളാരിമെട്രി ഉപഗ്രഹത്തിൽ (എക്സ്പോസാറ്റ്) നിന്ന് ആദ്യ സന്ദേശം ലഭിച്ചു. കാസിയോപിയ എ (കാസ് എ) എന്ന സൂപ്പർനോവ അവശിഷ്ടത്തിൽ നിന്നുള്ള തരംഗങ്ങളെയാണ് പ്രപഞ്ചത്തിലെ വിവിധ സ്രോതസ്സുകളിൽ നിന്നെത്തുന്ന എക്സ്റേ തരംഗങ്ങളെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച എക്സ്പോസാറ്റിലെ എക്സ്പെക്ട് (XSPECT) എന്ന പഠനോപകരണം പിടിച്ചെടുത്തത്.
ജനുവരി 5ന് എക്സ്പെക്ട് പിടിച്ചെടുത്ത കാസ് എ വികിരണങ്ങളിൽ നിന്ന് മഗ്നീഷ്യം, സിലിക്കൺ, സൾഫർ, ആർഗൺ, കാൽസ്യം, ഇരുമ്പ്, നിയോൺ എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു. പ്രപഞ്ചത്തിലെ തീവ്രമായ ഊർജ പ്രതിഭാസങ്ങളെക്കുറിച്ച് ചുരുളഴിയാത്ത രഹസ്യങ്ങൾ എക്സ്പെക്ട് കണ്ടെത്തുമെന്നാണു പ്രതീക്ഷ.
മനുഷ്യൻ ഏറ്റവും കൂടുതൽ പഠിച്ച സൂപ്പർനോവ അവശിഷ്ടങ്ങളിലൊന്നാണ് കാസിയോപിയ എ . ഭൂമിയിൽ നിന്ന് 11,000 പ്രകാശ വർഷം (9.46 ലക്ഷം കോടി കിലോമീറ്റാണ് ഒരു പ്രകാശവർഷം) അകലെ കാസിയോപിയ നക്ഷത്ര സമൂഹത്തിലാണ് കാസ് എ സ്ഥിതി ചെയ്യുന്നത്. പ്രത്യേക കാരണങ്ങളാൽ ഭീമൻ നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ് സൂപ്പർനോവ. ഇങ്ങനെ പൊട്ടിത്തെറിച്ച ശേഷം നക്ഷത്രങ്ങളുടെ ഉൾക്കാമ്പിനു ചുറ്റും അവശിഷ്ടങ്ങൾ കൊണ്ടു പുറംപാളി രൂപപ്പെടുമ്പോഴാണ് സൂപ്പർനോവ അവശിഷ്ടമായി (Supernova Remnant) മാറുന്നത്.