ADVERTISEMENT

ന്യൂഡൽഹി ∙ ആചാരവിരുദ്ധമായി ചടങ്ങുകൾ നടത്തുന്നതിനാൽ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉത്തരാഖണ്ഡിലെ ജോഷിമഠ് ജ്യോതിഷ് പീഠ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ വ്യക്തമാക്കി. ഒഡീഷയിലെ പുരി, കർണാടകയിലെ ശൃംഗേരി, ഗുജറാത്തിലെ ദ്വാരക പീഠാധിപതികളും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങ് രാഷ്ട്രീയമാണെന്നു പുരിയിലെ സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. പ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രി ശ്രീകോവിലിൽ കയറി വിഗ്രഹം തൊടും. അതിനെ എതിർക്കുന്നില്ലെങ്കിലും താന്ത്രിക വിധിപ്രകാരമാണു ചടങ്ങുകൾ നടത്തേണ്ടത്. അതിനാൽ പങ്കെടുക്കില്ല – അദ്ദേഹം പറഞ്ഞു. 

രാമക്ഷേത്രം നേരത്തേ തന്നെയുണ്ടെന്നും അതിന്റെ നിർമാണം മതത്തിന്റെ വിജയമല്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. രാജ്യത്ത് ഗോഹത്യ പൂർണമായി നിർത്തുമ്പോൾ അയോധ്യയിലേക്കു സന്തോഷത്തോടെ പോകും’– അദ്ദേഹം പറഞ്ഞു.

ക്ഷേത്രനിർമാണത്തിൽ ശൃംഗേരി മഠാധിപതി സ്വാമി ഭാരതിതീർഥ അസംതൃപ്തി പ്രകടിപ്പിച്ചുവെന്ന വാർത്ത മഠം നിഷേധിച്ചു. എന്നാൽ ചടങ്ങിൽ പങ്കെടുക്കുമോയെന്നു വ്യക്തമാക്കിയിട്ടില്ല. ദ്വാരകയിലെ മഠാധിപതി സ്വാമി സദാനന്ദസരസ്വതി ചടങ്ങ് സനാതനധർമ പ്രകാരം നടക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

ദ്വാരക, ശൃംഗേരി മഠാധിപതികൾ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്തതായി വിഎച്ച്പി നേതാവ് ആലോക് കുമാർ പറഞ്ഞു. ശങ്കരാചാര്യന്മാർ അവരുടെ സൗകര്യം പോലെ ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരെ രാമക്ഷേത്ര ട്രസ്റ്റ് ചടങ്ങിനു ക്ഷണിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ എന്നിവരെ കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു.

മൊറീഷ്യസിൽ അവധി

പോർട്ട് ലൂയിസ് ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ സമയത്ത്, മൊറീഷ്യസിലെ ഹിന്ദുവിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് 2 മണിക്കൂർ പ്രത്യേക അവധി പ്രഖ്യാപിച്ചു. 

വരുന്നവർക്ക് മണ്ണ്  സമ്മാനം

ന്യൂഡൽഹി ∙ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ കുഴിച്ചെടുത്ത മണ്ണ് പ്രാണപ്രതിഷ്ഠാ ദിനത്തിൽ വരുന്നവർക്ക് സമ്മാനമായി നൽകുമെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ലഡ്ഡു, സരയൂ നദിയിലെ ജലം എന്നിവയും പ്രസാദമായി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷേത്രത്തിന്റെ 15 മീറ്റർ നീളമുള്ള ചിത്രം സമ്മാനിക്കും. 

നേപ്പാളിലെ 16 പുണ്യനദികളിൽ നിന്നുള്ള ജലം വലിയ കലശത്തിലാക്കി കർസേവ പുരത്തെ കാര്യശാലയിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്കു ശേഷം ഇതു കൊണ്ടായിരിക്കും അഭിഷേകം. ജോധ്പുരിലെ സാന്ദീപനി മഹർഷി ഗോശാലയിലെ കാമധേനു പശുക്കളുടെ 630 കിലോ നെയ്യും അഭിഷേകത്തിനായി ഒരുക്കിയിട്ടുണ്ട്.  അയോധ്യയിലെ രാമക്ഷേത്രം താനടക്കം നിരവധി സംഘപരിവാർ പ്രവർത്തകരുടെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ബിജെപി നേതാവ് എൽ.കെ.അഡ്വാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തുന്നത് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയായിട്ടാണെന്നും അഡ്വാനി പറഞ്ഞു. 

English Summary:

Swami Avimukteshwaranand has clarified that he will not participate in the ceremony of Ram Temple in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com