അജ്ഞാത മൃതദേഹങ്ങളുടെ ഡിഎൻഎ പ്രൊഫൈൽ; സുപ്രീം കോടതി നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ അജ്ഞാത മൃതദേഹങ്ങളിൽ നിന്നു ഡിഎൻഎ പ്രൊഫൈൽ ശേഖരിച്ചു സൂക്ഷിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. മൃതദേഹങ്ങൾ മറവു ചെയ്താലും ഭാവിയിൽ ആളെ തിരിച്ചറിയേണ്ട സാഹചര്യമുണ്ടെങ്കിൽ ഇതു സഹായകമാകുമെന്നാണ് ഹർജിയിലെ വാദം. 40,000 അജ്ഞാത മൃതദേഹങ്ങൾ പ്രതിവർഷം കണ്ടെത്തുന്നുണ്ടെന്ന കണക്കും ഹർജിയിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന് 2018 ൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കുംമുൻപ് കാലാവധി കഴിഞ്ഞു. വീണ്ടും അവതരിപ്പിച്ച ബിൽ കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടുകയും സർക്കാർ പിൻവലിക്കുകയും ചെയ്തുവെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിനു നിർദേശം നൽകാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അറിയിച്ചു. ഡിഎൻഎ ശേഖരണമാണു ഹർജിയിലെ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് സർക്കാരിന്റെ പ്രതികരണം തേടിയത്. ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കും.