ADVERTISEMENT

∙കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന ഒട്ടേറെ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഇന്നുച്ചവരെ അവധി പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം അവധി നൽകിയത് ആദ്യമായാണ്. ആം ആദ്മി സർക്കാർ ഡൽഹിയിൽ ഉച്ചവരെ പൊതുഅവധി പ്രഖ്യാപിച്ചു. ഡൽഹിയിൽ ആം ആദ്മി പാർട്ടി ശോഭായാത്രകൾ സംഘടിപ്പിക്കും. സമൂഹ അടുക്കളകൾ സജ്ജമാക്കി ജനങ്ങൾക്കായി അന്നദാനവും നടത്തും.  
അവധി പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ:
യുപി, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ചണ്ഡിഗഡ്, പുതുച്ചേരി, ഗോവ.
2.30 വരെ അവധി: ഹരിയാന, ത്രിപുര, ഒഡീഷ, രാജസ്ഥാൻ, ഗുജറാത്ത്.
സർക്കാർ ഓഫിസുകൾക്ക് പകുതി അവധിയും സ്കൂളുകൾക്ക് മുഴുവൻ അവധിയും: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, അസം, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്.
ഡ്രൈ ഡേ
യുപി, രാജസ്ഥാൻ, അസം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ത്രിപുര, ഹരിയാന എന്നിവിടങ്ങളിൽ ഇന്നു മദ്യവിൽപന വിലക്കി. മധ്യപ്രദേശ്, യുപി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഇറച്ചിവിൽപനയ്ക്ക് ഇന്നു നിരോധനമുണ്ട്. ഡൽഹി, അസം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഉച്ചവരെ ഹോട്ടലുകളിൽ മാംസഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന നിർദേശവുമുണ്ട്.  
പ്രഖ്യാപിച്ച അവധി പിൻവലിച്ച് എയിംസ്
ന്യൂഡൽഹി∙ അയോധ്യ പ്രാണ പ്രതിഷ്ഠാ ദിവസം അവധി പ്രഖ്യാപിച്ച ഡൽഹി എയിംസ് തീരുമാനം പിൻവലിച്ചു. ഇന്നുച്ചയ്ക്ക് 2.30 വരെ അടിയന്തര സേവനങ്ങളൊഴികെയുള്ള പ്രവർത്തനങ്ങൾക്ക് അവധിയായിരിക്കുമെന്നാണ് എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ രാജേഷ് കുമാർ ശനിയാഴ്ച ഇറക്കിയ സർക്കുലറിൽ പറഞ്ഞത്. 

ആശുപത്രി പ്രവർത്തനം നിർത്തിവയ്ക്കുന്നതിനെതിരെ വിമർശനവുമായി കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയതോടെ ഒപി ഉൾപ്പെടെ എല്ലാ വിഭാഗവും ഇന്നു പ്രവർത്തിക്കുമെന്നു വ്യക്തമാക്കി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പുതിയ സർക്കുലർ ഇറക്കി. 

കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി റാം മനോഹർ ലോഹ്യ, ലേഡി ഹാർഡിങ് ആശുപത്രികൾ ഇന്നുച്ചയ്ക്ക് 2.30 വരെ അടിയന്തര സേവനങ്ങൾക്കൊഴികെ അവധി പ്രഖ്യാപിച്ചിരുന്നു. രണ്ടിടത്തും രാവിലെ എട്ടുമുതൽ ഒപി പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതുച്ചേരി ജിപ്മർ ആശുപത്രിക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്നുച്ചയ്ക്ക് 2.30 വരെ ശസ്ത്രക്രിയകളൊന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലെന്നും അടിയന്തര സേവനങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ജിപ്മറിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ ക്ഷണക്കത്ത്
മുംബൈ ∙ ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷൻ ഉദ്ധവ് താക്കറെയെ പ്രാണപ്രതിഷ്ഠാചടങ്ങിലേക്കു ക്ഷണിച്ച് സ്പീഡ്പോസ്റ്റിൽ കത്ത്. ക്ഷണിച്ചെന്നു വരുത്തിത്തീർക്കാനാണ് അവസാനനിമിഷം ഇത്തരത്തിൽ ചെയ്തതെന്നും ഉദ്ധവ് പങ്കെടുക്കില്ലെന്നും ശിവസേന അറിയിച്ചു. 

ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നില്ലെന്നും മന്ത്രിസഭാ അംഗങ്ങളും തന്റെ പക്ഷത്തെ എംഎൽഎമാരും എംപിമാരുമായി മറ്റൊരു ദിവസം രാമക്ഷേത്രം സന്ദർശിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു
ഇന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ പ്രതികൂലവിധി അരുത്
ന്യൂഡൽഹി ∙ അയോധ്യയിലെ ക്ഷേത്രപ്രതിഷ്ഠാദിനമായ ഇന്ന് അഭിഭാഷകർ കോടതിയിൽ ഹാജരായില്ലെങ്കിൽ പ്രതികൂല വിധി ഉണ്ടാകരുതെന്നഭ്യർഥിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനു കത്തു നൽകി. കോടതിക്ക് ഇന്ന് അവധി ആവശ്യപ്പെട്ട് അഭിഭാഷകർ കഴിഞ്ഞ ദിവസം കത്തു നൽകിയെങ്കിലും ലഭിച്ചിരുന്നില്ല.

English Summary:

Ayodhya Ram Temple: Consecration Holiday Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com