ADVERTISEMENT

∙അയോധ്യയിൽ എല്ലാ വഴികളുമെത്തുന്നതു രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന വേദിയിലേക്കാണ്. പാതയോരങ്ങളിലെല്ലാം ആഘോഷമേളങ്ങൾ. മൈക്കിലൂടെ സദാസമയവും രാമകഥാ പ്രഭാഷണങ്ങളും കീർത്തനങ്ങളും. ചെറുക്ഷേത്രങ്ങളിലൊക്കെ ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും. ആനന്ദനൃത്തമാടി നീങ്ങുന്ന ഭക്തസംഘങ്ങൾ. പുഷ്പാലങ്കാരങ്ങൾ, വർണവിളക്കുകൾ. വിളക്കുകാലുകളിൽ എൽഇഡി ലൈറ്റിൽ തീർത്ത രാമരൂപങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അഭിവാദ്യമർപ്പിച്ചുള്ള വലിയ ബോർഡുകളുമുണ്ട് പാതയോരങ്ങളിൽ. മിക്കയിടത്തും സൗജന്യ ഭക്ഷണ വിതരണത്തിന്റെ തിരക്ക്. 

വിദേശങ്ങളിൽനിന്നടക്കം ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്കുശേഷം അതു കോടികളാകുമെന്നാണ് പ്രതീക്ഷ. അയോധ്യയുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാകും. 

ഇപ്പോൾത്തന്നെ അതു പ്രകടമാണ്. രണ്ടു വാഹനങ്ങൾ നേർക്കുനേർ വന്നാൽ ഗതാഗതക്കുരുക്കുണ്ടാകുന്ന റോഡുകളെല്ലാം രാജപാതകളായി. ക്ഷേത്രത്തിലേക്കു പോകുന്ന റാം പഥ് തന്നെ ഉദാഹരണം. പാതയ്ക്കിരുവശവും ഒരേ രൂപത്തിലുള്ള കെട്ടിടങ്ങൾ. യുപി സർക്കാരും അയോധ്യ മുനിസിപ്പൽ കോർപറേഷനും ചേർന്നാണു കെട്ടിടങ്ങളുടെ മുൻഭാഗങ്ങളെല്ലാം മിനുക്കിയെടുക്കുന്നത്. കയ്യേറ്റങ്ങളെല്ലാം യോഗി ആദിത്യനാഥ് സർക്കാർ ഒഴിപ്പിച്ചെടുത്തു. ഫൈസാബാദ്– അയോധ്യ ഇരട്ടനഗരങ്ങൾക്ക് ഇപ്പോൾ ഒറ്റപ്പേര്; അയോധ്യ. 

അയോധ്യയുടെ തുടക്കം മുതൽ മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങും. ബൈപാസ് ചേരുന്നിടത്ത് നയാഘാട്ടിലെ ലതാ മങ്കേഷ്കർ ചൗക്കിനടുത്തുവരെ വാഹനങ്ങളിലെത്താം. 24 മണിക്കൂറും ലതയുടെ മധുരസ്വരത്തിൽ ‘രാം ധുൻ’ മുഴങ്ങുന്ന ചൗക്കിൽ വലിയ വീണയുടെ ശിൽപമുണ്ട്. 

അതിനടുത്താണു ദീപാവലി ആഘോഷങ്ങൾ നടക്കുന്ന ‘റാം കി പൈഡി.’ ഇരുവശത്തുമുള്ള പടിക്കെട്ടുകളിലിരുന്നു സരയൂ നദിയുടെ സൗന്ദര്യം കാണാം. രാത്രികളിൽ വിവിധ വർണങ്ങളിൽ തിളങ്ങുന്ന അയോധ്യയുടെ പശ്ചാത്തലത്തിൽ മ്യൂസിക്കൽ ഫൗണ്ടനും ബിഗ് സ്ക്രീനിലെ രാമകഥയും കാണാം. ‘ഐ ലവ് അയോധ്യ’ എന്ന കൂറ്റൻ‍ ബോർഡിനരികിൽനിന്നു പടമെടുക്കാം. 

തൊട്ടപ്പുറത്തു സന്ധ്യയ്ക്കു സരയൂ നദിയിലെ ആരതിയുണ്ട്. വാരാണസിയുടെ അത്ര തിരക്കിപ്പോഴില്ലെങ്കിലും വൈകാതെ ആ തലത്തിലേക്കുയരാനുള്ള സാധ്യതയേറെ.

പുതിയ അധ്യായത്തിനാണ് ഇന്നു തുടക്കം കുറിക്കുന്നതെന്ന് ഓരോ അയോധ്യാവാസിക്കുമറിയാം. ക്ഷേമകരമായ ‘രാമരാജ്യ’മാകും അയോധ്യയെന്നാണ് അവരുടെ പ്രതീക്ഷ. ഹനുമാൻഘഡി ക്ഷേത്രപരിസരത്തു ചായ വിൽക്കുന്ന ശ്യാം ലാൽ മുതൽ റാം പഥിൽ ശ്രീരാമരൂപങ്ങളും കൊടിയുമൊക്കെ വിൽക്കുന്ന സയീദ് അർമാൻ വരെ ജീവിതത്തിന്റെ പുതിയ കഥാനുഭവങ്ങൾക്കു കാത്തിരിക്കുകയാണ്.
10 ലക്ഷം ദീപങ്ങൾ
അയോധ്യയിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിനുള്ള പാസില്ലാത്ത ആരെയും നഗരത്തിലേക്കു പ്രവേശിപ്പിക്കുന്നില്ല. പൂക്കളാലും ദീപങ്ങളാലും അലങ്കരിച്ച നഗരത്തിൽ ഇന്നു വൈകിട്ട് 10 ലക്ഷം ദീപങ്ങൾ തെളിക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമുണ്ടാവും. 1100 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്. ഒന്നാം നിലയും രണ്ടാം നിലയുമടക്കം 300 കോടി രൂപയുടെ ജോലികൾ കൂടി പൂർത്തീകരിക്കാനുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. 

English Summary:

Ayodhya Ram Temple: Consecration ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com