ADVERTISEMENT

ന്യൂഡൽഹി ∙ കർപൂരി ഠാക്കുറിന്റെ പിന്തുടർച്ചാവകാശത്തെച്ചൊല്ലി ബിഹാറിൽ ജെഡിയുവും ബിജെപിയും തർക്കിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഭാരതരത്നം നൽകാനുള്ള തീരുമാനം. പിന്നാക്ക വിഭാഗ ശാക്തീകരണത്തിന്റെയും സാമൂഹികനീതിയുടെയും വക്താക്കളായി ഇന്ത്യ മുന്നണിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ശബ്ദമുയർത്തുന്നതിനെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ ശ്രമം ഇതിൽ വ്യക്തമാണ്.

നയ് എന്ന അതിപിന്നാക്ക വിഭാഗത്തിൽനിന്നാണ് കർപൂരി ഠാക്കുർ. അദ്ദേഹത്തിന്റെ മകൻ റാം നാഥ് ഠാക്കുർ നിലവിൽ രാജ്യസഭാംഗവും ജെഡിയു ജനറൽ സെക്രട്ടറിയുമാണ്. പട്നയിൽ കർപൂരി ഠാക്കൂറിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ തങ്ങൾക്ക് അനുവദിച്ച സ്ഥലത്ത് ജെഡിയുക്കാർ പന്തലുയർത്തി എന്നാരോപിച്ച് ബിജെപി പ്രതിഷേധത്തിലാണ്.  

കർപൂരി ഠാക്കുറിന് ഭാരതരത്നം നൽകാൻ രാഷ്ട്രപതി തീരുമാനിച്ചെന്ന അറിയിപ്പു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായി സർക്കാർ പുറത്തുവിട്ട ശ്രദ്ധാഞ്ജലിക്കുറിപ്പിൽ നടപടിയുടെ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ സൂചനയുണ്ട്. കർപൂരി ഠാക്കുറിനെപ്പോലെയുള്ള ചുരുക്കം നേതാക്കൾ ഒഴികെയുള്ളവർ സാമൂഹിക നീതിക്കായുള്ള ആഹ്വാനം രാഷ്ട്രീയ മുദ്രാവാക്യം മാത്രമാക്കി ഒതുക്കിയത് രാഷ്ട്രീയത്തിലെ വലിയ ദുരന്തങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എന്നാൽ, കർപൂരി ഠാക്കൂറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തങ്ങൾ സാമൂഹിക നീതിയെ ഫലപ്രദമായ ഭരണമാതൃകയായി നടപ്പാക്കി; അദ്ദേഹം തെളിച്ച പാതയിലൂടെയാണ് സർക്കാർ കഴിഞ്ഞ 10 വർഷം നടന്നത്. കോൺഗ്രസ് സ്ഥാപക തത്വങ്ങളിൽനിന്നു വ്യതിചലിച്ചെന്ന് ബോധ്യപ്പെട്ടതിനാലാണ് കർപൂരി ഠാക്കൂർ വ്യക്തമായ കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

English Summary:

Bharat Ratna politics in between JDU-BJP tussle regarding Karpoori Thakur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com