ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ മുന്നണിയിൽ സംഭവിക്കുന്ന കാര്യങ്ങൾ അപ്രതീക്ഷിതം എന്നു പറയാൻ വയ്യ. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായും കോൺഗ്രസ് സീറ്റ് പങ്കിടുന്ന കാര്യത്തിൽ തർക്കമുണ്ടാകുമെന്ന്  തുടക്കം മുതലേ സൂചനകളുണ്ടായിരുന്നു. മമത ബാനർജിയുടെയും ഭഗവന്ത് മാനിന്റെയും പരാമർശങ്ങളുടെ പേരിൽ, ഇന്ത്യ മുന്നണി തകർന്നുവെന്ന് ബിജെപി കൊട്ടിഘോഷിക്കുന്നതും സ്വാഭാവികം. 

തൃണമൂലുമായി ബംഗാളിലും ആം ആദ്മിയുമായി പഞ്ചാബിലും സഖ്യം വേണ്ടെന്ന് ഈ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങൾ നേരത്തെതന്നെ നിലപാടെടുത്തിട്ടുള്ളതാണ്. ബിജെപി പ്രബലമല്ലാത്ത സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ തമ്മിൽ മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഇന്ത്യ മുന്നണിയിൽ ധാരണയുമുണ്ടായിരുന്നു. കേരളവും പഞ്ചാബുമാണ് ഇതിന് ഉദാഹരണമായി പറഞ്ഞത്.

ബംഗാളിൽ ബിജെപി മുഖ്യപ്രതിപക്ഷമാണ്; കോൺഗ്രസിനും സിപിഎമ്മിനും ശക്തി പരിമിതമാണ്. എങ്കിലും, കോൺഗ്രസ് ഒപ്പമുണ്ടെങ്കിൽ തങ്ങൾക്കു ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് തൃണമൂലിനുള്ളത്. അതുകൊണ്ടുതന്നെ കോൺഗ്രസുമായി മമത ബാനർജി സഖ്യം താൽപര്യപ്പെട്ടു. പരമാവധി പാർട്ടികൾ ഒരുമിച്ചെന്ന പ്രതീതിയുണ്ടാക്കാൻ താൽപര്യപ്പെടുന്ന കോൺഗ്രസ് ദേശീയ നേതൃത്വവും സഖ്യത്തെ അനുകൂലിച്ചു. 

എന്നാൽ, മമത ഭരണവിരുദ്ധ വികാരം നേരിടുന്നുവെന്നും സഖ്യമുണ്ടാക്കിയാൽ തങ്ങളുടെ പരിമിതമായ വിജയശേഷിയെത്തന്നെ അതു ബാധിക്കുമെന്നുമാണ് ബംഗാൾ കോൺഗ്രസ് വിലയിരുത്തിയത്. മുന്നണി കക്ഷികളെല്ലാം ഒരുമിച്ചു നിന്നാൽ പ്രതിപക്ഷത്തിന്റെ ഇടമത്രയും ബിജെപി കൈയടക്കുമെന്ന സിപിഎമ്മിന്റെ ഉപദേശവും അവരെ സ്വാധീനിച്ചു. കോൺഗ്രസുമായി സഹകരിച്ചല്ലാതെ മത്സരിക്കുന്നത് ആലോചിക്കാൻപോലും സിപിഎമ്മിനാവില്ല. ഒരേസമയം തൃണമൂലുമായും സിപിഎമ്മുമായി സഹകരിച്ച് മുന്നോട്ടുപോകാനുള്ള മാർഗമാവാം കോൺഗ്രസ് ദേശീയ നേതൃത്വം ഇനി ആലോചിക്കുക.

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിന് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ ഇന്ത്യ മുന്നണിയിലെ സഹകരണത്തിന്റെ തുടക്കമെന്നാണ് ആം ആദ്മി നേതാക്കൾ വിശേഷിപ്പിച്ചത്. എന്നാൽ, പഞ്ചാബിൽ ശക്തി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ ആം ആദ്മിയുമായി സഖ്യം വേണ്ടെന്നാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ വാദിക്കുന്നത്. മറ്റൊരു പ്രതിപക്ഷം രൂപപ്പെടുന്നത് അവർ താൽപര്യപ്പെടുന്നില്ല. അതേസമയം ഡൽഹിയിൽ 4 സീറ്റ് ആം ആദ്മിക്ക്, 3 കോൺഗ്രസിന് എന്ന ധാരണയിൽ ചർച്ച പുരോഗമിക്കുകയുമാണ്. 

ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കില്ല എന്നല്ലാതെ, ഇന്ത്യ മുന്നണിയിൽ തൃണമൂൽ ഇനി ഇല്ലെന്ന് മമത പറയുന്നില്ല. ബാക്കി കാര്യങ്ങൾ തിരഞ്ഞെടുപ്പിനുശേഷം നോക്കാമെന്നു മമത പറഞ്ഞതിനെ, മുന്നണി വിട്ടു എന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുന്നുണ്ടെന്നു മാത്രം. അസമിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചർച്ചയിൽനിന്ന് തൃണമൂൽ വിട്ടുനിന്നിരുന്നു. കോൺഗ്രസ് സീറ്റ് ചർച്ച വൈകിപ്പിക്കുന്നു എന്നതാണ് അതിനു പറഞ്ഞ കാരണം. എന്നാൽ, ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസ്ഥാനത്തെ തൃണമൂൽ പ്രവർത്തകർ പങ്കെടുത്തു. സീറ്റ് ചർച്ചകളിലെ തർക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ മുന്നണി തകർന്നെന്ന വാദം ബിജെപി ഉന്നയിക്കുന്നത്. എൻഡിഎയിലെ സീറ്റ് ചർച്ച തുടങ്ങിയോ എന്നുപോലും അവർ പറയുന്നുമില്ല.

English Summary:

India alliance keeps doors open for negotiations regarding seat sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com