ADVERTISEMENT

കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭീഷണി മുഴക്കി. അണികളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, കനയ്യ കുമാർ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം ഗുവാഹത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഹിമന്തയുടെ പ്രഖ്യാപനം. 

അതേസമയം, രാജ്യത്തെ എറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്ന് ആരോപിച്ച രാഹുൽ തനിക്കെതിരെ കൂടുതൽ കേസ് ചുമത്താൻ പൊലീസിനെ വെല്ലുവിളിച്ചു. ‘പൊലീസിന് 25 കേസുകൾ കൂടി ഇനിയും ചുമത്താം, കേസുകൾ കൊണ്ട് ബിജെപിക്കും ആർഎസ്എസിനും എന്നെ ഭയപ്പെടുത്താനാവില്ല’– അദ്ദേഹം പറഞ്ഞു.

അസമിലെ ന്യൂനപക്ഷ മേഖലയായ ബർപേട്ട, ദുബ്രി മേഖലകളിൽ എത്തിയ ന്യായ് യാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഭൂമി തട്ടിയെടുക്കുന്നയാളാണ് അസം മുഖ്യമന്ത്രിയെന്ന് രാഹുൽ ആരോപിച്ചു. അടയ്ക്ക കച്ചവടം ഹിമന്തയുടെ കയ്യിലാണ്. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹിമന്തയുടെയും മനസ്സ് വെറുപ്പുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അസമിന്റെ ഭാഷയെയും സംസ്കാരത്തെയും നാഗ്പൂരിന് അടിയറവച്ചിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. 

നേരത്തേ മേഘാലയ സന്ദർശനം പൂർത്തിയാക്കിയ രാഹുലിന് ഗുവാഹത്തി നഗരത്തിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരുന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ തകർത്തു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ യാത്ര പിന്നീട് ബൈപാസിലൂടെ തുടരുകയായിരുന്നു. 

രാഹുലിനെതിരെയുള്ള കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഹിമന്ത പറഞ്ഞു. നക്സൽ രീതിയിലുള്ള സമരമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. ന്യായ് യാത്ര ഇന്ന് കൂച്ച് ബിഹാർ വഴി ബംഗാളിൽ പ്രവേശിക്കും. നാളെയും 27നും വിശ്രമിച്ച ശേഷം 28നു യാത്ര പുനരാരംഭിക്കും. 31 വരെയാണു ബംഗാൾ പര്യടനം. 

സുരക്ഷയൊരുക്കണം; അമിത്ഷായ്ക്ക് ഖർഗെയുടെ കത്ത്

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്തയച്ചു. രാഹുലിന്റെ സുരക്ഷാവലയം പലതവണ ഭേദിക്കാൻ ബിജെപി പ്രവർത്തകരെ പൊലീസ് അനുവദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ പ്രവൃത്തി രാഹുലിന്റെ സുരക്ഷ അപകടത്തിലാക്കി. സംസ്ഥാനത്ത് രാഹുലിന്റെ സുരക്ഷാവലയം ഭേദിക്കപ്പെട്ട 5 സംഭവങ്ങൾ ഖർഗെ വിവരിച്ചു.

English Summary:

Assam Chief minister says Rahul Gandhi will be arrested after elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com