ADVERTISEMENT

ഒരോ റിപ്പബ്ലിക് ദിനാഘോഷത്തിലും ആരായിരിക്കണം വിശിഷ്ടാതിഥി എന്നത് ഇന്ത്യയുടെ വിദേശനയംകൂടി വെളിവാക്കുന്ന ഘടകമാണ്. രാഷ്ട്രീയ–സാമ്പത്തിക–നയതന്ത്ര–വാണിജ്യ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഓരോ വർഷവും വിശിഷ്ടാതിഥിയെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തിന്റെ  ഓരോ കാലത്തെയും നിലപാടുകൾ ലോകത്തിനുമുന്നിൽ വെളിപ്പെടുത്തുന്ന തരത്തിലാണ് ഈ തിരഞ്ഞെടുപ്പ്.  വിദേശബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനും നയതന്ത്രരംഗത്ത് ചില തീരുമാനങ്ങൾക്ക് അടിവരയിടാനും ഇന്ത്യയ്ക്കൊപ്പം നിന്നതിനു നന്ദി പ്രകടിപ്പിക്കാനും വിശിഷ്ടാതിഥികളുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്്. 

26 ജനുവരി

ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കൂടിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 1929ലെ ലഹോർ സമ്മേളനത്തിൽ ത്രിവർണപതാക ഉയർത്തിയാണ് പൂർണസ്വാതന്ത്ര്യം (പൂർണസ്വരാജ്) എന്ന ആവശ്യം മുന്നോട്ടുവച്ചത്. 1930 ജനുവരി 26 ഇന്ത്യയാകെ സമ്പൂർണസ്വാതന്ത്ര്യദിനമായി ആചരിക്കണമെന്ന സുപ്രധാന തീരുമാനവും ആ യോഗത്തിൽ കൈക്കൊണ്ടു. അതിന്റെ ഓർമയിലാണ് 1950 ജനുവരി 26 തന്നെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്.

nehru

തുടക്കമിട്ട് നെഹ്റു

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വിദേശ രാഷ്ട്രത്തലവൻമാരെ ക്ഷണിക്കുകയെന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ആശയമായിരുന്നു. 1950ൽ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായെത്തിയത് ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ഡോ.സുകാർണോയാണ്. 

അതിഥികളില്ലാതെ

1952ലും 1953ലും 1966ലും  വിശിഷ്‌ടാതിഥിയില്ലാതെയാണ് റിപ്പബ്ലിക് ആഘോഷങ്ങൾ നടന്നത്.  കോവിഡ് വ്യാപനം മൂലം 2021ലും 2022ലും വിശിഷ്ടാതിഥികൾ ഇല്ലായിരുന്നു.

queen-elizabeth

ആദ്യ വനിത

വിശിഷ്ടാതിഥിയായി എത്തിയ ആദ്യ വനിത എലിസബത്ത് രാജ്ഞിയാണ് (ബ്രിട്ടൻ, 1961). സിരിമാവോ ബന്ദാരനായകെ (ശ്രീലങ്ക, 1974), യിങ്‌ലക് ഷിനവത്ര (തായ്‌ലൻഡ്, 2012) ഓങ് സാങ് സൂ ചി (മ്യാൻമർ, 2018) എന്നിവരാണു വിശിഷ്ടാതിഥികളായി പങ്കെടുത്ത  മറ്റു വനിതാ നേതാക്കൾ.

mandela

മണ്ടേല വന്നപ്പോൾ

ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡന്റ്  നെൽസൻ മണ്ടേല (1994–99) 27 വർഷത്തെ ജയിൽവാസത്തിനു ശേഷം 1990ലാണ് മോചിതനായത്.  1994ൽ അദ്ദേഹം അവിടെ പ്രസിഡന്റായി.  തൊട്ടടുത്ത റിപ്പബ്ലിക് ദിനത്തിന് (1995) മണ്ടേല ഇന്ത്യയുടെ വിശിഷ്‌ടാതിഥിയായി. 2019ൽ മറ്റൊരു ദക്ഷിണാഫ്രിക്കൻ അതിഥി കൂടി, പ്രസിഡന്റ് സിറിൽ റമഫോസ.

∙ ∙ ഇരട്ട അതിഥികൾ

1956ലാണ് ആദ്യമായി രണ്ട് അതിഥികൾ വന്നത്. അന്ന് യുകെ Chancellor of the Exchequer റിച്ചഡ് ബട്‌ലർ, ജപ്പാൻ ചീഫ് ജസ്റ്റിസ് കൊടരോ തനക എന്നിവർ പങ്കെടുത്തു. 1968ലും രണ്ടു പേരെത്തി:  സോവിയറ്റ് യൂണിയന്റെ നേതാവ് അലക്‌സി കൊസീഗിനും യുഗോസ്ലാവിയൻ പ്രസിഡന്റ് ജോസഫ് ബ്രോസ് ടിറ്റോയും. 1974ൽ ജോസഫ് ബ്രോസ് ടിറ്റോ ഒരിക്കൽക്കൂടി അതിഥിയായെത്തി. അത്തവണ ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയായിരുന്നു മറ്റൊരു വിശിഷ്ടാതിഥി.  2018ൽ ആസിയാൻ രാഷ്ട്രങ്ങളിൽനിന്നുള്ള 10 നേതാക്കൾ അതിഥികളായി എത്തി.

obama

യുഎസ് പ്രസിഡന്റ്

 റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ഏക യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് (2015).

പാക്ക് അതിഥികൾ

1955ൽ ആദ്യമായി രാജ്‌പഥിൽ പരേഡ് ആരംഭിച്ചപ്പോൾ പാക്കിസ്‌ഥാനിലെ ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു വിശിഷ്‌ടാതിഥി. 1965ൽ  പാക്ക് ഭക്ഷ്യ– കാർഷിക മന്ത്രി റാണ അബ്‌ദുൽ ഹാമിദ് അതിഥി ആയെത്തി. എന്നാൽ ഏതാനും മാസം കഴിഞ്ഞപ്പോൾ 1965ലെ ഇന്ത്യാ–പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

philip

അതിഥി, പങ്കാളി

1959ൽ എഡിൻബറയിലെ ഡ്യൂക്ക് എന്ന നിലയിൽ വിശിഷ്ടാതിഥിയായിരുന്നു ബ്രിട്ടനിലെ ഫിലിപ് രാജകുമാരൻ. 1961ൽ എലിസബത്ത് രാജ്ഞിയായിരുന്നു മുഖ്യാതിഥി. 

  അവരുടെ ഭർത്താവെന്ന നിലയിൽ ഫിലിപ് രാജകുമാരൻ  അന്നും ഡൽഹിയിലെത്തി. 

English Summary:

Writeup about Guest in Republic day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com